ഉക്രെയ്നില്‍ നിന്നുള്ള പലായനം 20 ലക്ഷം കടന്നതായി യു.എന്‍; നാട് വിട്ടവരില്‍ ഒരു ലക്ഷത്തിലേറെ വിദേശികള്‍

ഉക്രെയ്നില്‍ നിന്നുള്ള പലായനം 20 ലക്ഷം കടന്നതായി യു.എന്‍;  നാട് വിട്ടവരില്‍ ഒരു ലക്ഷത്തിലേറെ വിദേശികള്‍

ജനീവ: റഷ്യ - ഉക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉക്രെയ്നില്‍ നിന്ന് 20 ലക്ഷത്തിലധികം ആളുകള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി യുഎന്‍. നാട് വിട്ടവരില്‍ ഒരു ലക്ഷത്തിലേറെ വിദേശികളാണ്. 2,011,312 പേര്‍ പ്രാണരക്ഷാര്‍ത്ഥം ഉക്രെയ്ന്‍ അതിര്‍ത്തികള്‍ കടന്നതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ അതിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

യുഎന്‍എച്ച്‌സിആര്‍ മേധാവി ഫിലിപ്പോ ഗ്രാന്‍ഡി 'ഞെട്ടിപ്പിക്കുന്ന നാഴികക്കല്ല്' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. 'ഈ അചഞ്ചലമായ സ്ഥിതിവിവരക്കണക്കുകള്‍ക്ക് പിന്നില്‍ വേര്‍പിരിയലിന്റെയും വേദനയുടെയും നഷ്ടത്തിന്റെയും രണ്ട് ദശലക്ഷം കഥകളുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു. 'ക്രൂരമായ യുദ്ധം' മൂലം കുടുംബങ്ങള്‍ 'വിവേചനരഹിതമായി വേര്‍പിരിഞ്ഞു', 'നിരാശയിലേക്കും സങ്കല്‍പ്പിക്കാനാവാത്ത കഷ്ടപ്പാടുകളിലേക്കും' മുങ്ങിയിരിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

റഷ്യന്‍ സൈന്യം ഉക്രെയ്നില്‍ ആക്രമണം ശക്തമാക്കുമ്പോള്‍, പ്രത്യേകിച്ച് തലസ്ഥാനമായ കീവിലേക്ക് അടുക്കുമ്പോള്‍ അഭയാര്‍ഥി ഒഴുക്ക് ശക്തമാകുമെന്ന് അധികാരികളും യുഎന്നും പ്രതീക്ഷിക്കുന്നു. റഷ്യന്‍ അധിനിവേശത്തിന് മുമ്പ് 3.7 കോടിയിലധികം പേരാണ് ഉക്രെയ്നില്‍ താമസിച്ചിരുന്നത്. നാടുവിട്ടവരെക്കൂടാതെ രാജ്യത്തിനകത്തെ ഇതര സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയവരും ലക്ഷക്കണക്കിന് പേരുണ്ട്.

പലായനം ചെയ്തവരില്‍ 1,03,000 മൂന്നാം രാജ്യക്കാരും ഉണ്ടെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു. 'രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന എണ്ണമറ്റ പതിനായിരക്കണക്കിന് ആളുകളുണ്ട്,' വിദേശ വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും പരാമര്‍ശിച്ച് ഐഒഎം വക്താവ് പോള്‍ ഡിലണ്‍ പറഞ്ഞു.

ഉക്രെയ്നില്‍ നിന്ന് പലായനം ചെയ്തവരില്‍ പകുതിയിലധികം പേരും ഇപ്പോള്‍ പോളണ്ടിലാണ്. തിങ്കളാഴ്ച മാത്രം 1,204,403 അഭയാര്‍ഥികള്‍ രാജ്യത്തുണ്ടെന്ന് യുഎന്‍എച്ച്‌സിആര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 176,800 എണ്ണം വര്‍ധിച്ചു. ഉക്രെയ്ന്‍ അഭയാര്‍ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് പോളണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.