വര്‍ക്കല ദുരന്തം: തീ പടര്‍ന്നത് ഹാളിലെ ടിവി സ്വിച്ചില്‍ നിന്ന്; വില്ലനായത് കാര്‍ബണ്‍ മോണോക്സൈഡ്

 വര്‍ക്കല ദുരന്തം: തീ പടര്‍ന്നത് ഹാളിലെ ടിവി സ്വിച്ചില്‍ നിന്ന്; വില്ലനായത് കാര്‍ബണ്‍ മോണോക്സൈഡ്

വര്‍ക്കല: വര്‍ക്കല ദുരന്തത്തില്‍ വില്ലനായത് കാര്‍ബണ്‍ മോണോക്സൈഡെന്ന് റിപ്പോര്‍ട്ട്. മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച രക്തസാമ്പിളുകളുടെ പരിശോധനാ ഫലം വന്നാലേ മരണകാരണം കൃത്യമായി ഉറപ്പിക്കാനാവൂ. ബെഡ് റൂമുകളിലും ഹാളിലും എ.സി ഘടിപ്പിച്ചിരുന്ന വീട്ടിലെ ഹാളിലെ ടി.വിയുടെ സ്വിച്ച് ബോര്‍ഡിരുന്ന ഭാഗത്തു നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. ടി.വിയുടെ സ്വിച്ച് ബോര്‍ഡിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപ്പൊരി ഹാളിലെ സോഫാ സെറ്റിയിലേക്കോ ജനാല കര്‍ട്ടനിലേക്കോ വീണിരിക്കാം.

സോഫാസെറ്റിയും വിന്‍ഡോ കര്‍ട്ടനും തീപിടിച്ചതോടെ മേല്‍ക്കൂരയിലെ സീലിംഗിലും മറ്റും തീ പടര്‍ന്നു. എ.സി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍ തീ ആളിപ്പടരാതെ നീറിയും പുകഞ്ഞും കത്തിക്കൊണ്ടിരുന്നത് വീട്ടിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള വിഷവാതകങ്ങള്‍ നിറയുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പത്തടി വലിപ്പമുള്ള മുറികളില്‍ തിങ്ങിനിറഞ്ഞ് ഫര്‍ണിച്ചറുകളും ഉണ്ടായിരുന്നു. സോഫ, ഡൈനിംങ് ടേബിള്‍, ജിപ്‌സം ബോര്‍ഡ് ഉപയോഗിച്ച് ചെയ്ത റൂഫ് സീലിംഗ് എന്നിവ തീപിടിത്തത്തിന്റെ വ്യാപ്തികൂട്ടി. വാതിലും ജനാലകളും അടച്ചിട്ടിരുന്നതും എ.സി ഉണ്ടായിരുന്നതിനാല്‍ എയര്‍ ഹോളുകള്‍ അടച്ചതും മുറികളില്‍ നിറഞ്ഞ വിഷവാതകങ്ങള്‍ പുറത്തുപോകുന്നതിനു തടസമായി.

വിഷവാതകം ശ്വസിച്ച് ആളുകള്‍ അബോധാവസ്ഥയിലായതാകാം തീപിടിത്തം അറിയാതിരിക്കാനിടയാക്കിയതെന്നാണ് പൊലീസിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും നിഗമനം. കറുത്തിരുണ്ട പുകച്ചുരുളുകള്‍ നിറഞ്ഞ വീട്ടിനുള്ളിലെ ശക്തമായചൂടില്‍ ശരീരം വരളുകയും വിഷവാതകം ഉള്ളില്‍ കടന്ന് ശ്വാസതടസവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുകയും ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് കരുതുന്നത്.

പഴയ വീട് കുറച്ചുകാലം മുമ്പാണ് പുതുക്കിപ്പണിതത്. പഴയ വയറിംങുകളും ഇലക്ട്രിക്കല്‍ ഫിറ്റിംങ്‌സുമാകാം ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായത്. മുറികളില്‍ നിന്നും സിറ്റൗട്ടില്‍ നിന്നും ശേഖരിച്ച ചാമ്പല്‍ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് വിഭാഗം പരിശോധനയ്ക്കായി പൊലീസിന് കൈമാറി. കോടതി മുഖാന്തരം ലാബിലേക്ക് കൈമാറുന്ന സാമ്പിളുകളുടെ ഫലവും മരണകാരണം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.