വീണ്ടും ആശങ്ക പരത്തി ചെര്‍ണോബില്‍; വിവരങ്ങള്‍ ലഭ്യമാകുന്നില്ല: അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി

വീണ്ടും ആശങ്ക പരത്തി ചെര്‍ണോബില്‍; വിവരങ്ങള്‍ ലഭ്യമാകുന്നില്ല: അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി


കീവ്: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ വീണ്ടും ആശങ്ക പരത്തി ചെര്‍ണോബില്‍ ആണവനിലയം. റഷ്യന്‍ സേന നിയന്ത്രണം കൈക്കലാക്കിയ ചെര്‍ണോബില്‍ ആണവനിലയവുമായി ആശയവിനിമയം നഷ്ടമായെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു. സ്ഥിതി ആശങ്കാജനകമാണെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി.

യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ചെര്‍ണോബില്‍ ആണവ നിലയം റഷ്യ പിടിച്ചെടുത്തിരുന്നു. റഷ്യയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് നിലയമിപ്പോള്‍. പ്രവര്‍ത്തിക്കാത്ത ആണവനിലയമാണെങ്കിലും, 200 ജീവനക്കാര്‍ ഇവിടെയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ നിന്നുള്ള ഒരു വിവരവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചത്.

നിലയം റഷ്യയുടെ നിയന്ത്രണത്തിലായ ശേഷം വിവരങ്ങള്‍ പതിയെ നിലച്ചതായാണ് ഏജന്‍സി വ്യക്തമാക്കുന്നത്. നിലയത്തിലെ ഇരുന്നൂറിലധികം സാങ്കേതിക ജീവനക്കാരും ഗാര്‍ഡുകളും അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു.

1986 ല്‍ ആണവദുരന്തത്തിന് ശേഷം അടച്ചിട്ടിരിക്കുന്ന ആണവനിലയമാണിത്. അടച്ചിട്ടിരിക്കുകയാണെങ്കിലും, നിലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി്ക്ക് ലഭിച്ചിരുന്നു. പ്രദേശത്തെ ആണവ വികിരണത്തിന്റെ തോത്, നിലയത്തിനുള്ളിലെ ആണവ വികിരണ വസ്തുക്കളുടെ തോത് തുടങ്ങിയ നിര്‍ണായകമായ വിവരങ്ങളാണ് ഏജന്‍സിക്ക് ലഭിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.