പഞ്ചാബില്‍ കരുത്തര്‍ക്ക് കാലിടറുന്നു; ചന്നിയും സിദ്ധുവും അമരീന്ദറും പിന്നില്‍

പഞ്ചാബില്‍ കരുത്തര്‍ക്ക് കാലിടറുന്നു; ചന്നിയും സിദ്ധുവും അമരീന്ദറും പിന്നില്‍

അമൃത്സര്‍: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ ജൈത്രയാത്രയില്‍ മറ്റ് പാര്‍ട്ടികളിലെ പ്രമുഖര്‍ക്കെല്ലാം കാലിടറുന്നു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ധു, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ എന്നിവരെല്ലാം പിന്നിലാണ്. സിദ്ധു അമൃത്സറില്‍ മൂന്നാംസ്ഥാനത്തേക്ക് വീണിരിക്കുകയാണ്.

അമൃത്സറില്‍ തന്നെ തോല്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിച്ചതായി ഇലക്ഷന്‍ കഴിഞ്ഞശേഷം സിദ്ധു ആരോപിച്ചിരുന്നു. ഇപ്പോഴത്തെ ഫലസൂചനകള്‍ കോണ്‍ഗ്രസ് വലിയ പൊട്ടിത്തെറിയിലേക്ക് പോകുമെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. രണ്ട് സീറ്റില്‍ മത്സരിച്ച ചരണ്‍ജിത്ത് സിംഗ് ചന്നിയും തോല്‍വിയിലേക്ക് നീങ്ങുന്നുണ്ട്. എന്തായാലും പഞ്ചാബ് കോണ്‍ഗ്രസ് വലിയ സംഘര്‍ഷത്തിലേക്കാണ് നീങ്ങുന്നത്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു പഞ്ചാബ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോഴും കേരളത്തിനൊപ്പം കോണ്‍ഗ്രസിനെ ചേര്‍ത്തുനിര്‍ത്തിയ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര പന്തിയല്ല.

ആപ്പിന്റെ മുന്നേറ്റത്തില്‍ ശിരോമണി അകാലിദളിനും തിരിച്ചടിയുണ്ടായിട്ടുണ്ട്. ബിജെപിക്ക് വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടാക്കാന്‍ സാധിച്ചുവെന്നതും കാണാതെ പോകരുത്. കര്‍ഷക പ്രക്ഷോഭം ബിജെപിയുടെ പഞ്ചാബിലെ ചെറിയ അടിത്തറ തകര്‍ക്കുമെന്ന് നിരീക്ഷകര്‍ പോലും അഭിപ്രായപ്പെട്ടിരുന്നു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെയാണ് പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. തുടക്കത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ കോണ്‍ഗ്രസിന് നേരിയ ആധിപത്യം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് എഎപി കളം പിടിക്കുകയായിരുന്നു.

അഭിപ്രായ സര്‍വേകളില്‍ ആരും വലിയ സാധ്യത കല്പിക്കാതിരുന്ന ശിരോമണി അകാലിദള്‍ ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. നിലവില്‍ 89 സീറ്റില്‍ ആപ്പും 13 ഇടത്ത് കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.