അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 11
സ്‌പെയിനിലെ കൊര്‍ദോവയിലെ ഒരു സെനറ്റര്‍ കുടുംബത്തിലായിരുന്നു ഇയൂളോജിയൂസ് ജനിച്ചത്. സുകൃതം കൊണ്ടും പഠന സാമര്‍ത്ഥ്യം കൊണ്ടും ചെറുപ്പം മുതല്‍ ശ്രദ്ധേയനായിരുന്നു ഇയൂളോജിയൂസ്. തന്റെ പഠനത്തിനായി അവന്‍ ഉപവസിക്കുകയും കഠിനമായി പ്രയത്‌നിക്കുകയും ചെയ്തു.
ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ 19 പുരോഹിതര്‍ക്കൊപ്പം രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സോയിലൂസ് പുരോഹിതന്റെ കീഴിലായിരുന്നു ഇയൂളോജിയൂസിന്റെ വിദ്യാഭ്യാസം. അധികം താമസിയാതെ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും കൊര്‍ദോവയിലെ സഭാ സ്‌കൂളിന്റെ തലവനായി നിയമിതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ വിനയവും എളിമയും കാരുണ്യവും സ്‌നേഹവും മറ്റുള്ളവരുടെ ബഹുമാനത്തിനും ആദരവിനും പാത്രമായി.
ക്രിസ്ത്യാനികള്‍ക്കെതിരെ 850 ല്‍ ഉണ്ടായ മതപീഡനകാലത്ത് ഇയൂളോജിയൂസ് തടവറയിലടക്കപ്പെട്ടു. വൈകാതെ മോചിതനായ അദ്ദേഹം തടവറയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. ഇതിനിടെ 858 ല്‍ മെത്രാപ്പോലീത്തയായിരുന്ന ടോള്‍ഡോ ദിവംഗതനായി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശുദ്ധ ഇയൂളോജിയൂസ് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ അഭിഷേകത്തിനു ചില തടസങ്ങള്‍ നേരിട്ടു.
മൂറുകളിലെ ഒരു പുരാതന കുടുംബത്തില്‍ ജനിച്ച ലിയോക്രീഷ്യ എന്ന് പേരായ ഒരു കന്യക തന്റെ ചെറുപ്പം മുതലേ ഒരു ബന്ധുവിന്റെ സ്വാധീനത്തില്‍ ക്രിസ്തുമത വിശ്വാസത്തിലാണ് വളര്‍ന്നു വന്നിരുന്നത്. അവള്‍ വളരെ രഹസ്യമായി ജ്ഞാനസ്‌നാനം സ്വീകരിച്ചിരുന്നു. ഇതറിഞ്ഞ അവളുടെ മാതാപിതാക്കള്‍ ദിനം തോറും രാത്രിയും പകലും അവളെ തന്റെ വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിക്കുകയും ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്തു.
അവളുടെ അവസ്ഥയെക്കുറിച്ച് അറിയുവാനിടയായ വിശുദ്ധ ഇയൂളോജിയൂസും അദ്ദേഹത്തിന്റെ സഹോദരിയായിരുന്ന അനുലോണയും അവളോടു തന്റെ ഇഷ്ടപ്രകാരമുള്ള മതവിശ്വാസം പുലര്‍ത്തുവാന്‍ കഴിയുന്ന എവിടേക്കെങ്കിലും പോകുവാന്‍ അവളെ ഉപദേശിച്ചു. അവളുടെ യാത്രക്ക് വേണ്ടുന്ന സാധനസാമഗ്രികള്‍ അവര്‍ വളരെ രഹസ്യമായി ശേഖരിക്കുകയും വിശ്വസ്തരായ സുഹൃത്തുക്കളുടെ കൂടെ അവളെ വളരെ രഹസ്യമായി കുറച്ചുകാലത്തേക്ക് പാര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇക്കാര്യം പുറത്തറിഞ്ഞു. എല്ലാവരേയും നിയമഞ്ജരുടെ സമക്ഷം ഹാജരാക്കി. അദ്ദേഹം വിശുദ്ധനെ ചമ്മട്ടികൊണ്ടടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ 'തന്നെ മര്‍ദ്ദിക്കുന്നതു കൊണ്ട് യാതൊരു ഫലവും ഉണ്ടാകില്ല, കാരണം താന്‍ ഒരിക്കലും തന്റെ വിശ്വാസത്തെ കൈവെടിയുകയില്ല' എന്ന് വിശുദ്ധന്‍ പറഞ്ഞു.
ഇതില്‍ ക്രുദ്ധനായ നിയമഞ്ജന്‍ വിശുദ്ധനെ രാജകൊട്ടാരത്തില്‍ കൊണ്ടുപോകുവാനും രാജാവിന്റെ സമിതിക്ക് മുന്‍പാകെ കാഴ്ചവെക്കുവാനും ഉത്തരവിട്ടു. എന്നാല്‍ വിശുദ്ധനാകട്ടെ വളരെ ഉച്ചത്തില്‍ അവരോടു സുവിശേഷ സത്യങ്ങള്‍ പ്രഘോഷിക്കുവാനാരംഭിച്ചു,
മറ്റുള്ളവര്‍ വിശുദ്ധന്റെ സുവിശേഷ പ്രബോധനങ്ങള്‍ കൂടുതല്‍ കേള്‍ക്കുന്നത് തടയുന്നതിനായി ഉടന്‍ തന്നെ അദ്ദേഹത്തെ ശിരച്ഛേദം ചെയ്തു വധിക്കുവാന്‍ രാജസമിതി തീരുമാനിച്ചു. 859 മാര്‍ച്ച് 11 ന് വിശുദ്ധ ഇയൂളോജിയൂസ് മരണം ഏറ്റുവാങ്ങി. വിശുദ്ധന്റെ വധത്തിനു നാല് ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ലിയോക്രീഷ്യയേയും ശിരച്ഛേദം ചെയ്തു കൊലപ്പെടുത്തി.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ആല്‍ബെര്‍ത്താ
2. സ്പയിനിലെ ഓറിയ
3. സ്‌പെയിനിലെ അമുണിയ
4. ക്ലൊനെനാഗ് ബിഷപ്പായ എക്കൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26