50,000 കടന്ന് ജാവ

50,000 കടന്ന് ജാവ

രണ്ടാം വരവില്‍ ജാവ മോട്ടോര്‍ സൈക്കിളുകളുടെ മൊത്തം വില്‍പന പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വര്‍ഷത്തിനകം തന്നെ അര ലക്ഷം യൂണിറ്റ് കവിഞ്ഞെന്നു നിര്‍മാതാക്കളായ ക്ലാസിക് ലെജന്‍ഡ്സ് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്നുള്ള സുദീര്‍ഘമായ ലോക്ക്ഡൗണും മറ്റും പരിഗണിക്കുമ്പോൾ തകര്‍പ്പന്‍ നേട്ടമാണിതെന്നാണ് കമ്പനിയുടെ പക്ഷം.

ജാവ ബ്രാന്‍ഡിനു ലഭിച്ച ഉജ്വല വരവേല്‍പ്പ് മുന്‍നിര്‍ത്തി വിപണന ശൃംഖല വിപുലീകരിക്കാനും ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ക്ലാസിക് ലെജന്‍ഡ്സ് വ്യക്തമാക്കി. അടുത്തകാലത്തു മാത്രം പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയെന്ന നിലയില്‍ 'ജാവ' ശ്രേണിയില്‍ അവതരിപ്പിച്ച മൂന്നു മോഡലുകളുടെയും ഉല്‍പ്പാദനം ഉയര്‍ത്താനും മികച്ച വില്‍പ്പന, വില്‍പ്പനാന്തര സേവന ശൃംഖല സ്ഥാപിക്കാനുമൊക്കെയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ക്ലാസിക് ലെജന്‍ഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ആശിഷ് സിങ് ജോഷി അഭിപ്രായപ്പെട്ടു.

ജാവ മോട്ടോര്‍ സൈക്കിളുകള്‍ക്ക് രാജ്യാന്തരതലത്തിലുള്ള വിപണന സാധ്യതകള്‍ പരിഗണിച്ചു നേപ്പാളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. നിലവില്‍ ജാവ, ജാവ ഫോര്‍ട്ടി ടു, പെരെക് എന്നീ മൂന്നു ബൈക്കുകളാണു ജാവ ശ്രേണിയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.