മോസ്‌കോ: ഉക്രെയിനും റഷ്യയും തമ്മിലുള്ള മൂന്നാം ചര്‍ച്ചയും വെടിനിറുത്തല്‍ വിഷയത്തില്‍ തീരുമാനം ആകാതെ പിരിഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബയുമാണ് തുര്‍ക്കിയിലെ ആന്റലിയയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. തുര്‍ക്കി പ്രസിഡന്റ് രജിബ് തയ്യിപ് എര്‍ദൊഗന്‍ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂദ് ചവുഷോഗ്ലുവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത്.
വെടിനിറുത്തല്‍, സാധാരണക്കാരായ ജനങ്ങളുടെ ഒഴിപ്പിക്കല്‍ എന്നീ വിഷയങ്ങളില്‍പ്പോലും ധാരണയായില്ലെന്ന് കുലേബ പറഞ്ഞു. ഉക്രെയ്ന്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വെടിനിറുത്തലിന് റഷ്യയ്ക്ക് താല്‍പ്പര്യമില്ല. യുദ്ധം തുടങ്ങിയ രാജ്യത്തിന് അത് നിറുത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഉക്രെയിന് ഒന്നും ചെയ്യാനാവില്ല. മരിയുപോളിലെ മാനുഷിക ഇടനാഴി തുറക്കേണ്ടത് അത്യാവശ്യമാണ്. 24 മണിക്കൂറെങ്കിലും വെടിനിറുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കുലേബ വ്യക്തമാക്കി.
അതേസമയം റഷ്യയുടെ ആവശ്യങ്ങള്‍ നേരത്തേ അറിയിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് ഉക്രെയ്‌നാണെന്നും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ഉക്രെയ്‌ന് പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഉക്രെയ്‌നിലെ 600 കിടക്കകളുള്ള കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ ബോംബാക്രമണം നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളായി.
ആശുപത്രിയില്‍ രോഗികള്‍ ഇല്ലായിരുന്നെന്ന റഷ്യന്‍ വിദേശ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. റഷ്യ അസത്യ പ്രചാരണം നടത്തുകയാണെന്നും ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മരിയുപോളില്‍ റഷ്യ വീണ്ടും ഷെല്ലാക്രമണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.