കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ മലയാളിയായ ഐസിസ് ഭീകരന്‍ കൊല്ലപ്പെട്ടു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ എം.ടെക് വിദ്യാര്‍ത്ഥിയായിരുന്ന മലപ്പുറം സ്വദേശി നജീബ് അല്‍ ഹിന്ദിയാണ് (23) മരിച്ചത്. ഐസിസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രമായ വോയിസ് ഒഫ് ഖൊറാസാണ് ചിത്രം സഹിതം മരണവാര്‍ത്ത പുറത്തു വിട്ടത്.
കേരളത്തില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം അഫ്ഗാനിലെത്തിയ ഇയാള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു പാകിസ്ഥാന്‍ സ്വദേശിനിയെ വിവാഹം കഴിച്ചെന്നും അതേ ദിവസമാണ് ചാവേറായി ആക്രമണം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നുത്.
വിവാഹ ദിവസം ഐസിസ് ഭീകരര്‍ക്ക് നേരെ ആക്രമണമുണ്ടായതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി പോരാട്ടത്തിന്റെ ഭാഗമാകാന്‍ നജീബ് തീരുമാനിക്കുകയായിരുന്നു. പക്ഷെ പെണ്‍കുട്ടിയുടെ പിതാവ് സമ്മതിക്കാത്തതിനാല്‍ വിവാഹച്ചടങ്ങ് നടത്തേണ്ടി വന്നു. പിന്നാലെ നജീബ് ചാവേര്‍ ആക്രമണത്തിന് പങ്കെടുക്കുകയും കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഇയാള്‍ എപ്പോള്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. വെല്ലൂരില്‍ എം.ടെക്കിന് പഠിക്കവെ 2017 ആഗസ്റ്റിലാണ് നജീബിനെ കാണാതായത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പോയ ഇയാള്‍ അവിടെ നിന്ന് ഖൊറാസാനിലേക്ക് എത്തുന്നതിന് മുന്‍പ് സിറിയ, ഇറാഖ്എന്നിവിടങ്ങളിലേക്ക് പോയെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നജീബിന് നാടുമായോ ബന്ധുക്കളുമായോ അടുപ്പമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആറാം ക്ലാസ് മുതല്‍ ബി.ടെക്ക് വരെ നജീബ് യു.എ.ഇയിലാണ് പഠിച്ചത്. കുടുംബവും ഇവിടെയായിരുന്നു. ഏറെക്കാലം ഗള്‍ഫിലായതിനാല്‍ നജീബിന് നാട്ടില്‍ ബന്ധങ്ങള്‍ കുറവായിരുന്നു. എം.ടെക്ക് പഠനത്തിന് മുന്നോടിയായാണ് നജീബ് നാട്ടില്‍ സ്ഥിര താമസമാക്കിയത്.
വിദേശത്തും മറ്റുമുള്ള ചില ബന്ധങ്ങള്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് നജീബ് ഐസിസില്‍ ആകൃഷ്ടനായതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. നജീബ് വീട്ടില്‍ വെച്ച് പോയ ലാപ്ടോപ്പും മറ്റും പരിശോധിച്ചപ്പോഴും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നു.
തമിഴ്‌നാട് വെല്ലൂര്‍ വി.ഐ.ടി യൂണിവേഴ്‌സിറ്റിയില്‍ എം.ടെക്ക് വിദ്യാര്‍ത്ഥിയായിരിക്കെ നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് ഫോണ്‍ വിളിച്ച നജീബ് താന്‍ യഥാര്‍ത്ഥ ഇസ്ലാമിക രാജ്യത്ത് എത്തിയെന്നും സ്വര്‍ഗം ലഭിക്കുന്നതിനാണ് താന്‍ ഹിജ്‌റ ചെയ്തതെന്നും മാതാവിനോട് പറഞ്ഞു. ഇതിനു ശേഷം ടെലഗ്രാം വഴി ബന്ധപ്പെടാമെന്നും അറിയിക്കുകയും പിന്നീട് മാതാവിന്റെ ഫോണിലേക്ക് ജിഹാദി സന്ദേശങ്ങളും അയച്ചു.
വേഗം തിരികെ വരണമെന്നും അല്ലെങ്കില്‍ കുടുംബമൊന്നാകെ ആത്മഹത്യ ചെയ്യുമെന്നും മാതാവ് പറഞ്ഞെങ്കിലും നജീബ് ചെവികൊണ്ടില്ല. അതേസമയം തന്നെ അന്വേഷിക്കുകയോ പൊലീസില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്നായിരുന്നു നജീബിന്റെ മറുപടി.
മകനെ കാണാനില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോയതായി സംശയിക്കുന്നെന്നും കാണിച്ച് മാതാവ് ഖമറുന്നിസ മലപ്പുറം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നെന്ന് മലപ്പുറം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറും വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.