കീവ്: തെക്കന്‍ ഉക്രെയ്‌നിലെ മെലിറ്റോപോള്‍ നഗരത്തിന്റെ മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. '10 അധിനിവേശക്കാരുടെ ഒരു സംഘം മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡൊറോവിനെ തട്ടിക്കൊണ്ടുപോയി. ശത്രുവുമായി സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു'-ഉക്രെയ്ന്‍ പാര്‍ലമെന്റ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.
നഗരത്തിലെ രക്ഷാകേന്ദ്രത്തില്‍ ഭക്ഷണ വിതരണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മേയറെ പിടികൂടുകയായിരുന്നു എന്ന് ഉക്രെയ്ന്‍ അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ച വൈകി ഒരു വീഡിയോ സന്ദേശത്തില്‍ പ്രസിഡന്റ് സെലന്‍സ്‌കി തട്ടിക്കൊണ്ടുപോകല്‍ സ്ഥിരീകരിച്ചു.
ഉക്രെയ്‌നെയും തന്റെ കമ്മ്യൂണിറ്റിയിലുള്ളവരെയും ധൈര്യസമേതം സംരക്ഷിച്ചിരുന്ന മേയറാണ് ഫെഡൊറോവ്'-സെലന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു. ഇത് അധിനിവേശക്കാരുടെ ബലഹീനതയുടെ അടയാളമാണ്. പ്രാദേശിക ഉക്രെയ്‌നിയന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ഭീകരതയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് അവര്‍ മാറിയിരിക്കുന്നു. അതിനാല്‍ മെലിറ്റോപോളിലെ മേയറെ പിടികൂടിയത് ജനാധിപത്യത്തിനെതിരായ കുറ്റമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് മെലിറ്റോപോള്‍ നഗരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.