ഉക്രെയ്ന്‍ ലാബുകളിലെ അപകടകാരികളായ രോഗാണുക്കളെ ഉടന്‍ നശിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം

ഉക്രെയ്ന്‍ ലാബുകളിലെ അപകടകാരികളായ രോഗാണുക്കളെ ഉടന്‍ നശിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം

ജനീവ: ഉക്രെയ്‌നിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ഇവയെ അടിയന്തരമായി നശിപ്പിച്ച് കളയണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

റഷ്യന്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലാബുകള്‍ തകര്‍ന്ന് ഈ രോഗാണുക്കള്‍ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഡബ്ല്യൂ.എച്ച്.ഒ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മറ്റ് രാജ്യങ്ങളിലെന്ന പോലെ ഉക്രെയ്‌നിലെ ആരോഗ്യ ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരീക്ഷണ ശാലകളിലും വിവിധ തരത്തിലുള്ള രോഗാണുക്കളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടും. അമേരിക്ക, യുറോപ്യന്‍ യൂണിയന്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയോടെയാണ് ഇത്തരം പരീക്ഷണങ്ങള്‍ ഉക്രെയ്‌നില്‍ നടന്നിരുന്നത്.

റഷ്യയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ലാബുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇത്തരം രോഗാണുക്കള്‍ പുറത്തേക്ക് വ്യാപിക്കുന്നതിന് കാരണമാവുമെന്ന് ബയോ സെക്യൂരിറ്റി വിദഗ്ദര്‍ ആശങ്കപ്പെടുന്നു. ഇത്തരം പരീക്ഷണ ശാലകളിലെ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉക്രെയ്‌നുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ അപകരടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയാന്‍ ഉക്രെയ്ന്‍ ആരോഗ്യ മന്ത്രാലയത്തോട് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു. എന്നാല്‍ അപകടകാരികളായ ഏതൊക്കെ രോഗാണുക്കളും ടോക്സിനുകളുമാണ് ഉക്രെയ്‌നിലുള്ളതെന്നും അവ എത്രത്തോളം അപകടകാരികളാണെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ ഉക്രെയ്ന്‍ അമേരിക്കയുമായി ചേര്‍ന്ന് രാജ്യത്ത് ജൈവായുധ പരീക്ഷണങ്ങള്‍ നടത്തുന്നതായി റഷ്യ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ഇരു രാജ്യങ്ങളും തള്ളിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.