ഭാവി ആഗ്രഹത്തിലേക്ക് കയ്യെത്തിപ്പിടിക്കാൻ ഏഴാം ക്ലാസുകാരൻ; മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി നിഹാന്‍

ഭാവി ആഗ്രഹത്തിലേക്ക് കയ്യെത്തിപ്പിടിക്കാൻ ഏഴാം ക്ലാസുകാരൻ;  മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി നിഹാന്‍

കണ്ണൂര്‍: ഭാവിയിൽ ആരാകണമെന്ന് ചോദിച്ചാൽ എല്ലാവർക്കും പറയാൻ ഒരു ആഗ്രഹമുണ്ടാകും. ഭാവിയിൽ ആരാകണം എന്ന് ചോദിച്ചാൽ ഈ ഏഴാം ക്ലാസുകാരന് പറയാൻ ഒന്നേയുള്ളൂ. 'എനിക്ക് കൃഷി ഓഫീസർ ആകണം'. കുഞ്ഞു മനസില്‍ കാലം കുറച്ചായി ഈ ആഗ്രഹം കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ട്.

ഇപ്പോൾ ഇതാ ഈ ഏഴാം ക്ലാസുകാരനായ പി മുഹമ്മദ് നിഹാന്‍ കാര്‍ഷിക വകുപ്പിന്റെ മികച്ച വിദ്യാര്‍ഥി കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കാഞ്ഞിരോട് കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിഹാന്‍.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാര്‍ഡ് കൂടി കിട്ടിയപ്പോള്‍ നിഹാലിന്റെ കുഞ്ഞു മനസിലെ ആഗ്രഹങ്ങൾ പടര്‍ന്നു പന്തലിച്ചു. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡും മികച്ച സ്ഥാപന മേധാവിക്കുള്ള അവാര്‍ഡും നിഹാന്റെ സ്‌കൂളിന് തന്നെയാണ്.

സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പച്ചക്കറി മേളയില്‍ നിന്ന് 3000 രൂപയോളം നിഹാന് ലഭിച്ചു. സ്വന്തമായി നട്ടുനനച്ച വാഴകളില്‍ നിന്നും നാല് വാഴക്കുല കിട്ടിയത് ആവേശത്തോടെയാണ് നിഹാന്‍ കൂട്ടുകാരോടും മറ്റും പങ്കുവെച്ചത്.
സ്‌കൂളില്‍ വിപുലമായി നടത്തുന്ന പച്ചക്കറി കൃഷിയില്‍ നിന്നും പ്രചോദനം നേടിയാണ് വീട്ടിലും ഒരു കൊച്ചു തോട്ടം ഒരുക്കാന്‍ നിഹാൽ തീരുമാനിച്ചത്. മുണ്ടേരി കൃഷിഭവനില്‍ നിന്നാണ് സ്‌കൂളിലേക്ക് പച്ചക്കറി വിത്ത് ലഭിക്കുന്നത്. ഇതില്‍ നിന്നാണ് നിഹാന്‍ വീട്ടിലെ തോട്ടം ഒരുക്കുന്നത്.

കോവിഡ് കാലത്ത് സ്‌കൂള്‍ അടഞ്ഞു കിടന്ന സമയത്ത് പച്ചക്കറി തോട്ടത്തില്‍ തന്നെയായിരുന്നു നിഹാന്‍. ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നതിനും മുമ്പും തിരിച്ചെത്തിയ ശേഷവും വെള്ളം നനച്ചും പരിപാലിച്ചും അങ്ങനെ കുറച്ചു നേരം തോട്ടത്തില്‍ ചിലവഴിക്കും. ഉപ്പ നിയാസും ഉമ്മ രജുവയും ചേച്ചി ഷിറിനും എപ്പോളും നിഹാലിന് സഹായത്തിനുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.