അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 13
കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയത്തിലാണ് വിശുദ്ധ ഏവൂഫ്രാസിയായുടെ ജനനം. റോമിനെ ഒരു ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റിയെടുക്കാന്‍ ഏറെ പ്രയത്‌നിച്ച തെയോഡോസിയസ് ചക്രവര്‍ത്തിയുടെ അടുത്ത ബന്ധുവായിരുന്ന ആന്റിഗോണസ് എന്ന പ്രഭുവിന്റെ മകളായിരുന്നു ഏവൂഫ്രാസിയാ.
അവളുടെ ജനനത്തിനു ശേഷം ഏറെ വൈകാതെ പിതാവ് ആന്റിഗോണസ് മരിച്ചു. ഏവൂഫ്രാസിയായ്ക്ക് അഞ്ചു വയസുള്ളപ്പോള്‍ ചക്രവര്‍ത്തി തന്നെ മുന്‍കൈയെടുത്ത് റോമിലെ ഒരു പ്രമുഖ സെനറ്ററുടെ മകനുമായി അവളുടെ വിവാഹം മുന്‍കൂട്ടി നിശ്ചയിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം ഈജിപ്തിലെ ആശ്രമത്തിലേക്ക് അമ്മയോടൊപ്പം അവള്‍ താമസം മാറ്റി. അമ്മയുടെ പേരും ഏവൂഫ്രാസിയാ എന്ന് തന്നെയായിരുന്നു.
സസ്യങ്ങളും പയറും കഴിച്ചാണ് അവര്‍ അവിടെ കഴിഞ്ഞിരുന്നത്. ഒരിക്കല്‍ അമ്മയുടെ അടുത്തെത്തി താനും സന്യാസ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായി ഏവൂഫ്രാസിയ പറഞ്ഞു. അവളെ യേശുവിന്റെ ചിത്രത്തോട് ചേര്‍ത്തു നിര്‍ത്തി ആ അമ്മ പ്രാര്‍ത്ഥിച്ചു. 'ദൈവമേ, ഇതാ ഇവളെ സ്വീകരിക്കുക. അങ്ങയെയാണ് ഇവള്‍ തേടുന്നത്. അങ്ങയെ മാത്രമാണ് ഇവള്‍ സ്‌നേഹിക്കുന്നത്.' അങ്ങനെ അവള്‍ കര്‍ത്താവിന്റെ മണവാട്ടിയായി ജീവിക്കാന്‍ തീരുമാനമെടുത്തു.
അധികം വൈകാതെ തന്നെ അവളുടെ അമ്മയും മരിച്ചു. ഏവൂഫ്രാസിയയ്ക്കു പന്ത്രണ്ടു വയസുള്ളപ്പോള്‍ ചക്രവര്‍ത്തിയായ തിയോഡോസിയൂസ് അവളെ വിളിപ്പിച്ചു. മുന്‍പ് തീരുമാനിച്ചിരുന്ന വിവാഹം കഴിക്കാന്‍ അവളോട് ആജ്ഞാപിച്ചു. എന്നാല്‍, തന്നെ വിവാഹത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അവള്‍ അപേക്ഷിച്ചു.
തന്റെ മുഴുവന്‍ സ്വത്തുക്കളും വിറ്റ് അവ പാവപ്പെട്ടവര്‍ക്കും അടിമകളെ സ്വതന്ത്രമാക്കുവാനും ഉപയോഗിക്കാന്‍ അവള്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ചക്രവര്‍ത്തി വിവാഹത്തില്‍ നിന്ന് അവളെ ഒഴിവാകാന്‍ അനുവദിച്ചു. ഉപവാസവും പ്രാര്‍ത്ഥനയുമായിരുന്നു ഏവൂഫ്രാസിയയുടെ വിശ്വാസത്തിന്റെ അടിത്തറ.
ചില ദിവസങ്ങളില്‍ ഒരിടത്തു നിന്ന് ഒരു കല്ലെടുത്ത് മറ്റൊരിടത്ത് വയ്ക്കുകയും പിന്നീട് വീണ്ടും അതേ സ്ഥലത്തു തിരിച്ചു വയ്ക്കുകയും ചെയ്യുക അവളുടെ പതിവായിരുന്നു. ഒരു ദിവസം നിരവധി തവണ ഇങ്ങനെ ആവര്‍ത്തിക്കും. ദുഷ് ചിന്തകളേയും ദുരാഗ്രഹങ്ങളേയും നേരിടുന്നതിന് വേണ്ടിയായിരുന്നു ഏവൂഫ്രാസിയാ ഇങ്ങനെ ചെയ്തിരുന്നത്.
എ.ഡി 420 ല്‍ തന്റെ മുപ്പതാമത്തെ വയസില്‍ സ്വര്‍ഗീയ യാത്ര ചെയ്യുന്നതിന് മുന്‍പും പിന്‍പുമായി നിരവധി അത്ഭുത പ്രവര്‍ത്തനങ്ങള്‍ വിശുദ്ധ ചെയ്തിട്ടുണ്ട്. ഇപ്പോഴും ബൈസാന്റിയന്‍ കുര്‍ബ്ബാനക്ക് മുന്‍പുള്ള ഒരുക്കത്തില്‍ വിശുദ്ധയുടെ പേരും പരാമര്‍ശിക്കുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. പേഴ്‌സ്യന്‍ കന്യക ക്രിസ്റ്റീന
2. അയര്‍ലന്‍ഡിലെ ജെറാള്‍ഡ്
3. നോവലീസ് ആശ്രമാധിപനായ ഹെല്‍ഡ്‌റാഡ്
4. തെയുസെറ്റാസ് ഹോറെസ്, തെയോഡോറ, നിംഫോഡോറ, മാര്‍ക്ക് അറേബിയ.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.