കോവിഡ് അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി ലോകാരോഗ്യ സംഘടന; ആശങ്കയേറ്റി ചൈനയിലെ പുതിയ കണക്കുകള്‍

കോവിഡ് അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി ലോകാരോഗ്യ സംഘടന;  ആശങ്കയേറ്റി ചൈനയിലെ പുതിയ കണക്കുകള്‍

ജനീവ: കോവിഡ് മഹാമാരി അവസാനിച്ചെന്ന പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നൊരുക്കങ്ങള്‍ ലോകാരോഗ്യ സംഘടന തുടങ്ങിയ സാഹചര്യത്തില്‍ ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയേറ്റുന്നു.

ഇന്നലെ 1,500 ലേറെ പുതിയ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ന്റെ തുടക്കത്തില്‍ ചൈനയിലുടനീളം കോവിഡ് തരംഗം പ്രകടമായതിനു ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. ചൈനയിലെ പ്രതിദിന കേസുകള്‍ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്കു കടന്നിരിക്കുകയാണ് അധികൃതര്‍. പല നഗരങ്ങളും വലിയ ജനക്കൂട്ടം പങ്കടുക്കുന്ന പരിപാടികള്‍ റദ്ദാക്കി. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ അവശ്യ സര്‍വിസുകള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളോടും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ചാങ്ചുന്‍ അധികൃതര്‍ ഉത്തരവിട്ടു.

ചാങ്ചുനില്‍ ആളുകള്‍ക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കു വീടുവിട്ടുപോകാന്‍ വിലക്കുണ്ട്. 90 ലക്ഷം ജനങ്ങളാണ് ഈ മേഖയിലുള്ളത്. ജിലിന്‍ നഗര പ്രദേശങ്ങളിലും സമാനമായ നടപടികള്‍ ഏര്‍പ്പെടുത്തി. ചെനയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ വ്യാപാര മേളയായ കാന്റണ്‍ ഫെയറിന്റെ വേദി താല്‍ക്കാലികമായി അടച്ചു.

കോവിഡിനെ തുടര്‍ന്ന് 2020 ജനുവരി 30 നാണ് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വാക്‌സിനേഷനുകളിലും മരുന്നുകളിലുമുള്ള വലിയ അസമത്വങ്ങള്‍ വേഗത്തില്‍ പരിഹരിച്ചാല്‍ കോവിഡ് മരണങ്ങള്‍, ആശുപത്രി വാസങ്ങള്‍, ലോക്ക്ഡൗണ്‍ എന്നിവ ഈ വര്‍ഷം അവസാനിക്കുമെന്ന് കഴിഞ്ഞ മാസം ഡബ്ല്യു.എച്ച്.ഒ അത്യാഹിത വിഭാഗം മേധാവി പറഞ്ഞിരുന്നു.

എന്നാല്‍ പൊതു ആരോഗ്യ അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിക്കുന്നത് കോവിഡ് പ്രതിരോധത്തില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്നോട്ടു പോവാന്‍ കാരണമാവുമോയെന്ന ആശങ്ക ലോകാരോഗ്യ സംഘടനയ്ക്കുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.