വത്തിക്കാന്‍ സിറ്റി:'ഈ കൂട്ടക്കൊല അവസാനിപ്പിക്കൂ!, ദൈവത്തിന്റെ നാമത്തില്‍ ': ഉക്രെയ്ന്‍ യുദ്ധത്തില്‍ മനം നൊന്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഞായാറാഴ്ച പ്രസംഗത്തിന്റെ അന്ത്യത്തിലായിരുന്നു ഭക്തജന സഹസ്രങ്ങളെ വികാരാധീനരാക്കി മാര്‍പാപ്പയുടെ വാക്കുകള്‍ മുഴങ്ങിയത്.
ഉക്രെയ്‌നിലെ യുദ്ധ ഇരകളെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കവേ ഫ്രാന്‍സിസ് മാര്‍പാപ്പ, യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് വെടിനിര്‍ത്തലിനുവേണ്ടി വീണ്ടും ഹൃദയംഗമമായ അഭ്യര്‍ത്ഥന നടത്തി.'കന്യാമറിയത്തോട് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ, അവളുടെ പേര് വഹിക്കുന്ന മാരിയുപോള്‍ നഗരം ഉക്രെയ്‌നെ തകര്‍ത്തുകൊണ്ടിരുന്ന ഭീകരമായ യുദ്ധത്തിലെ രക്തസാക്ഷികളുടെ നഗരമായി മാറി. കുട്ടികളെയും നിരപരാധികളെയും നിരായുധരായ സാധാരണക്കാരെയും കൊലപ്പെടുത്തുന്നതിന്റെ ക്രൂരതയ്ക്ക് പരിധികളില്ല. നഗരങ്ങളെല്ലാം ശ്മശാനങ്ങളാകുന്നതിന് മുമ്പ് അസ്വീകാര്യമായ സായുധ ആക്രമണം അവസാനിപ്പിക്കാന്‍ വീണ്ടും ആഹ്വാനം ചെയ്യുന്നു. എന്റെ ഹൃദയത്തില്‍ വേദന നിറഞ്ഞുനില്‍ക്കുന്നു. സാധാരണക്കാരുടെ ശബ്ദത്തോട് ചേര്‍ന്ന് ഞാനും യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.'
'ദൈവനാമത്തില്‍, ദുരിതമനുഭവിക്കുന്നവരുടെ നിലവിളി കേള്‍ക്കട്ടെ, ബോംബാക്രമണങ്ങളും ആക്രമണങ്ങളും അവസാനിക്കട്ടെ! ചര്‍ച്ചകളില്‍ യഥാര്‍ത്ഥവും നിര്‍ണ്ണായകവുമായ ശ്രദ്ധയുണ്ടാകട്ടെ, മാനുഷിക ഇടനാഴികള്‍ ഫലപ്രദവും സുരക്ഷിതവുമാകട്ടെ. ദൈവനാമത്തില്‍, ഞാന്‍ പറയുന്നു: ഈ കൂട്ടക്കൊല നിര്‍ത്തുക!
യുദ്ധത്തിനെതിരെ നിലനില്‍ക്കുന്ന ഐക്യദാര്‍ഢ്യത്തിന്റെ മഹത്തായ ശൃംഖലയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. എല്ലാ രൂപതയിലെയും മതവിഭാഗങ്ങളിലെയും സമൂഹങ്ങള്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണം. 'ദൈവം സമാധാനത്തിന്റെ ദൈവം മാത്രമാണ്, യുദ്ധത്തിന്റെ ദൈവമല്ല, അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ ആ നാമത്തെ അശുദ്ധമാക്കുന്നു.ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി നിശബ്ദമായി ഏവരും പ്രാര്‍ത്ഥിക്കണം.സമാധാനത്തിനായുള്ള ദൃഢമായ ഇച്ഛാശക്തിയിലേക്ക് ഹൃദയങ്ങളെ മാറ്റാന്‍ ദൈവത്തിനു കഴിയും.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.