വാടിപ്പോയാലും സുഗന്ധം തരുന്ന പൂക്കൾ

വാടിപ്പോയാലും സുഗന്ധം തരുന്ന പൂക്കൾ

പരിചയമുള്ള വൈദികൻ. അവധിയ്ക്ക് നാട്ടിൽ വരുമ്പോഴെല്ലാം ആശ്രമത്തിൽ വരും. ഹൃദ്യമായ ഇടപെടലും നർമം കലർത്തിയ വാക്കുകളും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ബൈബിൾ പണ്ഡിതനും വിവിധ ഭാഷകളിൽ പ്രാവീണ്യവുമുള്ള
അദ്ദേഹം അറിയപ്പെടുന്ന ഒരു വാഗ്മിയുമായിരുന്നു. തന്റെ സഹപാഠിയായിരുന്ന സെബാസ്റ്റ്യൻ കണ്ടേത്തച്ചനോട് ഒരിക്കൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ക്രിസ്തുവിന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ വച്ച് മരിക്കാൻ നമുക്കും കഴിഞ്ഞാൽ എത്ര വലിയ സൗഭാഗ്യമാണത്!" അദ്ദേഹത്തിന്റെ വാക്കുകൾ ഒരു പ്രാർത്ഥനായ് ദൈവം ശ്രവിച്ചെന്നു വേണം കരുതാൻ. 2019 മെയ് 20 ന് വിശുദ്ധ നാട്ടിൽ വച്ച് അദ്ദേഹം നിത്യതയിലേക്ക് യാത്രയായത് നമ്മുടെ ഓർമയിൽ തെളിഞ്ഞ് നിൽക്കുന്നു. 

പലതവണ ആശ്രമത്തിൽ വന്നിരുന്ന ആ വൈദികന്റെ മരണശേഷമാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്. അതിൽ ഏറ്റവും ആകർഷണീയമായ് തോന്നിയത് പാവപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ സമീപനമായിരുന്നു. പലർക്കും ഭവനം നിർമിക്കാനും പഠിക്കാനും ജോലി ലഭിക്കാനുമെല്ലാം അദ്ദേഹം ഇരുചെവിയറിയാതെ സഹായം ചെയ്യുമായിരുന്നു. ആരും അറിയാതിരുന്ന ആ രഹസ്യങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് പലരും അറിയുന്നത്. പറഞ്ഞു വരുന്നത് മാനന്തവാടി രൂപതാംഗം ജോസഫ് തൊണ്ടിപ്പറമ്പിൽ അച്ചനെക്കുറിച്ചാണ്.

ചില വ്യക്തികൾ നമ്മെ അതിശയിപ്പിക്കുന്നത് അവർ വിടവാങ്ങിയ ശേഷമായിരിക്കും. അതിനുള്ള പ്രധാന കാരണം അവർ ലോക മഹിമ ആഗ്രഹിക്കാതെ ദൈവ മഹിമ ആഗ്രഹിച്ച് ജീവിച്ചു എന്നതാണ്. "നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തുകൈ ചെയ്യുന്നത്‌ ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും"(മത്തായി 6 : 3-4) എന്ന വചനം ഇവരിൽ പൂർത്തിയാകുന്നു. സന്യാസഭവനങ്ങളിൽ നിന്നും കുടുംബങ്ങളിൽ നിന്നുമെല്ലാം പലപ്പോഴും ഗദ്ഗദങ്ങൾ ഉയരാറുണ്ട്: "ഞാൻ ആർക്കുവേണ്ടിയാണ് കഷ്ടപ്പെടുന്നത്? ഒരാളും എനിക്ക് വില കൽപിക്കുകയോ നല്ല വാക്ക് പറയുകയോ ചെയ്യുന്നില്ലല്ലോ..."

നമ്മുടെ നന്മകളെല്ലാം കാണുകയും വില നൽകുകയും ചെയ്യുന്ന ഒരു വ്യക്തി ഉണ്ടെന്നും ആ വ്യക്തി നമ്മെ ചേർത്തുപിടിക്കുകയും ആവശ്യ സമയത്ത് ഉയർത്തുകയും ചെയ്യുമെന്നും വിശ്വസിച്ചാൽ നന്മയുള്ള വ്യക്തികളായ് ജീവിക്കാൻ നമുക്ക് സാധിക്കും. മനുഷ്യന്റെ അംഗീകാരത്തിനും പിന്തുണയ്ക്കും വേണ്ടിയല്ലാതെ ദൈവഹിതം നിറവേറ്റാൻ വേണ്ടി പ്രവർത്തിക്കുക. അപ്പോൾ നമുക്കു ചുറ്റും എന്നും വസന്തകാലമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.