ഗന്ധം നഷ്ടമാകുന്നതിന് കാരണം കോവിഡ് മാത്രമല്ല; പിന്നെയും ഉണ്ട് ചില വില്ലന്‍മാര്‍

ഗന്ധം നഷ്ടമാകുന്നതിന് കാരണം കോവിഡ് മാത്രമല്ല; പിന്നെയും ഉണ്ട് ചില വില്ലന്‍മാര്‍

അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണ് കോവിഡെങ്കിലും അത് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുന്നതായി നാം കണ്ടു. അതിന് അനുസരിച്ച് കോവിഡ് ലക്ഷണങ്ങളും, കോവിഡ് അനുബന്ധ പ്രശ്നങ്ങളും രോഗികള്‍ നേരിടുകയും ചെയ്യുന്നു.

പനി, തളര്‍ച്ച, ചുമ, തൊണ്ട വേദന, തലവേദന, ശരീരവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണ നിലയില്‍ കോവിഡിന്റേതായി പ്രകടമാകുന്നത്. ഇതിനൊപ്പം തന്നെ ചിലരില്‍ ശ്വാസതടസവും ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ ചിലരില്‍ കോവിഡിന് ശേഷവും ഏറെ കാലത്തേക്ക് കാണും. അതുകൊണ്ട് തന്നെ കോവിഡ് ലക്ഷണമായി മാത്രമല്ല, 'ലോംഗ് കോവിഡ്' ലക്ഷണമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ചിന്തിക്കേണ്ട മറ്റൊരു കാര്യം കോവിഡില്‍ മാത്രമല്ല ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത് എന്നതാണ്.
പല അസുഖങ്ങളുടെയും ആരോഗ്യാവസ്ഥകളുടെയും ഭാഗമായി ഇത് സംഭവിക്കാം. അത്തരത്തിലുള്ള ചില അസുഖങ്ങളെയും അവസ്ഥകളെയും കുറിച്ച് നോക്കാം.

ഒന്ന്...

'നേസല്‍ പോളിപ്സ്' അഥവാ മൂക്കിനകത്ത് ഉണ്ടാകുന്ന ചെറിയ വളര്‍ച്ച മൂലം ഇങ്ങനെ ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. മൂക്കിനകത്ത് വളര്‍ച്ചയുണ്ടായി അത് തടസം സൃഷ്ടിക്കുന്നതോടെയാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ഇതിനൊപ്പം തന്നെ ശ്വാസതടസം, അസ്വസ്ഥത, തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും അനുഭവപ്പെടാം.

രണ്ട്...

വിവധ തരത്തിലുള്ള അലര്‍ജികളുടെ ഭാഗമയും ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. സാധാരണ ജലദോഷം പിടിപെടുമ്പോഴും ചിലരില്‍ ഗന്ധം നഷ്ടമാകാറുണ്ട്. സൈനസ് പോലുള്ള പ്രശ്നങ്ങളുടെ ഭാഗമായും ഗന്ധം നഷ്ടപ്പെടാം.

മൂന്ന്...

പ്രായമാകുമ്പോള്‍ ചിലരില്‍ ക്രമേണ ഗന്ധം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാറുണ്ട്. പ്രായമാകുമ്പോള്‍ മൂക്കിനകത്ത് ഗന്ധം പിടിച്ചെടുക്കാന്‍ സഹായിക്കുന്ന 'റിസപ്റ്റേഴ്സ്'ഉം അതുപോലെ ഇത് തലച്ചോറിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന നാഡികളും നശിച്ചു തുടങ്ങുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.

നാല്...

തലയ്ക്ക് സംഭവിക്കുന്ന ചില പരുക്കുകളുടെ ഭാഗമായും ഗന്ധം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. ഗന്ധത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് പരുക്ക് സംഭവിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്.

അഞ്ച്...

ചില മരുന്നുകള്‍ പതിവായി കഴിക്കുന്നതും ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നമ്മെ നയിക്കാം. 'ആംപിസിലിന്‍', 'ടെട്രാസൈക്ലിന്‍' തുടങ്ങിയ ആന്റിബോഡികള്‍ ചില നേസല്‍ സ്പ്രേകള്‍ ( മൂക്കിലടിക്കുന്ന സ്പ്രേ), അതുപോലെ ചില കെമിക്കലുകള്‍ എന്നിവയെല്ലാം ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.