കോണ്‍ഗ്രസ് ഇനിയെങ്കിലും കടമ നിര്‍വ്വഹിക്കണം; അല്ലെങ്കില്‍ ആര്‍.എസ്.എസിന്റെ 1925 ലെ നാഗ്പൂര്‍ പ്രതിജ്ഞ നടപ്പിലാകും

കോണ്‍ഗ്രസ് ഇനിയെങ്കിലും കടമ നിര്‍വ്വഹിക്കണം; അല്ലെങ്കില്‍ ആര്‍.എസ്.എസിന്റെ 1925 ലെ നാഗ്പൂര്‍ പ്രതിജ്ഞ നടപ്പിലാകും

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കെ മാര്‍ച്ച് പത്തിന് എന്‍.ഡി ടിവി നടത്തിയ വിശകലന ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത കോണ്‍ഗ്രസിന്റെ നിലവിലുള്ള സാഹചര്യത്തെ വിശദീകരിക്കാന്‍ പറഞ്ഞ കഥ ശ്രദ്ധേയമായിരുന്നു.

ഒരു പുതിയ മോഡല്‍ ബി.എം.ഡബ്ല്യൂ കാറിനെ കുറിച്ചായിരുന്നു കഥ. പുതിയ കാലത്തിന് ഉതകുന്നത് എന്ന് തോന്നും വിധം പുതിയ രൂപത്തില്‍ പരിഷ്‌കരിച്ച് റോഡിലിറക്കിയ കാര്‍ പക്ഷേ, രണ്ട് ദിവസം ഓടിയപ്പോള്‍ നിന്നുപോയി. ലോകത്തിലെ തന്നെ മികച്ച കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂ പുറത്തിറക്കിയ കാര്‍ നിന്നു പോവുകയോ?... പലരും നെറ്റി ചുളിച്ചു.

മെക്കാനിക് വന്ന് പരിശോധിച്ചപ്പോഴാണ് വണ്ടിയില്‍ എഞ്ചിന്‍ വയ്ക്കാന്‍ മറന്നു പോയിരുന്നുവെന്ന് കണ്ടെത്തിയത്. അപ്പോള്‍ അടുത്ത ചോദ്യം ഉയര്‍ന്നു. പിന്നെങ്ങനെയായിരുന്നു രണ്ട് ദിവസം വണ്ടി ഓടിയത്? അത് റെപ്യൂട്ടേഷന്റെ ബലത്തിലായിരുന്നുവെന്നായിരുന്നു മെക്കാനിക്കിന്റെ മറുപടി. കുറച്ച് കാലമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും ആ രീതിയിലാണ്. പഴയ യശസിന്റെ, മതിപ്പിന്റെ ബലത്തിലാണ് കുറച്ച് കാലമായി ആ വണ്ടി ഓടുന്നത്. പക്ഷേ, എഞ്ചിന്‍ ഇല്ലാത്തത് കൊണ്ട് തന്നെ അതിന്റെ പ്രവര്‍ത്തനം നിലച്ചു.

എത്ര വ്യക്തമായാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ ശേഖര്‍ ഗുപ്ത വിവരിച്ചത്. പഴയ പരമ്പര്യത്തിന്റെ ബലത്തില്‍ കോണ്‍ഗ്രസിന് എത്രകാലം മുന്നോട്ട് പോകാനാകും എന്ന് ആ പാര്‍ട്ടി ഇനിയെങ്കിലും തിരിച്ചറിയണം. ഗാന്ധി കുടുംബം കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഒഴിയണം എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസ് എന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാര്‍ട്ടി പല കഷണങ്ങളായി ചിതറും. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന് അത് കൂടുതല്‍ ഊര്‍ജം പകരുകയും ചെയ്യും.

'ഹിന്ദുത്വവും ദേശീയതയും' എന്ന ഇരട്ട എന്‍ജിന്‍ വണ്ടിയോടിച്ച് ഭരണ പരാജയമടക്കമുള്ള പ്രതിസന്ധികളെ ബിജെപി ഈസിയായി തരണം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴികള്‍ കല്ലും മുള്ളും നിറഞ്ഞതു തന്നെയാണ്. ശക്തമായ നേതൃത്വവും വ്യക്തമായ കാഴ്ചപ്പാടുമില്ലാതെ കോണ്‍ഗ്രസിന് ഇനി ഒരടി മുന്നോട്ടു പോകുവാനാവില്ല. പണ്ടൊക്കെ കോണ്‍ഗ്രസിനെക്കുറിച്ച് വലിയൊരാള്‍ക്കൂട്ടം എന്നെങ്കിലും പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതിയും മാറി. ശിശിരത്തില്‍ മരങ്ങള്‍ ഇല പൊഴിക്കും പോലെ ആളുകള്‍ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുകയാണ്... ഋതുഭേദങ്ങളില്ലാതെ.

കരുത്തുറ്റ നേതൃത്വത്തിനൊപ്പം നയപരിപാടികളില്‍ കാതലായ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ കൊഴിഞ്ഞു പോക്ക് തടയുവാനും പുതു തലമുറയില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുമാകൂ. അതിന് ശക്തമായ മതനിരപേക്ഷ നിലപാടിലേക്ക് കോണ്‍ഗ്രസ് തിരിച്ചു വരണം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇടം അതാണ്. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടി എന്ന നിലയിലാണ് ജനങ്ങള്‍ കോണ്‍ഗ്രസിനെ കണ്ടിരുന്നത്.

എന്നാല്‍ അതില്‍ നിന്നൊക്കെ വ്യതിചലിച്ച് ന്യൂനപക്ഷ, ഭൂരിപക്ഷ പ്രീണന നയങ്ങള്‍ തരംപോലെ സ്വീകരിച്ചപ്പോള്‍ മുറിവേറ്റത് പാര്‍ട്ടിയുടെ മതേതര മുഖത്തിനാണ്. സംശയത്തിന്റെ നിഴലിലായ കോണ്‍ഗ്രസില്‍ നിന്ന് ഇരു വിഭാഗങ്ങളും അകലുകയും ചെയ്തു. 'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്നു പറഞ്ഞതു പോലെയായി കാര്യങ്ങള്‍.

അതിന്റെ അവസാനത്തെ ഉദാഹരണമാണ് യു.പി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെട്ടത്. ഒരു കാലത്ത് മൂന്നില്‍ രണ്ട് ഭരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനത്ത് പ്രിയങ്കാ ഗാന്ധി നേരിട്ടിറങ്ങി പടയോട്ടം നടത്തിയിട്ടും കോണ്‍ഗ്രസ് രണ്ടേ രണ്ട് സീറ്റിലൊതുങ്ങി. മുസ്ലീം, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നല്ലൊരു ഭാഗം സമാജ് വാദി പാര്‍ട്ടിക്കൊപ്പം നിന്നപ്പോള്‍ ഭൂരിപക്ഷ ഹൈന്ദവ വോട്ടുകള്‍ ബിജെപിയുടെ പെട്ടിയില്‍ വീണു.

ഇവിടെ മാധ്യമങ്ങള്‍ അടക്കം പരിഗണിക്കാതെ പോകുന്ന ഒരു വിഷയമുണ്ട്. അത് ബിജെപിയെ തോല്‍പ്പിച്ച് ഭരണം പിടിക്കാനായില്ലെങ്കിലും സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ വലിയ നേട്ടമാണ്. പശ്ചിമ യു.പി മുതല്‍ ദേബ് പ്രദേശവും മധ്യ യു.പിയും ബുന്ദേല്‍ഖണ്ഡും വടക്ക് കിഴക്കും പൂര്‍വ്വാഞ്ചല്‍ അടക്കമുള്ള മേഖലകളിലും സമാജ് വാദി പാര്‍ട്ടിയുണ്ടാക്കിയ വളര്‍ച്ച നിസാരമല്ല.

യു.പിയുടെ ചരിത്രത്തില്‍ സമാജ് വാദി പാര്‍ട്ടി പിടിച്ച ഏറ്റവും വലിയ വോട്ടിങ് ശതമാനമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2012 ല്‍ ഭരണത്തിലേറുമ്പോള്‍ അഖിലേഷ് യാദവിനും കൂട്ടര്‍ക്കും ലഭിച്ചത് 28 ശതമാനത്തോളം വോട്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അത് 21 ശതമാനമായി കുറഞ്ഞു. അതില്‍ നിന്ന് 35 ശതമാനത്തോളം വോട്ട് എന്ന നേട്ടത്തിലേക്കാണ് സമാജ് വാദി പാര്‍ട്ടി ഇപ്പോള്‍ എത്തിയത്.

ഇതില്‍ നിന്നൊക്കെ കോണ്‍ഗ്രസിന് പഠിക്കാന്‍ നിരവധി പാഠങ്ങളുണ്ട്. ഒരു ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ തുടരേയുള്ള പരാജയം ബിജെപിയെ പ്രതിരോധിക്കാന്‍ ഒരോ സംസ്ഥാനങ്ങളിലും പ്രദേശിക പാര്‍ട്ടികള്‍ എന്ന ആശയത്തിന് ശക്തി പകരും. അതാണ് ഡല്‍ഹിയില്‍ ഉദയം ചെയ്ത ആംആദ്മി ഇപ്പോള്‍ പഞ്ചാബും പിടിച്ചടക്കിയത്.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍, തമിഴ്‌നാട്ടില്‍ ഡിഎംകെ, ആന്ധ്രയില്‍ വൈ.ആര്‍.എസ് കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടി.ആര്‍.എസ്, മഹാരാഷ്ട്രയില്‍ ശിവസേന. അങ്ങനെ ഭരണം കൈയ്യടക്കി വച്ചിട്ടുള്ളതും ഭരണത്തില്‍ നിര്‍ണായക സ്വാധിനമുള്ളവരുമായ പ്രാദേശിക പാര്‍ട്ടികള്‍ നിരവധിയുണ്ട്.

ജനാധിപത്യ സംവിധാനത്തില്‍ ഇതൊക്കെയാകാമെങ്കിലും അതാത് സംസ്ഥാനങ്ങളുടെ മാത്രം വിഷയങ്ങളില്‍ താല്‍പര്യം വച്ചു പുലര്‍ത്തുന്ന ഇത്തരം പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുക എന്നതും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരിക്കും. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ 2024 ലെ പൊതു തിരഞ്ഞെടുപ്പിലെങ്കിലും ബിജെപി മുന്നേറ്റത്തെ ചെറുക്കണമെങ്കില്‍ കോണ്‍ഗ്രസിനു മുന്നില്‍ അതല്ലാതെ മറ്റ് വഴികളൊന്നുമില്ല.

ആ സാധ്യത പോലും ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ കോണ്‍ഗ്രസ് അടിയന്തരമായി മാറണം. പ്രവര്‍ത്തകരുമായി ബന്ധമുള്ള ശക്തമായ നേതൃനിരയുണ്ടാകണം... വ്യക്തമായ നയപരിപാടികള്‍ രൂപപ്പെടണം. അല്ലെങ്കില്‍ നൂറ് വര്‍ഷം കൊണ്ട് ഇന്ത്യയെ ഹൈന്ദവ രാജ്യമാക്കുമെന്ന് 1925 സെപ്റ്റംബറില്‍ ആര്‍.എസ്.എസ് ജന്മമെടുത്തപ്പോള്‍ കൈക്കൊണ്ട നാഗ്പൂര്‍ പ്രതിജ്ഞ അക്ഷരംപ്രതി നടപ്പിലാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.