'ഈ നുണകള്‍ വിശ്വസിക്കല്ലേ':റഷ്യന്‍ ചാനലില്‍ വാര്‍ത്താ വായന തടഞ്ഞ് പ്രതിഷേധം; രാജ്യത്തെ ഞെട്ടിച്ച് യുവതി

 'ഈ നുണകള്‍ വിശ്വസിക്കല്ലേ':റഷ്യന്‍ ചാനലില്‍ വാര്‍ത്താ വായന തടഞ്ഞ് പ്രതിഷേധം; രാജ്യത്തെ ഞെട്ടിച്ച് യുവതി


മോസ്‌കോ: 'നുണകള്‍ പരത്തിയുള്ള ഉക്രെയ്ന്‍ യുദ്ധം പുടിന്‍ നിര്‍ത്തണ'മെന്നാവശ്യപ്പെട്ട് റഷ്യന്‍ സ്റ്റേറ്റ് ടിവിയിലെ തല്‍സമയ വാര്‍ത്താ അവതരണം തടസ്സപ്പെടുത്തി യുവതി നടത്തിയ പ്രതിഷേധത്തില്‍ ഞെട്ടി രാജ്യം.ഈ ജനപ്രിയ ചാനലിലെ തന്നെ ജീവനക്കാരിയായ മരിയ ഒവ്സിയാനിക്കോവ ഏകാംഗ പ്രതിഷേധത്തിനു പിന്നാലെ അറസ്റ്റിലായെന്നാണ് മരിയയുടെ സുഹൃത്തുക്കള്‍ പറയുന്നത്.റഷ്യയിലെ ഏറ്റവും പ്രധാന വാര്‍ത്താ ചാനലുകളിലൊന്നാണിത്.

മോസ്‌കോ സമയം രാവിലെ 9.31 ന് ലൈവ് ബ്രോഡ്കാസ്റ്റിങ്ങിനിടെയാണ് മരിയ ബാനറുമേന്തി പ്രതിഷേധിക്കാനെത്തിയത്. ' യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തൂ, ഇവര്‍ കൃത്യമായ അജണ്ടയോടെ പറയുന്ന കള്ളങ്ങള്‍ നിങ്ങള്‍ വിശ്വസിക്കരുത്. റഷ്യക്കാര്‍ യുദ്ധത്തിന് എതിരാണ്' എന്നിങ്ങനെയാണ് യുവതി ഉയര്‍ത്തിയ ബാനറില്‍ കുറിച്ചിരിക്കുന്നത്.

ലൈവായി വാര്‍ത്ത വായിക്കുന്നതിന് ഇടയിലാണ് പിറകിലൂടെയെത്തിയ മരിയ പ്രതിഷേധം നടത്തിയത്. അതുകൊണ്ട് തന്നെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ക്കും ഇവരെ തടയാനാകില്ല.മരിയയുടെ ആക്രോശത്തെ മറികടന്ന് ന്യൂസ് റീഡര്‍ ടെലിപ്രോംപ്റ്ററില്‍ നിന്ന് വായന തുടരാന്‍ നടത്തിയെങ്കിലും ഫലിക്കാതായതോടെ ലൈവ് സ്ട്രീമിങ് വൈകാതെ നിര്‍ത്തി. വാര്‍ത്താ ചാനലിന്റെ ഭാഗത്ത് നിന്നും ഇവര്‍ക്കെതിരെ ഏറ്റവും കടുത്ത നടപടി ഉണ്ടാകുമെന്നാണ് വിവരം.

വാര്‍ത്താ സംപ്രേഷണം തടസ്സപ്പെടുത്തുന്നതിന് മുന്‍പായി മരിയ റഷ്യന്‍ അധിനിവേശത്തിനെതിരെ സംസാരിക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ' ഉക്രെയ്നില്‍ നടക്കുന്നത് അങ്ങേയറ്റം കുറ്റകരമായ കാര്യമാണ്. റഷ്യ അവര്‍ക്കെതിരെ ആക്രമണം നടത്തുകയാണ്. ഈ ആക്രമണങ്ങളുടെ എല്ലാം ഉത്തരവാദി ഒരാള്‍ മാത്രമാണ്. അത് വ്ളാഡിമിര്‍ പുടിനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഈ ചാനലില്‍ നിന്ന് നുണകള്‍ പറയുന്നു. അതില്‍ ഞാന്‍ ഖേദിക്കുന്നു. മനുഷ്യവിരുദ്ധമായ ഈ ഭരണകൂടം നടത്തിയ കുറ്റങ്ങളെല്ലാം ഞങ്ങള്‍ നിശബ്ദതയോടെ കണ്ടുനിന്നു. ഇന്നിപ്പോള്‍ ലോകം മുഴുവന്‍ നമുക്കെതിരെ തിരിഞ്ഞിരിക്കുകയാണ്'-മരിയയുടെ വാക്കുകള്‍.

'ഹംസഗാന'വുമായി ചാനല്‍

അതിക്രൂരമായ അധിനിവേശം റഷ്യ തുടരുമ്പോള്‍ യുദ്ധത്തിനെതിരെയാണ് ലോകം മുഴുവന്‍ സംസാരിക്കുന്നത്. റഷ്യയില്‍ തന്നെ യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി പ്രതിഷേധങ്ങള്‍ തീവ്രമാകുന്നുമുണ്ട്.ഈ മാസാദ്യം റഷ്യയിലെ ടെലിവിഷന്‍ ചാനലില്‍ ലൈവ് ഷോ നടക്കുന്നതിനിടെ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും രാജിവച്ചിറങ്ങി. യുദ്ധത്തോട് 'നോ' പറഞ്ഞുകൊണ്ടാണ് ഇവര്‍ തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.

ടി.വി റെയിന്‍ എന്ന ചാനലിലെ ജീവനക്കാരാണ് കൂട്ടരാജി വച്ച് യുദ്ധവിരുദ്ധ പ്രഖ്യാപനം നടത്തിയത്. ഉക്രെയ്‌നെതിരായ യുദ്ധം സംപ്രേഷണം ചെയ്തതിന് പിന്നാലെ ചാനലിന്റെ നടത്തിപ്പ് റഷ്യന്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തിരുന്നു. ചാനലിനെ സസ്‌പെന്റ് ചെയ്തതെന്തിനെന്നത് അവ്യക്തമാണെന്ന് സ്ഥാപകരിലൊരാളായ നതാലിയ സിന്ദെയെവ പറഞ്ഞു.

ചാനലിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് വന്നശേഷമുള്ള പരിപാടിയിലാണ് ജീവനക്കാര്‍ ഒന്നടങ്കം രാജിവച്ച് സ്റ്റുഡിയോയില്‍ നിന്ന് വാക്ക് ഔട്ട് നടത്തിയത്. ഇതിന് പിന്നാലെ ചാനലില്‍ 'സ്വാന്‍ ലേക്ക് ' ബാലെയുടെ വീഡിയോ സംപ്രേഷണം ചെയ്തു. 1991 ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ റഷ്യന്‍ ടിവി ചാനലില്‍ പ്രത്യക്ഷപ്പെട്ടത് ഇതേ 'ഹംസഗാന'മായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഉക്രെയ്‌നിലെ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് റഷ്യയിലെ 'എക്കോ ഓഫ് മോസ്‌കോ' എന്ന റേഡിയോ ചാനലും സമ്മര്‍ദ്ദത്തിലാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ റേഡിയോയുടെ എഡിറ്റോറിയല്‍ പോളിസി മാറ്റാനാകില്ലെന്നാണ് സ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അലക്‌സി വെനെഡിക്കോവ് പറയുന്നത്.

ഉക്രെയ്‌നില്‍ സംഭവിക്കുന്നതെന്തെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ റഷ്യന്‍ നടപടിയെ അമേരിക്ക അപലപിച്ചിരുന്നു. സത്യം പറയാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള യുദ്ധം എന്നാണ് ഇതിനെ അമേരിക്ക വിശേഷിപ്പിച്ചത്. റഷ്യയിലെ അമേരിക്കന്‍ അധിനിവേശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യന്‍ ജനതയെ അറിയിക്കാതിരിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും അമേരിക്ക പറഞ്ഞു.

ദശലക്ഷക്കണക്കിന് റഷ്യയിലെ പൗരന്മാര്‍ സ്വതന്ത്രമായ വിവരങ്ങളും അഭിപ്രായങ്ങളും ആക്‌സസ് ചെയ്യാന്‍ ആശ്രയിക്കുന്ന ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളെയും റഷ്യന്‍ സര്‍ക്കാര്‍ മരവിപ്പിച്ചതിനെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അുപലപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.