മോസ്‌കോ: ഉക്രെയ്‌നെതിരേയുള്ള യുദ്ധത്തില്‍ അസാധാരണമായ പ്രതിഷേധത്തിലൂടെ ശ്രദ്ധ നേടി റഷ്യന്‍ മാധ്യമപ്രവര്‍ത്തക. റഷ്യയിലെ സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലായ 'ചാനല്‍ വണി'ലാണ് യുദ്ധത്തിനെതിരെ മാധ്യമപ്രവര്‍ത്തകയുടെ വ്യത്യസ്ത പ്രതിഷേധമുണ്ടായത്. തത്സമയ വാര്‍ത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു സ്ഥാപനത്തിലെ ന്യൂസ് എഡിറ്റര്‍ മറീന ഒവ്സ്യാനിക്കോവയുടെ പ്രതിഷേധം. 'യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തൂ... പ്രൊപ്പഗാന്‍ഡകള്‍ വിശ്വസിക്കരുത്. ഇവരിവിടെ നിങ്ങളോട് കള്ളം പറയുകയാണ്..' എന്നു തുടങ്ങുന്നതായിരുന്നു പ്ലക്കാര്‍ഡിലെ കുറിപ്പുകള്‍. റഷ്യക്കാര്‍ യുദ്ധത്തിനെതിരാണെന്നും പ്ലക്കാര്‍ഡില്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഉക്രെയ്‌നില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതിന്റെ 19-ാം ദിവസമായിരുന്നു ചാനലില്‍ മാധ്യമപ്രവര്‍ത്തകയുടെ പ്രതിഷേധം. തത്സമയ സംപ്രേഷണത്തിനിടെ പ്ലക്കാര്‍ഡുമായി രംഗത്തെത്തിയ മറീനയെ ഉടന്‍ തന്നെ സ്ഥാപനത്തിലെ ജീവനക്കാര്‍ പിടിച്ചുമാറ്റി. ഇവരെ അറസ്റ്റ് ചെയ്ത് മോസ്‌കോ പോലീസ് സ്‌റ്റേഷനിലേക്കു മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒരു വീഡിയോയില്‍ മറീന ചാനല്‍ വണ്ണില്‍ പ്രവര്‍ത്തിക്കുന്നതിലും വ്യാജ പ്രചാരണം നടത്തുന്നതില്‍ ലജ്ജ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നിര്‍ഭാഗ്യവശാല്‍, വര്‍ഷങ്ങളോളം ഞാന്‍ ചാനല്‍ വണ്ണില്‍ പ്രവര്‍ത്തിക്കുന്നു. റഷ്യന്‍ ജനതയെ വിഡ്ഡികളാക്കിയ വ്യാജ പ്രചാരണത്തില്‍ ഏര്‍പ്പെട്ടതില്‍ ഞാന്‍ വളരെയധികം ലജ്ജിക്കുന്നു. ടെലിവിഷന്‍ സ്‌ക്രീനിലിരുന്ന് കള്ളം പറയേണ്ടി വരുന്നതില്‍ ലജ്ജിക്കുന്നു. 2014-ല്‍ ചാനല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ഞങ്ങള്‍ നിശബ്ദരായിരുന്നു. പുടിന്‍ വിമര്‍ശകനായ റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്ക് വിഷം കൊടുത്തപ്പോള്‍ പോലും ഞങ്ങള്‍ പ്രതിഷേധിച്ചില്ല-മറീന വീഡിയോയില്‍ പറയുന്നു.
മനുഷ്യത്വവിരുദ്ധമായ ഈ ഭരണത്തെ ഞങ്ങള്‍ നിശബ്ദമായി നിരീക്ഷിക്കുകയാണ്. ലോകം മുഴുവന്‍ നമ്മില്‍നിന്ന് അകന്നുപോയിരിക്കുന്നു, അടുത്ത 10 തലമുറകള്‍ക്ക് ഈ യുദ്ധത്തിന്റെ നാണക്കേടില്‍നിന്ന് സ്വയം ശുദ്ധീകരിക്കാന്‍ കഴിയില്ല. വീഡിയോയില്‍ തന്റെ അച്ഛന്‍ ഉക്രെയ്‌നിയനും അമ്മ റഷ്യനും ആണെന്നും അവര്‍ ഒരിക്കലും ശത്രുക്കളല്ലെന്നും മറീന പറയുന്നുണ്ട്.
ഉക്രെയ്‌നില്‍ നടക്കുന്നത് കുറ്റകൃത്യമാണ്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു വ്യക്തിയുടെ ചുമലിലാണ്-വ്ളാഡിമിര്‍ പുടിന്‍. യുദ്ധവിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കുചേരാന്‍ അവര്‍ റഷ്യക്കാരോട് അഭ്യര്‍ത്ഥിച്ചു. 'ഈ ഭ്രാന്തിനെ തടയാന്‍ നമുക്ക് മാത്രമേ അധികാരമുള്ളൂ. പ്രതിഷേധ സമരങ്ങളിലേക്കു പോകുക. ഒന്നിനെയും ഭയപ്പെടരുത്. അവര്‍ക്ക് എല്ലാവരെയും തടവിലാക്കാന്‍ കഴിയില്ല'-ഇങ്ങനെ പോകുന്ന മറീനയുടെ വാക്കുകള്‍.
മാധ്യമപ്രവര്‍ത്തകയെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അഭിനന്ദിച്ചു. സത്യം വിളിച്ചുപറയാന്‍ മടിക്കാത്ത റഷ്യക്കാരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം കുറിച്ചു. വ്യാജവാര്‍ത്തകളോട് പോരാടി സത്യവും യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയുന്നവര്‍ക്കും വ്യക്തിപരമായി ചാനല്‍ വണ്‍ സ്റ്റുഡിയോയില്‍ യുദ്ധവിരുദ്ധ പോസ്റ്ററുമായി എത്തിയ വനിതയ്ക്കും നന്ദിയെന്നു സെലന്‍സ്‌കി കുറിച്ചു.
അതേസമയം, മാധ്യമപ്രവര്‍ത്തക മറീനയുടെ നടപടിക്കെതിരെ റഷ്യന്‍ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തയുടെ നടപടി ഗുണ്ടാപ്രവര്‍ത്തനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. ടെലിവിഷന്‍ ചാനലും ഉത്തരവാദപ്പെട്ടവരും വിഷയം പരിശോധിച്ചുവരികയാണെന്നും പെസ്‌കോവ് കുറിച്ചു.
റഷ്യന്‍ സൈന്യത്തെക്കുറിച്ചുള്ള 'വ്യാജ വാര്‍ത്തകള്‍' പ്രചരിപ്പിക്കുന്നത് കുറ്റകരമാക്കിയ പുതിയ നിയമത്തിന് കീഴില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് 15 വര്‍ഷം വരെ തടവ് ലഭിക്കാം.
റഷ്യക്കാരോട് പ്രതിഷേധിക്കാന്‍ പറഞ്ഞുകൊണ്ട് 'ആഭ്യന്തര കലാപം' പ്രോത്സാഹിപ്പിച്ചതിനും നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.