ചൈനയെ വിരട്ടി 'സ്റ്റെല്‍ത്ത്' ഒമിക്രോണ്‍ ; സമ്പൂര്‍ണ ലോക്ഡൗണില്‍ ഞെരുങ്ങി 13 നഗരങ്ങള്‍

 ചൈനയെ വിരട്ടി 'സ്റ്റെല്‍ത്ത്' ഒമിക്രോണ്‍ ; സമ്പൂര്‍ണ ലോക്ഡൗണില്‍ ഞെരുങ്ങി 13 നഗരങ്ങള്‍


ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം രൂക്ഷമായതോടെ 13 നഗരങ്ങള്‍ ലോക്ഡൗണില്‍.ഇതു കൂടാതെ ചില നഗരങ്ങളില്‍ ഭാഗിക ലോക്ഡൗണും ഏര്‍പ്പെടുത്തി. ഒമിക്രോണിന്റെ 'സ്റ്റെല്‍ത്ത്' ഉപ വകഭേദമാണിപ്പോള്‍ ജനങ്ങളെ രോഗികളാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഓരോ ദിവസവും പുതിയ കേസുകളുടെ എണ്ണം ഇരട്ടിയിലധികമാകുന്നതായുള്ള കണക്കും പുറത്തുവന്നു.

കൊറോണ വൈറസ് കണ്ടെത്തിയ ആദ്യ നാളുകള്‍ക്ക് ശേഷം കോവിഡ് -19 കേസുകളില്‍ ചൈന ഏറ്റവും വലിയ കുതിച്ചുചാട്ടത്തിനാണിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ചൊവ്വാഴ്ച 24 മണിക്കൂറിനുള്ളില്‍ 5,200-ലധികം പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.ഏകദേശം 30 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനകം ലോക്ക്ഡൗണിലാണ്.

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ഹോങ്കോംഗ് അതിര്‍ത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെന്‍സെനിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഹോങ്കോഗ് നഗരത്തിലെ ഐ-ഫോണ്‍ നിര്‍മ്മാണ പ്ലാന്റും പ്രവര്‍ത്തനം നിര്‍ത്തി. ഹോങ്കോംഗ് അതിര്‍ത്തിയും അടച്ചിരിക്കുകയാണ്.കൂടാതെ, 13 നഗരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടി. ബസ്, ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി.


ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ കൊറോണ വ്യാപനം കുറഞ്ഞ് ജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങുമ്പോള്‍, ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം രൂക്ഷമാകുകയാണെന്ന് നഗരവാസികള്‍ ആശങ്ക പ്രകടിപ്പിച്ചു.ജിലിന്‍ പ്രവിശ്യയിലാണ് ഏറ്റവും അധികം ഒമിക്രോണ്‍ രോഗികളുള്ളത്. ഏകദേശം 3,000ലധികം ഒമിക്രോണ്‍ കേസുകള്‍ ഇന്ന് ജിലിനില്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച നഗരങ്ങളിലുള്ള ഓരോ വ്യക്തിയും മൂന്ന് വട്ടം കൊറോണ പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് അധികൃതര്‍ അറിയിച്ചത്. പരിശോധനയ്ക്ക് വേണ്ടി മാത്രമേ വീടുകളില്‍ നിന്നും പുറത്തിറങ്ങാവൂ എന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, ചൈനയില്‍ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായത് ഓഹരി വിപണിയെ ഉള്‍പ്പെടെ ബാധിച്ചിരിക്കുകയാണെന്ന് ഭരണകൂടം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.