വിശുദ്ധ ഹേരിബെര്‍ട്ട്: മഴയ്ക്കു വേണ്ടി വിശ്വാസികള്‍ വിളിച്ചപേക്ഷിക്കുന്ന നാമം

വിശുദ്ധ ഹേരിബെര്‍ട്ട്: മഴയ്ക്കു വേണ്ടി വിശ്വാസികള്‍ വിളിച്ചപേക്ഷിക്കുന്ന നാമം

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 16

വേംസിലെ രാജാവായിരുന്ന ഹ്യൂഗോയുടെ മകനായിരുന്നു ഹേരിബെര്‍ട്ട്. വേംസിലെ കത്തീഡ്രല്‍ സ്‌കൂളിലും ഫ്രാന്‍സിലെ ലൊറൈനിലുള്ള ബെനഡിക്ടന്‍ ഗോര്‍സെ ആശ്രമത്തിലുമായിട്ടായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 994 ല്‍ തന്റെ 24 ാമത്തെ വയസില്‍ അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചു. പിന്നീട് കത്തീഡ്രലിലെ അധികാരിയായി അദ്ദേഹം വേംസില്‍ തിരിച്ചെത്തി.

അതേവര്‍ഷം തന്നെ ഒട്ടോ മൂന്നാമന്‍ ഹേരിബെര്‍ട്ടിനെ ഇറ്റലിയിലെ തന്റെ സ്ഥാനപതിയായി നിയമിച്ചു. 998 ല്‍ അദ്ദേഹം കൊളോണിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അന്നത്തെ ചക്രവര്‍ത്തിയായിരുന്ന ഹെന്റി ദ്വിതീയന്‍ ഹേരിബെര്‍ട്ടിനെ കുറച്ചു കാലം തടവില്‍ പാര്‍പ്പിച്ചു. പിന്നീട് തെറ്റു മനസിലാക്കിയ ചക്രവര്‍ത്തി അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും രമ്യതപ്പെടുകയും ചെയ്തു. കുറച്ചു കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ പരിശുദ്ധ പിതാവ് ജെര്‍മ്മനിയുടെ സ്ഥാനപതിയാക്കി.

1002 ജനുവരി 23ന് ഒട്ടോ മൂന്നാമന്‍ മരിക്കുന്നത് വരെ വിശുദ്ധന്‍ ആ പദവിയില്‍ തുടര്‍ന്നു. ഡിയൂട്‌സിലെ പ്രശസ്തമായ ആശ്രമം പണികഴിപ്പിച്ചത് ഹേരിബെര്‍ട്ടാണ്. നിരവധി അത്ഭുത പ്രവര്‍ത്തനങ്ങളും വിശുദ്ധന്റെ പേരിലുണ്ട്. അക്കാലങ്ങളിലുണ്ടായ കഠിനമായ വരള്‍ച്ചയെ തടഞ്ഞത് അദ്ദേഹത്തിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ വഴിയാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ഇന്നും വരള്‍ച്ചയുടെ നാളുകളില്‍ മഴക്ക് വേണ്ടി വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്നത്.

1021 മാര്‍ച്ച് 16ന് കൊളോണില്‍ വെച്ച് വിശുദ്ധന്‍ മരണമടയുകയും ഡിയൂട്‌സില്‍ അടക്കം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിത കാലത്ത് തന്നെ ഹേരിബെര്‍ട്ടിനെ വിശുദ്ധനായി വണങ്ങി വന്നിരുന്നു. 1074 ല്‍ വിശുദ്ധ ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പാ ഹേരിബെര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1.സിറിയന്‍ സന്യാസിയായ ആനിനൂസ്

2.എദേസായിലെ സന്യാസിയായ അബ്രഹാം

3. വിശുദ്ധ പാട്രിക്കിന്റെ സമകാലികനായ അബ്ബാന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26