കീവ്: ഉക്രെയ്‌നില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ചതു മുതല്‍ ഇതുവരെ കൊല്ലപ്പെട്ടത് 97 കുട്ടികള്‍. പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യന്‍ സൈന്യം എല്ലാം തകര്‍ക്കുകയാണെന്നും വീഡിയോ വഴി നടത്തിയ അഭിസംബോധനയില്‍ സെലന്‍സ്‌കി ആരോപിച്ചു. ഉക്രെയ്‌നിലെ സ്മാരക സമുച്ചയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവ റഷ്യന്‍ സൈന്യം നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. കനേഡിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ അധിനിവേശത്തെ സംബന്ധിച്ച് വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിക്കുവേണ്ടിയാണ് ഉക്രെയ്ന്‍ പോരാടുന്നതെന്നും ഈ പോരാട്ടത്തില്‍ ഞങ്ങളെ പിന്തുണച്ച് കൂടെ നില്‍ക്കാനാണ് മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പിന്തുണ മാത്രമാണ് ഈയവസരത്തില്‍ തങ്ങള്‍ക്കു വേണ്ടത്. ഉക്രെയ്‌ന് ഒരിക്കലും നാറ്റോയില്‍ അംഗമാകാന്‍ കഴിയില്ലെന്ന് ഈ അധിനിവേശത്തിലൂടെ തെളിയിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ചര്‍ച്ചകള്‍ക്കിടയിലും ഉക്രെയ്ന്‍ തലസ്ഥാനത്ത് അടക്കം റഷ്യന്‍ സൈന്യം ആക്രമണം തുടരുകയാണ്. കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഡിനിപ്രോ വിമാനത്താവളത്തിനു നേരേയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ റണ്‍വേയ്ക്കും ടെര്‍മിനല്‍ കെട്ടിടത്തിനും വന്‍ നാശനഷ്ടം ഉണ്ടായി. ശക്തമായ അക്രമണമാണ് നടന്നതെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്‌നിചെങ്കോ പറഞ്ഞു. നഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നും അവസാനം വിജയം ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വിമാനത്താവളം ലക്ഷ്യമാക്കി റഷ്യ നടത്തിയ റോക്കറ്റാക്രമണത്തില്‍ ആള്‍നാശം സംഭവിച്ചോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സമാധാന ചര്‍ച്ചകള്‍ തുടരുമ്പോഴും റഷ്യ ആക്രമണം ശക്തമാക്കുകയാണ്. ഷെല്ലാക്രമണം ശക്തമായതോടെയാണ് ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണിവരെയാണ് കര്‍ഫ്യൂ എന്ന് മേയര്‍ വിറ്റാലി അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചയോടെ കീവില്‍ രണ്ട് വലിയ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അപകടകരമായ നിമിഷത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ഫ്യൂ സമയത്ത് ആളുകള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും മേയര്‍ നല്‍കി. ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ മാത്രമാണ് ജനങ്ങള്‍ക്ക് അനുമതിയുള്ളതെന്ന് അവര്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരണം സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഉക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടു. ഇതിനിടയിലും യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.