പെര്‍ത്തില്‍ അമ്മയുടെയും രണ്ടു മക്കളുടെയും മരണം ആത്മഹത്യയെന്നു നിഗമനം; പിതാവ് വിവരമറിഞ്ഞത് യു.എസിലേക്കുള്ള യാത്രാമധ്യേ

പെര്‍ത്തില്‍ അമ്മയുടെയും രണ്ടു മക്കളുടെയും മരണം ആത്മഹത്യയെന്നു നിഗമനം; പിതാവ് വിവരമറിഞ്ഞത് യു.എസിലേക്കുള്ള യാത്രാമധ്യേ

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ കാറിനുള്ളില്‍ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പോലീസ്. തമിഴ്‌നാട് സ്വദേശികളുടെ മരണത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ ഇല്ലെന്നും പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പോലീസ് പറഞ്ഞു.

ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൂഗീയില്‍ ജോണ്‍ ഗ്രഹാം റിസര്‍വിലെ പാര്‍ക്കിങ്ങിലാണ് ഹോണ്ട ജാസ് കാര്‍ കത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചപ്പോഴേക്കും 40 വയസുള്ള സ്ത്രീയും 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളും പിന്‍സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇന്നലെ രാവിലെ സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ പിതാവ് അമേരിക്കയിലേക്കുള്ള യാത്രാമധ്യേയായിരുന്നു. ദോഹ എയര്‍പോര്‍ട്ടില്‍ വെച്ച് വിവരം അറിഞ്ഞതിനെതുടര്‍ന്ന് യാത്ര റദ്ദാക്കി പെര്‍ത്തില്‍ തിരിച്ചെത്തി.

കുടുംബം അഞ്ച് വര്‍ഷമായി പെര്‍ത്തിനു സമീപമുള്ള കൂഗീയിലാണു താമസിക്കുന്നത്. സ്ത്രീ ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സാണ്. ഭര്‍ത്താവും ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ്. എട്ടു വയസുള്ള ആണ്‍കുട്ടിയും 10 വയസുള്ള പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.

ഭാര്യയുടെയും മക്കളുടെയും മരണവിവരമറിഞ്ഞ പിതാവ് അതിന്റെ ആഘാതത്തില്‍നിന്നു മുക്തനായിട്ടില്ല. ദമ്പതികള്‍ തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നതെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു. ആത്മഹത്യ എന്ന നിലയിലാണ് അന്വേഷിക്കുന്നതെങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ കത്തുന്നതിനു തൊട്ടുമുമ്പ് വെടിയുതിര്‍ക്കുന്നതു പോലുള്ള ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഈ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. കാറില്‍ തീ ആളിക്കത്തിയതിനെതുടര്‍ന്നുണ്ടായ പൊട്ടിത്തെറിയാകാനാണു സാധ്യതയെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 11 മണിയോടെ കാനിംഗ് വെയ്ലിലാണ് അമ്മയെയും കുട്ടികളെയും അവസാനമായി കണ്ടത്. യുവതിയെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടതായാണ് പോലീസിനു കിട്ടിയ വിവരം.

തുടര്‍ന്ന് ഉച്ചയ്ക്ക് 11.45-നാണ് പെര്‍ത്തിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. പന്ത്രണ്ട് മണിയോടെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണിച്ചശേഷമാണ് ദാരുണമായ കാഴ്ച്ച കണ്ടത്. പാര്‍ക്കില്‍ നിരവധി ആളുകള്‍ തീപിടിത്തത്തിനു സാക്ഷിയായെങ്കിലും വാഹനത്തിനുള്ളില്‍ മൂന്നു പേരുണ്ടായിരുന്നതായി ആരും തിരിച്ചറിഞ്ഞില്ല.

ഫോറന്‍സിക് പോലീസും ഡിറ്റക്ടീവുകളും ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

കൂടുതല്‍ വായനയ്ക്ക്: 

പെര്‍ത്തില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയും രണ്ടു മക്കളും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.