ചര്‍ച്ചകളില്‍ നേരിയ പുരോഗതി; സൂചനകള്‍ ആശാവഹമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ്

ചര്‍ച്ചകളില്‍ നേരിയ പുരോഗതി; സൂചനകള്‍ ആശാവഹമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ്

കീവ്: റഷ്യ അഴിച്ചുവിട്ട യുദ്ധത്തിനു വിരാമം കുറിക്കാനുള്ള ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടെന്ന സൂചന പുറത്തുവിട്ട് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. 'പരസ്പര ആശയവിനിമയം തുടരുകയാണ്. നിലപാടുകള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമാര്‍ജ്ജിക്കുന്നതായി തോന്നുന്നു. എന്നാല്‍ തീരുമാനങ്ങള്‍ ഉക്രെയ്‌നിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായേ പറ്റൂ. ഇനിയും സമയം ആവശ്യമാണ് '- ഏറ്റവും പുതിയ വീഡിയോ സന്ദേശത്തില്‍ സെലെന്‍സ്‌കി ലോകത്തോടു പറഞ്ഞു.

യു.എസ് നേതൃത്വത്തിലുള്ള നാറ്റോയില്‍ അംഗമാകാന്‍ ഉക്രെയ്‌നു സാധിക്കില്ലെന്ന് സെലെന്‍സ്‌കി അറിയിച്ചത് നിര്‍ണ്ണായക സംഭവവികാസമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വസ്തുത എല്ലാവരും അംഗീകരിക്കണമെന്ന് സൈനിക മേധാവികളുമായുള്ള യോഗത്തിലാണ് സെലെന്‍സ്‌കി പറഞ്ഞത്. ഉക്രെയ്ന്‍ നാറ്റോയില്‍ അംഗത്വമെടുക്കരുതെന്നതാണ് റഷ്യയുടെ പ്രധാന ആവശ്യം. റഷ്യയുമായി നാലാം വട്ട ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലുള്ള സുപ്രധാന തീരുമാനം യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായകമാകുമെന്ന് ചില നിരീക്ഷകര്‍ കരുതുന്നതായി റിപ്പോര്‍ട്ടുണ്ട്.

തുറമുഖ നഗരമായ മരിയുപോളിനെക്കുറിച്ചുള്ള ഭയം രൂക്ഷമായിരിക്കെയാണ് റഷ്യയുമായുള്ള ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് സൂചിപ്പിച്ചത്.'അനുരഞ്ജന ശ്രമങ്ങള്‍ ഇനിയും ആവശ്യമാണ്, ക്ഷമയും വേണം' അദ്ദേഹം പറഞ്ഞു. 'ഏത് യുദ്ധവും ഒരു കരാറില്‍ അവസാനിക്കുന്നു.' അതേസമയം, ഉക്രേനിയയുടെ ചര്‍ച്ചാസംഘത്തിലുള്ള പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖെലോ പോഡോലിയാക് പറഞ്ഞത് ഇരുപക്ഷങ്ങള്‍ക്കുമിടയില്‍ 'അടിസ്ഥാന വൈരുദ്ധ്യങ്ങള്‍' ഇപ്പോഴുമുണ്ടെന്നാണ്. എന്നാല്‍ 'തീര്‍ച്ചയായും വിട്ടുവീഴ്ചയ്ക്ക് ഇടമുണ്ട്'.

സെലെന്‍സ്‌കി ഇന്ന് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. ഇതിനിടെ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള കൂടുതല്‍ സൈനിക സഹായവും മിസൈല്‍ പ്രതിരോധവും ഉള്‍പ്പെടെ റഷ്യയെ തടയുന്നതിനുള്ള പുതിയ പദ്ധതികള്‍ തയ്യാറാക്കാന്‍ നാറ്റോ സൈനിക മേധാവികളും ബ്രസല്‍സില്‍ യോഗം ചേരുമെന്ന് ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പറഞ്ഞു.

ചര്‍ച്ചകള്‍ 'കൂടുതല്‍ ക്രിയാത്മകമായി' മാറിയെന്നും ഉക്രെയ്ന്‍ കീഴടങ്ങണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നതു നിര്‍ത്തി റഷ്യ നിലപാട് മയപ്പെടുത്തിയെന്നും സെലെന്‍സ്‌കിയുടെ മറ്റൊരു സഹായി ഇഹോര്‍ സോവ്ക്വ പറഞ്ഞു. വീഡിയോ ലിങ്ക് വഴി ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചതായും ്അദ്ദേഹം പറഞ്ഞു.

ഇതിനിടെ, യുദ്ധം മൂന്നാം വാരത്തിലേക്ക് അടുക്കുകയും ഉക്രെയ്‌നിലെ നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം തുടരുകയും ചെയ്യുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 13.6 ബില്യണ്‍ ഡോളറിന്റെ സഹായമേകാനുള്ള രേഖയില്‍ ഒപ്പുവച്ചു. പുതിയ പിന്തുണയ്ക്ക് പ്രസിഡന്റ് ജോ ബൈഡനും ഉക്രെയ്നിന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും സെലെന്‍സ്‌കി നന്ദി പറഞ്ഞു.

ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള അപ്ഡേറ്റ് പ്രകാരം 'ഏറ്റവും മോശമായ സാഹചര്യം മരിയുപോളില്‍ നിലനില്‍ക്കുന്നു. അവിടെ നഗരത്തിന്റെ പടിഞ്ഞാറും കിഴക്കും പ്രാന്തപ്രദേശത്ത് എതിരാളി തടസം സൃഷ്ടിച്ചിരിക്കുന്നു'. ചൊവ്വാഴ്ച വൈകിട്ട് നടന്ന മറ്റൊരു ആക്രമണത്തില്‍ റഷ്യന്‍ സൈന്യം മരിയുപോളിലെ ഒരു ആശുപത്രി പിടിച്ചെടുത്തതായും 500 ഓളം പേരെ ബന്ദികളാക്കിയതായും പ്രാദേശിക നേതാവ് പാവ്ലോ കിറിലെങ്കോ പറഞ്ഞു.ഇന്നു രാവിലെ കീവില്‍ പാര്‍പ്പിട സമുച്ചയത്തിനു നേരെ ഷെല്ലാക്രമണം ഉണ്ടായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.