കാനഡയിലെ ജനപ്രതിനിധികളോട് സെലെന്‍സ്‌കി:'നിങ്ങളുടെ രാജ്യത്ത് പുലര്‍ച്ചെ നാലിന് ബോംബിട്ടാല്‍ എന്താവും സ്ഥിതി?'

കാനഡയിലെ ജനപ്രതിനിധികളോട് സെലെന്‍സ്‌കി:'നിങ്ങളുടെ രാജ്യത്ത് പുലര്‍ച്ചെ നാലിന് ബോംബിട്ടാല്‍ എന്താവും സ്ഥിതി?'

ഒട്ടാവ: കാനഡയുടെ ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് കോമണ്‍സിനെ വീഡിയോയില്‍ അഭിസംബോധന ചെയത് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി നടത്തിയ പ്രസംഗത്തോട് രാജ്യത്തെ ആയിരക്കണക്കിന് ഉക്രേനിയക്കാര്‍ പ്രതികരിച്ചത് ഏറെ വികാര നിര്‍ഭരമായി. കരയുദ്ധത്തിലൂടെ ഇരച്ചുകയറുന്ന റഷ്യയെ പ്രതിരോധിക്കാന്‍ കാര്യമായ സഹായം ലഭിക്കാത്തതിലുള്ള നിരാശ വ്യക്തമാക്കുന്നതായിരുന്നു സെലന്‍സ്‌കിയുടെ വാക്കുകള്‍.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെയാണ് സെലന്‍സ്‌കി വാചാലനായത്. വിശാലമായ ഉക്രെയ്ന്റെ ആകാശമാര്‍ഗ്ഗം റഷ്യ ഉപയോഗിക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ക്ക് സഹായം വൈകുന്നതിലെ ആശങ്ക പ്രസിഡന്റ് തുറന്നു പറഞ്ഞു. ഇതിനിടെ കാനഡ കുറച്ചെങ്കിലും പിന്തുണ നല്‍കുന്നതിലുള്ള നന്ദിയും അറിയിച്ചു.

നിങ്ങളുടെ രാജ്യത്ത് പുലര്‍ച്ചെ 4 മണിക്ക് ബോംബ് വീണാലുള്ള അവസ്ഥയെന്തായിരിക്കും? കുട്ടികളടക്കം ബോംബിംഗിന്റെ ശബ്ദത്താല്‍ നിലവിളിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒട്ടാവ വിമാനത്താവളത്തില്‍ ബോംബ് വീണാലുള്ള അവസ്ഥയെന്തായിരിക്കും? കാനഡയടക്കമുള്ള രാജ്യങ്ങളോട് സെലന്‍സ്‌കി ചോദിച്ചു.

'ഇതുവരെ 97 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം പലായനം ചെയ്യുകയായിരുന്ന ഉക്രെയ്നികള്‍ സഞ്ചരിച്ച വാഹന വ്യൂഹത്തെ റഷ്യ ആക്രമിച്ചതോടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ ഉക്രെയ്നെ പൂര്‍ണ്ണമായും പിടിക്കുക എന്ന ഉദ്ദേശ്യമില്ലെന്നും തിരികെ ആക്രമിക്കുന്നത് നിര്‍ത്തിയാല്‍ ഉടന്‍ യുദ്ധം നിര്‍ത്തുമെന്നുമുള്ള നയം പുടിന്‍ ആവര്‍ത്തിക്കുകയാണ്.'

'എല്ലാവരും സുഹൃത്തുക്കളാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. റഷ്യ ഒരോ നിമിഷവും ആക്രമിച്ചു കയറുകയാണ്. ഞങ്ങള്‍ പരമാവധി പ്രതിരോധിക്കുന്നുണ്ട്. എന്നാല്‍ വിശാലമായ ഭൂപ്രദേശത്ത് റഷ്യയുടെ വ്യോമസേന കടക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കരുത്ത് പോരാ. അതിന് ആകാശപാത അടയ്ക്കുക തന്നെ വേണം. പക്ഷെ സമയമായിട്ടില്ല കുറച്ചുകൂടി ക്ഷമിക്കൂ എന്ന് പറയുന്നത് വേദനയുണ്ടാക്കുന്നു.' സെലന്‍സ്‌കി പറഞ്ഞു.

നിങ്ങള്‍ ഞങ്ങള്‍ക്കായി നിരവധി സഹായ വാഗ്ദാനങ്ങള്‍ നടത്തി. അതെല്ലാം തുടക്കത്തിലെ ആവശ്യത്തിനായിരുന്നു. ജീവന്‍രക്ഷാ സഹായവും നല്‍കിക്കൊണ്ടിരിക്കുന്നു. റഷ്യക്കെതിരെ നിരവധി ഉപരോധങ്ങളും ഏര്‍പ്പെടുത്തി. എന്നാല്‍ അതൊന്നും യുദ്ധം ഇല്ലാതാക്കിയില്ലെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. ഉക്രേനിയന്‍ കനേഡിയന്‍ കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറി കാസിയന്‍ സോള്‍ട്ടികെവിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ എത്തി പ്രസംഗം വീക്ഷിച്ചു.

സാഭിമാനം; വേദനാപൂര്‍വം

ഉക്രേനിയക്കാര്‍ സെലന്‍സ്‌കിയുടെ അഭിസംബോധനയോട് അഭിമാനവും ഹൃദയ വേദനയും കലര്‍ത്തിയാണ് പ്രതികരിക്കുന്നത്.ഒട്ടാവയിലെ ഉക്രേനിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വലിയ ജനാവലി ഒരുമിച്ചുകൂടിയാണ് പ്രസംഗം ശ്രവിച്ചത്.'ഉക്രേനിയക്കാരെ സഹായിക്കുക, അദ്ദേഹം ആവശ്യപ്പെടുന്നത് അത്രയേയുള്ളൂ. ഉക്രെയ്ന്‍ ബലിയര്‍പ്പിക്കപ്പെടുകയാണ്'-സെലന്‍സ്‌കിയെ പിന്താങ്ങി പ്രമുഖ ഓര്‍ത്തഡോക്‌സ് സഭാംഗമായ നടാല്‍ക്ക ഫോട്ടി മേസണ്‍ പറഞ്ഞു.


'വളരെ ശ്രദ്ധേയമായിരുന്നു ആ പ്രസംഗം,' വിശ്വാസി സമൂഹാംഗമായ ഗബ്രിയേല ഗ്രെഫ്-ഇന്നസ് ചൂണ്ടിക്കാട്ടി.'വളരെ നല്ലയാളാണദ്ദേഹം. ഞങ്ങള്‍ എല്ലാവരോടും, എല്ലാ കാനഡക്കാരോടും അദ്ദേഹം സംസാരിച്ചു. നമുക്കെല്ലാവര്‍ക്കും ഹൃദയത്തില്‍ അത് അനുഭവപ്പെടുന്നു. ' ' എനിക്ക് ഇത് ഏറ്റവും വൈകാരികമായി അനുഭവപ്പെടുന്നു.അദ്ദേഹം എന്താണ് ആവശ്യപ്പെടുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു,'- വിശ്വാസി സമൂഹത്തിലെ സോഫിയ സാവ്കയുടെ വാക്കുകള്‍.'ഇപ്പോള്‍ ചെയ്യുന്നതിനപ്പുറമായ മറ്റ് മാര്‍ഗങ്ങള്‍ ഞങ്ങള്‍ക്കില്ല.'

തങ്ങളുടെയിടയിലെ നൂറുകണക്കിന് പേരാണ് എല്ലാ ചൊവ്വാഴ്ചയും ഉദാരമതികളുടെ സഹായം തേടുന്നത്.എല്ലാ വരുമാനവും ഉക്രെയ്‌നെ സഹായിക്കാന്‍ അയച്ചുകൊടുക്കുന്നു.ആളുകള്‍ക്ക് ധരിക്കാന്‍ കഴിയുന്ന തരത്തില്‍ നീലയും മഞ്ഞയും നിറമുള്ള ചെറിയ ഉക്രേനിയന്‍ പതാകകളും അവര്‍ നിര്‍മ്മിക്കുന്നു. 'എല്ലാവരും പ്രസിഡണ്ട് സെലെന്‍സ്‌കിയുടെ പ്രവൃത്തികളില്‍ വളരെയധികം ആദരവും ആശ്ചര്യവുമള്ളവരാണ്' ആന്‍ജി റെഷിറ്റ്നിക് പറഞ്ഞു. 'അദ്ദേഹം ഒരു വീര നായകനാണെന്ന് ഞാന്‍ കരുതുന്നു. തന്റെ രാജ്യത്തിനും താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നയാള്‍.'

'അവിശ്വസനീയമാംവിധം ശാന്തമായിരുന്നു സെലെന്‍സ്‌കിയുടെ പ്രസംഗം. അദ്ദേഹത്തിന്റെ വാക്കുകള്‍ എല്ലാവരും കേട്ടത് അതീവ ശ്രദ്ധയോടെയാണ്.'- ഉക്രേനിയന്‍ കനേഡിയന്‍ കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറി കാസിയന്‍ സോള്‍ട്ടികെവിച്ച് പറഞ്ഞു. സെലന്‍സ്‌കി ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിനെയും അഭിസംബോധന ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.