റഷ്യയില്‍ നിന്നും എണ്ണ: ഇന്ത്യയെ പിണക്കാതെ 'മയപ്പെടുത്തിയ അനിഷ്ടം' മാത്രം അറിയിച്ച് അമേരിക്കന്‍ നയതന്ത്രം

റഷ്യയില്‍ നിന്നും എണ്ണ: ഇന്ത്യയെ പിണക്കാതെ 'മയപ്പെടുത്തിയ അനിഷ്ടം' മാത്രം അറിയിച്ച് അമേരിക്കന്‍ നയതന്ത്രം

'എണ്ണ ഇടപാടിലൂടെ ഇന്ത്യ ഉപരോധം ലംഘിക്കുന്നില്ല. എന്നാല്‍ ഇത് ചരിത്രത്തിന്റെ ഏടുകളില്‍ ഇന്ത്യയെ തെറ്റായ വശത്ത് എത്തിക്കും'.

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും കുറഞ്ഞ വിലയില്‍ ഇന്ധനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കാതെ അമേരിക്കന്‍ നയതന്ത്രം. മയപ്പെടുത്തിയ അനിഷ്ടം മാത്രമാണ് വൈറ്റ് ഹൗസില്‍ നിന്നും ഉണ്ടായത്.

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ലോക രാഷ്ട്രങ്ങളുടെ കടുത്ത ഉപരോധത്തില്‍ സാമ്പത്തികമായി വലയുന്ന റഷ്യന്‍ എണ്ണ കമ്പനികള്‍ വന്‍ വിലക്കുറവില്‍ ഇന്ത്യയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. തുടക്കത്തില്‍ പ്രതികരിച്ചില്ലെങ്കിലും ഇപ്പോള്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ തീരുമാനിച്ച രാജ്യത്തെ മുന്‍നിര റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മെയ് മാസത്തെ വിതരണത്തിനായുള്ള എണ്ണ വാങ്ങലില്‍ മൂന്ന് ദശലക്ഷം ബാരല്‍ റഷ്യയില്‍ നിന്നും കൊണ്ടുവരാന്‍ തീരുമാനിച്ചു.

ഇതേപ്പറ്റിയുള്ള അമേരിക്കയുടെ പ്രതികരണത്തില്‍ എണ്ണ ഇടപാടിലൂടെ ഇന്ത്യ ഉപരോധം ലംഘിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. എന്നാല്‍ ഇത് ചരിത്രത്തിന്റെ ഏടുകളില്‍ ഇന്ത്യയെ തെറ്റായ വശത്ത് എത്തിക്കും.

ഞങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും ശുപാര്‍ശ ചെയ്തതുമായ ഉപരോധങ്ങള്‍ മറ്റു രാജ്യങ്ങളും പാലിക്കണമെന്നാണ് ഞങ്ങളുടെ സന്ദേശം എന്നു പറഞ്ഞ സാക്കി ഓഫര്‍ വിലയില്‍ ഇന്ത്യ റഷ്യയുടെ എണ്ണ വാഗ്ദ്ധാനം സ്വീകരിക്കുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് ഉപരോധത്തിന്റെ ലംഘനമാണെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി.

ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ പരസ്യമായി ഇന്ത്യ പിന്തുണച്ചിട്ടില്ല. എന്നാല്‍ റഷ്യയ്ക്കെതിരെയുള്ള ഐക്യരാഷ്ട്ര പ്രമേയങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. അതേസമയം നയതന്ത്ര ബന്ധങ്ങളിലൂടെ ഇരു രാഷ്ട്രങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. റഷ്യന്‍ സൈനിക സാമഗ്രികളെയാണ് പ്രധാനമായും ഇന്ത്യ ആശ്രയിക്കുന്നതിനാലാണെന്നാണ് ഇന്ത്യയെ റഷ്യയ്ക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.

ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്‌നില്‍ ആക്രമണം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കത്തിക്കയറുകയായിരുന്നു. ക്രൂഡ് വില ബാരലിന് 130 ഡോളര്‍ വരെ എത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എണ്ണവില വര്‍ധിക്കുന്നത് ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആവശ്യമായ എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുദ്ധത്തിന് തൊട്ടു പിന്നാലെ റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് ഇന്ത്യയ്ക്ക് വലിയ കിഴിവില്‍ എണ്ണ നല്‍കാന്‍ തയ്യാറായ റഷ്യന്‍ കമ്പനികളോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചു എന്നതാണ് വസ്തുത. റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഈ തീരുമാനമെടുത്തത്. ഇന്ത്യയ്ക്ക് 27 ശതമാനം വരെ വിലക്കിഴിവാണ് റഷ്യന്‍ എണ്ണ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റോസ്നെഫെറ്റാണ് കൂടുതല്‍ ഇളവ് ഓഫര്‍ ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര ഉപരോധങ്ങളാല്‍ വ്യാപാരം നടത്താനാവാത്ത അവസ്ഥയുണ്ടാകുമോ എന്ന ഭയമാണ് റഷ്യയെ ഇന്ത്യയോട് അടുപ്പിക്കുന്നത്. പതിനാല് വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന വില എണ്ണയ്ക്കുള്ളപ്പോള്‍ റഷ്യന്‍ കമ്പനികള്‍ നീട്ടുന്ന ഓഫര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ആകര്‍ഷകമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.