ബ്ലാസ്റ്റേഴ്‌സിന് കലാശപ്പോരാട്ടത്തില്‍ എതിരാളികള്‍ ഹൈദരാബാദ്; ഫൈനല്‍ ഞായറാഴ്ച്ച

ബ്ലാസ്റ്റേഴ്‌സിന് കലാശപ്പോരാട്ടത്തില്‍ എതിരാളികള്‍ ഹൈദരാബാദ്; ഫൈനല്‍ ഞായറാഴ്ച്ച

പനാജി: ആവേശപ്പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനോട് 1-0 ത്തിന് തോറ്റെങ്കിലും ആദ്യ പാദത്തിലെ മിന്നും ജയത്തിന്റെ ബലത്തില്‍ ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ ഫൈനലില്‍. ഇരു പാദത്തിലുമായി 3-2 ന്റെ ജയമാണ് ഹൈദരാബാദിന് ലഭിച്ചത്. ഞായറാഴ്ച്ച നടക്കുന്ന കലാശ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ് ഹൈദരാബാദിന്റെ എതിരാളികള്‍. ഞായറാഴ്ച്ച ആരു ജയിച്ചാലും ഐഎസ്എല്ലില്‍ കന്നി കിരീട നേട്ടമാകും.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കെങ്കിലും മത്സരം എത്തിക്കണമെങ്കില്‍ രണ്ട് ഗോളെങ്കിലും വേണമെന്ന അവസ്ഥയിലാണ് എടികെ രണ്ടാം പാദ സെമി കളിക്കാനിറങ്ങിയത്. ആദ്യ പകുതിയില്‍ ഗോളൊന്നും വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ ഹൈദരാബാദിന് സാധിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ച എടികെ 79 മത്തെ മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. റോയ് കൃഷ്ണയായിരുന്നു സ്‌കോറര്‍.

ഒരു ഗോള്‍ കൂടി അടിച്ചാല്‍ ഷൂട്ടൗട്ടിലേക്ക് പോകാമെന്ന അവസ്ഥയില്‍ എടികെ അവസാന മിനിറ്റുകളില്‍ ആക്രമണം ശക്തമാക്കി. എന്നാല്‍ തട്ടിയും മുട്ടിയും ഹൈദരാബാദ് മറ്റൊരു ഗോള്‍ കൂടി വഴങ്ങാതെ പിടിച്ചു നിന്നു. ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ പ്രകടനം ഹൈദരാബാദിന് തുണയായി.

ഞായറാഴ്ച്ച ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും നേര്‍ക്കുനേര്‍ വരുമ്പോള്‍ സാമ്യതകളേറെയാണ്. ഇരുടീമുകളുടെയും ഹോംജേഴ്‌സി മഞ്ഞയാണ്. ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം വട്ടമാണ് ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദിന് ഇത് കന്നി ഫൈനലും. ഇരു ടീമുകളും ഇതുവരെ കിരീടം നേടിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.