'ഉക്രെയ്‌നിലെ യുദ്ധം നിര്‍ത്തി വയ്ക്കണം': റഷ്യയോട് ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി

 'ഉക്രെയ്‌നിലെ യുദ്ധം നിര്‍ത്തി വയ്ക്കണം': റഷ്യയോട് ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി

ഹേഗ്: ഉക്രെയ്‌നിലെ സൈനിക ഓപ്പറേഷന്‍ നിര്‍ത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. റഷ്യയുടെ നിയന്ത്രണത്തിലോ മോസ്‌കോയുടെ പിന്തുണയിലോ ഉള്ള മറ്റ് ശക്തികള്‍ സൈനിക നടപടി തുടരരുതെന്ന് റഷ്യ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ അന്തിമ തീരുമാനം വരുന്നതുവരെ, സൈനിക നടപടി സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ജഡ്ജി ജോവാന്‍ ഡോനോഗ് ഉത്തരവിട്ടിട്ടുള്ളത്.

റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്ന ഉക്രെയ്‌ന്റെ പരാതിയിലാണ് യു എന്‍ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പുറപ്പെടുവിച്ചത്.അതേസമയം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് അതേപടി മുഖവിലയ്‌ക്കെടുക്കാന്‍ റഷ്യ തയ്യാറാകുമെന്ന് ആരും കരുതുന്നില്ലെങ്കിലും ഉക്രെയ്നുമേല്‍ റഷ്യന്‍ അധിനിവേശം ഇരുപത്തി ഒന്നാം ദിവസം പിന്നിടുമ്പോള്‍ ലോകത്തിനു പ്രതീക്ഷ പകരുന്ന മറ്റൊരു വാര്‍ത്തയും ഏറ്റവും ഒടുവില്‍ യുദ്ധഭൂമിയില്‍ നിന്ന് പുറത്ത് വരുന്നുണ്ട്.

യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ വഴി ഒരുങ്ങി വരുന്നതായാണ് വിവരം. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിന്റെ അനുബന്ധമായി ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ 15 ഇന രൂപ രേഖ തയ്യാറാകുന്നതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഓസ്ട്രിയയും സ്വീഡനുമാണ് കരാറിനു വേണ്ടി മുന്‍കയ്യെടുക്കുന്നത്. ഉക്രെയ്ന്‍ നാറ്റോ അംഗത്വം സ്വീകരിക്കില്ലെന്ന് കരാറിലുണ്ടെന്നാണ് സൂചന.

അതേസമയം ഉക്രെയ്ന്‍ പിടിച്ചടക്കാന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്ന് മോസ്‌കോയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു.ഉക്രെയ്നില്‍ പ്രത്യേക സൈനിക ഓപ്പറേഷന്‍ നടത്തുകയല്ലാതെ തന്റെ രാജ്യത്തിന് മറ്റ് വഴികളൊന്നുമില്ലെന്നും ഇത് സ്വയം സംരക്ഷണത്തിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക ഓപ്പറേഷന്‍ വിജയകരമാണെന്നും റഷ്യയെ ഭീഷണിപ്പെടുത്തുന്ന ഒരു സ്പ്രിങ് ബോര്‍ഡായി മറ്റാരു രാജ്യത്തെ മാറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ ഉക്രെയ്നിലെത്തിയിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്‌കിയെ കാണാനാണ് പോളണ്ട്, സ്ലോവാനിയ, ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രിമാര്‍ രാജ്യത്തെത്തിയത്. ജീവന്‍ അപകടത്തിലാക്കി സന്ദര്‍ശനം നടത്തിയതിന് പ്രധാനമന്ത്രിമാരെ ഉക്രെയ്ന്‍ പ്രശംസിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.