പെര്‍ത്ത്: സഹോദരങ്ങളായ അഭിയയുടെയും എയ്ഡന്റെയും ചിരിക്കുന്ന മുഖങ്ങള്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാത്ത നടുക്കത്തിലാണ് അവര്‍ പഠിക്കുന്ന പ്രൊവിഡന്‍സ് ക്രിസ്ത്യന്‍ കോളജിലെ സഹപാഠികളും അധ്യാപകരും. കുഞ്ഞു പ്രായത്തിലേ അവരെ തേടിയെത്തിയ ദാരുണമായ വിധിയോര്‍ത്ത് നൊമ്പരപ്പെട്ട് നിരവധി പേരാണ് സ്‌കൂളില്‍ കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തുന്നത്.
മരിച്ച വിദ്യാര്‍ഥികളുടെ ബഹുമാനാര്‍ത്ഥം കാമ്പസിലെ ഒരു കെട്ടിടത്തിനു പുറത്തുവച്ച, ഇരുവരുടെയും പുഞ്ചിരിക്കുന്ന ഫോട്ടോയ്ക്കു മുന്നില്‍ നിറമിഴികളോടെ പൂച്ചെണ്ടുകളും ടെന്നീസ് ബോളുകളും കളിപ്പാട്ടങ്ങളുമൊക്കെ നിരത്തിവയ്ക്കുകയാണ് സഹപാഠികള്‍.
കഴിഞ്ഞ ദിവസം പെര്‍ത്തിനു സമീപമുള്ള കൂജി ബീച്ച് കാര്‍ പാര്‍ക്കിലുണ്ടായ സംഭവത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പെര്‍ത്തില്‍ താമസിക്കുന്ന സെല്‍വന്‍ ഗോവിന്ദന്‍ വൈരവന്റെ ഭാര്യ സെല്‍വമ്മ ദൊരെസ്വാമി, മക്കളായ അഭിയ സെല്‍വന്‍ (10), എയ്ഡന്‍ സെല്‍വന്‍ (8) എന്നിവരാണു മരിച്ചതെന്നു തിരിച്ചറിഞ്ഞു. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്നാണു പോലീസ് നിഗമനം.
കുടുംബം അഞ്ച് വര്‍ഷമായി പെര്‍ത്തിലെ കാനിംഗ് വെയിലിലാണു താമസിക്കുന്നത്. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലിലെ അനസ്തെറ്റിക് ടെക്നീഷ്യനാണ് സെല്‍വന്‍. ഭാര്യ ഇതേ ആശുപത്രിയിലെ രജിസ്‌റ്റേര്‍ഡ് നഴ്‌സാണ്. സതേണ്‍ റിവറിലെ പ്രൊവിഡന്‍സ് ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥികളാണ് കുട്ടികള്‍.
കഴിഞ്ഞ ദിവസം രാവിലെ സംഭവം നടക്കുമ്പോള്‍ സെല്‍വന്‍ അമേരിക്കയിലേക്കുള്ള യാത്രാമധ്യേയായിരുന്നു. ദോഹ എയര്‍പോര്‍ട്ടില്‍ വെച്ച് വിവരം അറിഞ്ഞതിനെതുടര്‍ന്ന് യാത്ര റദ്ദാക്കി പെര്‍ത്തില്‍ തിരിച്ചെത്തി.
കുട്ടികളുടെ മരണവാര്‍ത്ത സ്‌കൂളിലെ എല്ലാവര്‍ക്കും വലിയ നടുക്കമാണ് സൃഷ്ടടിച്ചതെന്ന് പ്രൊവിഡന്‍സ് ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ബില്‍ ഇന്നസ് പറഞ്ഞു. ഇത് തീര്‍ത്തും അപ്രതീക്ഷിതമാണ്. സന്തോഷകരമായ ഒരു ജീവിതം നയിച്ചിരുന്ന കുടുംബമായിരുന്നു അവര്‍. അതിനാല്‍ ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അമ്മ സ്ഥിരമായി സ്‌കൂളില്‍ വരാറുണ്ടെന്നും കുട്ടികള്‍ മിടുക്കരായ വിദ്യാര്‍ഥികളായിരുന്നുവെന്നും ബില്‍ ഇന്നസ് ഓര്‍മിച്ചു.
ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൂജീയില്‍ ജോണ്‍ ഗ്രഹാം റിസര്‍വിലെ പാര്‍ക്കിങ്ങിലാണ് ഹോണ്ട ജാസ് കാര്‍ കത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചപ്പോഴേക്കും മൂന്നു പേരും പിന്‍സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
സെല്‍വമ്മ ദൊരെസ്വാമിയുടെയും മക്കളുടെയും ചിത്രങ്ങള്‍, കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി വച്ചപ്പോള്‍.
ദമ്പതികള്‍ തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നതെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു. ആത്മഹത്യ എന്ന നിലയിലാണ് അന്വേഷിക്കുന്നതെങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറിനുള്ളില്‍നിന്നാണ് തീ പടര്‍ന്നിരിക്കുന്നത്.
കാര്‍ കത്തുന്നതിനു തൊട്ടുമുമ്പ് വെടിയുതിര്‍ക്കുന്നതു പോലുള്ള ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഈ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. കാറില്‍ തീ ആളിക്കത്തിയതിനെതുടര്‍ന്നുണ്ടായ പൊട്ടിത്തെറിയാകാനാണു സാധ്യതയെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കാനിംഗ് വെയ്ലിലാണ് അമ്മയെയും കുട്ടികളെയും അവസാനമായി കണ്ടത്. യുവതിയെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടതായാണ് പോലീസിനു കിട്ടിയ വിവരം.
തുടര്‍ന്ന് ഉച്ചയ്ക്ക് 11.45-നാണ് പെര്‍ത്തിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. പന്ത്രണ്ട് മണിയോടെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണിച്ചശേഷമാണ് ദാരുണമായ കാഴ്ച്ച കണ്ടത്. പാര്‍ക്കില്‍ നിരവധി ആളുകള്‍ തീപിടിത്തത്തിനു സാക്ഷിയായെങ്കിലും വാഹനത്തിനുള്ളില്‍ മൂന്നു പേരുണ്ടായിരുന്നതായി ആരും തിരിച്ചറിഞ്ഞില്ല.
ഫോറന്‍സിക് പോലീസും ഡിറ്റക്ടീവുകളും ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
കൂടുതല്‍ വായനയ്ക്ക്:
പെര്‍ത്തില്‍ അമ്മയുടെയും രണ്ടു മക്കളുടെയും മരണം ആത്മഹത്യയെന്നു നിഗമനം; പിതാവ് വിവരമറിഞ്ഞത് യു.എസിലേക്കുള്ള യാത്രാമധ്യേ
പെര്‍ത്തില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയും രണ്ടു മക്കളും കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26