ഒരുകിലോ അരിക്ക് 448 രൂപ! കറന്റ് വല്ലപ്പോഴും മാത്രം; ശ്രീലങ്കയില്‍ കാര്യങ്ങള്‍ അവതാളത്തില്‍

ഒരുകിലോ അരിക്ക് 448 രൂപ! കറന്റ് വല്ലപ്പോഴും മാത്രം; ശ്രീലങ്കയില്‍ കാര്യങ്ങള്‍ അവതാളത്തില്‍

കൊളംബോ: ശ്രീലങ്കയില്‍ വില വര്‍ധനവില്‍ പൊറുതിമുട്ടി ജനം തെരുവിലേക്ക്. വിദേശനാണ്യ ശേഖരം ഏകദേശം തീര്‍ന്നതോടെ ആവശ്യ വസ്തുക്കള്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ് ലങ്കയില്‍. ഉള്ളതിനാകട്ടെ തീവിലയും. ഇന്ത്യയ്ക്കു പകരം ചൈനയോട് കൂടുതല്‍ അടുത്തതാണ് ശ്രീലങ്കയിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ലങ്കയിലെ വിവിധ വികസന പദ്ധതികള്‍ക്കായി കോടിക്കണക്കിന് പണമാണ് ചൈന നല്കിയത്.

പദ്ധതി പൂര്‍ത്തിയായ ശേഷം തിരിച്ചടവ് തുടങ്ങും വിധമായിരുന്നു കരാറുകള്‍. ആദ്യമൊക്കെ നല്ല രീതിയില്‍ പോയെങ്കിലും തിരിച്ചടവ് തുടങ്ങിയതോടെ ലങ്കന്‍ സമ്പദ് വ്യവസ്ഥയുടെ നടുവൊടിഞ്ഞു തുടങ്ങി. പണം കൊടുക്കാനില്ലാതെ വന്നതോടെ ഹംബന്‍ടോട്ട തുറമുഖം ചൈന കൈവശപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ജനങ്ങളും ലങ്കന്‍ സര്‍ക്കാരിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്. അവശ്യ വസ്തുക്കളുടെ വന്‍ വില വര്‍ധനവ് മൂലം സാധാരണക്കാര്‍ നട്ടം തിരിയുകയാണ്.

പെട്രോളിനും ഡീസലിനും 40 ശതമാനം വില വര്‍ധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോള്‍ വില ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലിറ്റര്‍ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി.

ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്‌സെ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദര്‍ശനം. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നല്‍കി. കോവിഡില്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം നിലച്ചതാണ് ലങ്കയുടെ പ്രതിസന്ധി പെട്ടെന്നാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.