'ഇതാ അവള്‍ സെലസ്റ്റി ഗ്രേസ്'; ഏഴാമത്തെ കുഞ്ഞിന്റെ ജനനവാര്‍ത്ത അറിയിച്ച് ഓസ്‌ട്രേലിയന്‍ പ്രീമിയര്‍

'ഇതാ അവള്‍ സെലസ്റ്റി ഗ്രേസ്'; ഏഴാമത്തെ കുഞ്ഞിന്റെ ജനനവാര്‍ത്ത അറിയിച്ച് ഓസ്‌ട്രേലിയന്‍ പ്രീമിയര്‍

സിഡ്‌നി: ഏഴാമത്തെ കുഞ്ഞിനെ വരവേറ്റ സന്തോഷ വാര്‍ത്ത അറിയിച്ച് ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ്. ഇന്നലെ രാത്രിയാണ് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റിനും ഭാര്യ ഹെലനും പെണ്‍കുഞ്ഞ് പിറന്നത്. സ്വര്‍ഗീയം എന്നര്‍ത്ഥമുള്ള സെലസ്റ്റി ഗ്രേസ് എന്നാണ് കുഞ്ഞിന് പേരിട്ടത്. സെലസ്റ്റിന്റെ വരവോടെ പ്രീമിയറുടെ കുടുംബത്തില്‍ ആറു പെണ്‍മക്കളായി.


ഡൊമിനിക് പെറോട്ടേറ്റും ഭാര്യ ഹെലനും ഏഴാമത്തെ കുഞ്ഞിനൊപ്പം ആശുപത്രിയില്‍.

'ഇതാ അവള്‍' എന്നാണ് സെലസ്റ്റിന്റെ ആശുപത്രിക്കിടക്കയില്‍നിന്നുള്ള ഫോട്ടോ പങ്കുവച്ച് ഇന്നു രാവിലെ പ്രീമിയര്‍ സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷ വാര്‍ത്ത അറിയിച്ചത്. അമ്മ ഹെലനും കുഞ്ഞും സുഖമായിരിക്കുന്നതായും സഹോദരങ്ങള്‍ കുഞ്ഞനുജത്തിയെ കാണാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഹെലനെ ശുശ്രൂഷിച്ച മിഡ്വൈഫുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

തികഞ്ഞ കത്തോലിക്ക വിശ്വാസിയായ പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. വലിയ കുടുംബത്തിന്റെ മഹത്വത്തെ അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. ന്യൂ സൗത്ത് വെയില്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയറാണ് 39 വയസുകാരനായ ഡൊമിനിക് പെറോട്ടേറ്റ്.

സിഡ്നിയിലെ ഹില്‍സ് ഡിസ്ട്രിക്റ്റാണ് പ്രീമിയറുടെ സ്വദേശം. വലിയ കത്തോലിക്ക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഡൊമിനിക് പെറോട്ടറ്റ് 13 മക്കളില്‍ ഒരാളായിരുന്നു.

സ്വവര്‍ഗ വിവാഹം, ഭ്രൂണഹത്യ, ദയാവധം എന്നിവയെ ശക്തമായി അദ്ദേഹം എതിര്‍ക്കുന്നു. ദയാവധം കുറ്റവിമുക്തമാക്കുന്നതിനോടും വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. 2019 ല്‍ സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്‍ കൊണ്ടുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പു പ്രകടിപ്പിച്ച രാഷ്ട്രീയ നേതാവാണ് ഡൊമിനിക്.

കൂടുതല്‍ വായനയ്ക്ക്:

ഏഴാമത്തെ കുഞ്ഞിനെ സ്വീകരിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ പ്രീമിയര്‍

ക്രൈസ്തവ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന നേതാവ്; ന്യൂ സൗത്ത് വെയില്‍സിനെ ഇനി ഡൊമിനിക് പെറോട്ടേറ്റ് നയിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.