തോല്‍വിയില്‍ തിരുത്തല്‍ നടപടികളുമായി കോണ്‍ഗ്രസ്; സംസ്ഥാനങ്ങളിലേക്ക് ഏകാംഗ കമ്മീഷനെ അയച്ച് സോണിയ ഗാന്ധി

തോല്‍വിയില്‍ തിരുത്തല്‍ നടപടികളുമായി കോണ്‍ഗ്രസ്; സംസ്ഥാനങ്ങളിലേക്ക് ഏകാംഗ കമ്മീഷനെ അയച്ച് സോണിയ ഗാന്ധി

ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ ദയനീയ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്ന കോണ്‍ഗ്രസ് തിരുത്തല്‍ നടപടികള്‍ വേഗത്തിലാക്കി. കഴിഞ്ഞ ദിവസം തോറ്റ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരോട് രാജിവയ്ക്കാന്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സുപ്രധാന നീക്കവും എഐസിസിയുടെ ഭാഗത്തു നിന്നുണ്ടായി.
അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ എങ്ങനെ വീണ്ടും കരുത്തരാക്കാമെന്ന് പഠിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിച്ചു. ഓരോ സംസ്ഥാനത്തിനും ഓരോ മുതിര്‍ന്ന അംഗത്തിനാണ് ചുമതല നല്‍കിയിരിക്കുന്നത്. പഞ്ചാബിലെ സംഘടനാ ദൗര്‍ബലങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരിക്കുന്നത് അജയ് മാക്കനെ ആണ്. പഞ്ചാബ് തെരഞ്ഞെടുപ്പ് ക്യാംപയ്ന്‍ സമിതിയില്‍ അംഗമായിരുന്നു മാക്കന്‍. ഉത്തര്‍പ്രദേശിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനാണ്.
രാജ്യസഭ എംപി രജനി പാട്ടീല്‍, രാജ്യസഭ ചീഫ് വിപ്പ് ജയ്‌റാം രമേശ്, അവിനാശ് പാണ്ഡെ എന്നിവര്‍ യഥാക്രമം ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് പോകും. ചുമതല ലഭിച്ച നേതാക്കള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥികളായവരെയും പ്രമുഖ നേതാക്കളെയും കണ്ട് അവരുടെ അഭിപ്രായങ്ങള്‍ ആരായുമെന്ന് സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടി മുന്നോട്ടു പോകുന്നത് ശരിയായ ദിശയില്‍ തന്നെയാണെന്ന് പഞ്ചാബിന്റെ ചുമതല ലഭിച്ച അജയ് മാക്കന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാനുള്ള സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും ഇച്ഛാശക്തി ഈ തീരുമാനത്തില്‍ കാണാനാകുമെന്നും മാക്കന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.