ഒല ഇലക്ട്രിക്കിന് കീഴില്‍ അവതരിപ്പിച്ച എസ്1 പ്രോ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പന വീണ്ടും ആരംഭിക്കുന്നു. ഈ മാസം 17 ,18 തിയതികളിലാണ് എസ്1 പ്രോയുടെ വില്‍പന വീണ്ടും ക്രമീകരിച്ചിരിക്കുന്നത് എന്ന് ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തെ പ്രമുഖരായ ഒല വ്യക്തമാക്കി. മുന്‍പ് എസ്1 പ്രോ റിസര്‍വ് ചെയ്ത ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 17ന് മുന്‍ഗണന ലഭിക്കുമെന്ന് ഒല വ്യക്തമാക്കിയിരുന്നു. അതേസമയം മാര്‍ച്ച് 18നുള്ള വില്പനയ്ക്ക് എല്ലാ ഉപഭോക്താക്കള്‍ക്കും തുല്യ പരിഗണനയാണ്.
ഹോളി ആഘോഷത്തോടനുബന്ധിച്ച് എസ്1 പ്രോ പുതിയ 'ഗെറുവ' നിറത്തില്‍ (ഇളം ഓറഞ്ച്) 17 ,18 തീയതികളില്‍ മാത്രമായി ഒല വില്പനക്കൊരുക്കിയിട്ടുണ്ട്. പുത്തന്‍ നിറം കൂടാതെ നിലവില്‍ ലഭ്യമായ 10 നിറങ്ങളില്‍ നിന്ന് ഇഷ്ടപെട്ട നിറം ഉപഭോക്താവിന് തിരഞ്ഞെടുക്കാം. വില്‍പന പൂര്‍ണമായും ഒല ആപ്പ് വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.
17,18 തിയതികളില്‍ ഒല എസ്1 പ്രോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെലിവറി ഏപ്രില്‍ മുതലാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം ഇതിനകം പണമടച്ച് കാത്തിരിക്കുന്ന പലര്‍ക്കും എസ്1 പ്രോ ലഭിക്കാനിരിക്കുന്നതേയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഒല എസ്1 പ്രോ പതിപ്പിന് 1,29,999 രൂപയാണ് വില. കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന FAME II സബ്‌സിഡി സഹിതമാണ് ഈ വില. അതേസമയം സംസ്ഥാനങ്ങള്‍ പ്രത്യേകം പ്രഖ്യാപിച്ച സബ്സിഡികള്‍ കൂടി ചേരുമ്പോള്‍ വില പിന്നെയും കുറയും. മാത്രമല്ല ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പല സംസ്ഥാനങ്ങളും റോഡ് ടാക്സ് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരത്തിന് സംസ്ഥാന സബ്സിഡി അടക്കം ഒല എസ്1ന് ഗുജറാത്തില്‍ 79,999 രൂപയാണ് വില.
ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപെടുത്തിയതനുസരിച്ച് 181 കിലോമീറ്ററാണ് ഒല എസ്1 പ്രോയ്ക്ക് ഒരു ഫുള്‍ ചാര്‍ജില്‍ സഞ്ചരിക്കാവുന്ന പരമാവധി ദൂരം. 3.97 കിലോവാട്ട് ബാറ്ററിയാണ് ഒല ഇലക്ട്രിക്ക് സ്‌കൂട്ടറില്‍. 'ഹൈപ്പര്‍ഡ്രൈവ് മോട്ടോര്‍' എന്ന് ഒല പേരിട്ടിരിക്കുന്ന 8.5 കിലോവാട്ട് പവര്‍ ഉല്‍പാദിപ്പിക്കുന്ന എന്‍ജിനാണ് ഒല ഇലക്ട്രിക്ക് സ്‌കൂട്ടറില്‍. 58 എന്‍എം ആണ് ടോര്‍ക്ക്. എസ്1 പ്രോയ്ക്ക് പരമാവധി 115 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. 125 കിലോഗ്രാം ഭാരമാണ് എസ്1 പ്രോയുടേത്.
നോര്‍മല്‍, സ്‌പോര്‍ട്‌സ്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് റൈഡിംങ് മോഡുകള്‍ ഒല എസ്1 പ്രോയ്ക്കുണ്ട്. നാവിഗേഷന്‍ ഉള്‍പ്പെടെ നിരവധി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആകര്‍ഷണം. റൈഡര്‍ക്ക് പ്രൊഫൈലുകള്‍ക്കിടയില്‍ ടോഗിള്‍ ചെയ്യാനും വ്യക്തിഗത കസ്റ്റമൈസേഷനും ഈ ഡിസ്‌പ്ലേ അനുവദിക്കുന്നു.
എത്രത്തോളം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് നിങ്ങള്‍ ഒല സ്‌കൂട്ടര്‍ ഓടിക്കുന്നത് മൂലം ഒഴിവാക്കി എന്ന് വെളിപ്പടുത്തുന്ന ഒരു റീഡ് ഔട്ടും ഡിസ്പ്ലെയിലുണ്ട്. സെഗ്മെന്റിലെ മറ്റ് സ്‌കൂട്ടറുകള്‍ പോലെ ഒല സ്‌കൂട്ടറുകള്‍ക്കും ഒരു റിവേഴ്‌സ് മോഡ് ലഭിക്കുന്നു. അതിനുപുറമെ നിങ്ങള്‍ സമീപിക്കുമ്പോള്‍ സ്‌കൂട്ടര്‍ ആരംഭിക്കുന്ന പ്രോക്‌സിമിറ്റി അണ്‍ലോക്കും ഇതിലുണ്ട്. ഹില്‍ ഹോള്‍ഡ് ഫംങ്ഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, വോയ്‌സ് അസിസ്റ്റന്റ് ഫംങ്ഷനുകള്‍ എന്നിവയാണ് ഒല എസ്1 പ്രോയുടെ മറ്റ് ഗുണങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.