'മാര്‍പാപ്പായുടെ പ്രതിനിധിയെ പരസ്യമായി അധിക്ഷേപിക്കുന്നത് പരിശുദ്ധ പിതാവിനെതിരായ നീക്കമായി മാത്രമേ വിലയിരുത്താനാകൂ'.
കൊച്ചി: റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദോ സാന്ദ്രിയുടെയും സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും കോലങ്ങള്‍ കത്തിച്ച ചില അത്മായ നേതാക്കളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭ മാധ്യമ കമ്മീഷന്‍ വ്യക്തമാക്കി.
സഭയിലെ മുഴുവന്‍ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാ സംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. പൗരസ്ത്യ സഭകള്‍ക്കായുള്ള മാര്‍പാപ്പായുടെ പ്രതിനിധിയെ പരസ്യമായി അധിക്ഷേപിക്കുന്നത് പരിശുദ്ധ പിതാവിനെതിരായ നീക്കമായി മാത്രമേ വിലയിരുത്താനാകൂ. ഗുരുതരമായ ഈ അച്ചടക്ക ലംഘനം നടത്തിയവര്‍ക്കും അതിന് വേദിയൊരുക്കിയവര്‍ക്കുമെതിരേ കാനന്‍ നിയമം അനുശാസിക്കുന്ന കര്‍ശന ശിക്ഷാ നടപടികള്‍ ഉടന്‍ സ്വീകരിക്കും.
വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് വശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയില്‍ ഏകീകരണം നടപ്പിലാക്കാന്‍ സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനിച്ചത്. സഭയിലെ 35 രൂപതകളില്‍ 34 ലിലും സിനഡ് നിര്‍ദ്ദേശിച്ച പ്രകാരം ഏകീകൃത രീതിയിലുള്ള കുര്‍ബാനയര്‍പ്പണം നിലവില്‍ വന്നു. എന്നാല്‍ എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഏകീകൃത രീതിയിലുള്ള ബലിയര്‍പ്പണത്തിന് മെത്രാപ്പോലീത്തന്‍ വികാരി ഒഴിവു നല്‍കുകയായിരുന്നു.
ഇപ്രകാരം നല്‍കപ്പെട്ട ഒഴിവ് കാനോനികമായി അസാധുവാകയാല്‍ പിന്‍വലിക്കണമെന്ന് മാര്‍പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം റോമിലെ പൗരസ്ത്യ കാര്യാലയം അടുത്ത നാളുകളില്‍ ആവശ്യപ്പെട്ടിരുന്നു. പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്നിരിക്കേ, ഇത്തരം സഭാവിരുദ്ധവും വിശ്വാസ വിരുദ്ധവുമായ പ്രതിഷേധങ്ങള്‍ നടത്തുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്.
എറണാകുളം - അങ്കമാലി അതിരൂപതയില്‍ തുടര്‍ന്നു വരുന്ന അച്ചടക്ക ലംഘനങ്ങളില്‍ സഭാ വിശ്വാസികള്‍ പ്രകോപിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സഭാ വിശ്വാസികള്‍ക്കിടയില്‍ ഈ നടപടി ഉളവാക്കിയിട്ടുള്ള രോഷവും പ്രതിഷേധവും വിമത വിഭാഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്.
അതിരൂപതയുടെ അജപാലന കേന്ദ്രവും പരിസരങ്ങളും ഇത്തരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേദിയാക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി എറണാകുളം - അങ്കമാലി അതിരൂപതയില്‍ വര്‍ധിച്ചുവരുന്ന അച്ചടക്ക ലംഘനങ്ങള്‍ക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്നും മാധ്യമ കമ്മീഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.