കീവ്: കിഴക്കന്‍ ഉക്രെയ്ന്‍ പട്ടണത്തിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കുറഞ്ഞത് 21 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഖാര്‍കിവ് നഗരത്തിന്റെ ഉപനഗരമായ മെറേഫയിലെ ഒരു സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലുമാണ് ആക്രമണത്തില്‍ കനത്ത നാശമുണ്ടായത്. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണെന്നാണു വിവരം.
പ്രാദേശിക കോടതികളിലെ പ്രോസിക്യൂട്ടര്‍മാരാണ് ഫോട്ടോ സഹിതം ഷെല്ലാക്രമണ വിവരം പുറത്തുവിട്ടത്. നിരവധി നിലകളുള്ള ഒരു കെട്ടിടം തകര്‍ന്നതിന്റെയും അത്യാഹിത പ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുന്നതിന്റെയും ദൃശ്യവുമുണ്ട് ഫോട്ടോകളിലൊന്നില്‍.
ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ വടക്കുള്ള സ്ഥലമാണ് മെറേഫ. സമീപ ആഴ്ചകളില്‍ തീവ്രമായ റഷ്യന്‍ വ്യോമാക്രമണങ്ങള്‍ക്ക് വേദിയായ ഈ പ്രദേശത്ത് സാരമായ നാശനഷ്ടങ്ങളാണുണ്ടായത്.മോസ്‌കോയുടെ തന്ത്ര പ്രധാന ലക്ഷ്യമായ ഈ മേഖലയില്‍ ഇതുവരെ 2,000-ലധികം ആളുകള്‍ മരിച്ചുവെന്ന് ഉക്രെയ്ന്‍ പറയുന്നു
ഇതിനിടെ, റഷ്യന്‍ സൈന്യം ഉപരോധിച്ച മരിയുപോള്‍ നഗരത്തില്‍ നിന്നു പലായനം ചെയ്യുന്ന ഉക്രേനിയന്‍ കുടുംബങ്ങള്‍ തങ്ങളുടെ പ്രിയ നഗരം 'നരക' മായെന്ന് പരിതപിക്കുന്നു. തെരുവുകളില്‍ ശവങ്ങള്‍ നിറയുകയാണ്. നിലവറകളില്‍ പൂജ്യത്തിന് താഴെ താപനിലയില്‍ കഴിയുന്നു ഇപ്പോഴും ആയിരക്കണക്കിനു പേര്‍.
റഷ്യന്‍ സേനയുടെ നിരന്തരമായ ഷെല്ലിംഗിനിടെ കുടിവെള്ളത്തിനായി മഞ്ഞ് ഉരുകാന്‍ കാത്തിരിക്കുന്നു നിലവറ വാസികള്‍. ഭക്ഷണവും വെള്ളവും വൈദ്യുതി വിതരണവും വിച്ഛേദിച്ചിരിക്കുകയാണ്. തുറന്ന സ്ഥലത്തെ തീയിലാണ് എന്തെങ്കിലുമൊക്കെ പാകം ചെയ്യുന്നത്. 'റഷ്യ വളരെയധികം റോക്കറ്റുകള്‍ തൊടുത്തുവിടുന്നു,' ഈ ആഴ്ച ഉക്രെയ്‌നിലെ മധ്യ നഗരമായ സപോരിജിയയിലേക്ക് രക്ഷപ്പെട്ട 4,300-ലധികം മരിയുപോള്‍ നിവാസികളില്‍ ഒരാളായ തമാര കാവുനെങ്കോ (58) മാധ്യമങ്ങളോട് പറഞ്ഞു.'തെരുവുകളില്‍ നിരവധി സാധാരണക്കാരുടെ മൃതദേഹങ്ങളുണ്ട്.'
മക്കളെയും മുത്തശ്ശിമാരെയും പോറ്റാന്‍ ഭക്ഷണത്തിനായി കടകള്‍ കൊള്ളയടിക്കേണ്ടിവന്നുവെന്ന് സപ്പോരിജിയ നിവാസിയായ ദിമ മാധ്യമങ്ങളോടു പറഞ്ഞു.'രണ്ട് ആഴ്ചയായി കുളിക്കാന്‍ കഴിഞ്ഞിട്ടില്ല; കൈകള്‍ അഴുക്ക് കൊണ്ട് കറുത്തുപോയിരിക്കുന്നു.ഞങ്ങള്‍ ഭൂമിക്കടിയിലാണ് താമസിച്ചിരുന്നത്, മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസില്‍. ചൂടിനായി മൂന്ന് ജോഡി ട്രൗസറുകള്‍ ധരിച്ചു.'
'ചിലപ്പോള്‍ മൃതദേഹങ്ങള്‍ മൂന്ന് ദിവസം വരെ ആരും തിരിഞ്ഞുനോക്കാതെ തെരുവിലുണ്ടാകും,'- ദിമ പറഞ്ഞു. 'വായുവിലാകെ ദുഷിച്ച ഗന്ധമാണ്. കുട്ടികള്‍ അത് മണക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.' ഭാര്യയ്ക്കും രണ്ട് കൊച്ചുകുട്ടികള്‍ക്കുമൊപ്പം അദ്ദേഹം സപ്പോരിജിയയില്‍ എത്തി. മറ്റുള്ളവരെ കൊണ്ടുപോരാന്‍ വീണ്ടും പോകുമെന്നും ദിമ അറിയിച്ചു.10 ദിവസം തന്റെ കുഞ്ഞു മകളോടൊപ്പം കെട്ടിടത്തിന്റെ നിലവറയില്‍ താമസിച്ചശേഷം നഗരം വിട്ടുപോന്ന കഥ പറയുന്നു ഡാരിയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.