'നിരപരാധികളെ കൊന്നതിനെ എങ്ങനെ ന്യായീകരിക്കും?': കീഴടങ്ങിയ റഷ്യന്‍ പൈലറ്റുമാരുടെ ചോദ്യം പുടിനോട്

 'നിരപരാധികളെ കൊന്നതിനെ എങ്ങനെ ന്യായീകരിക്കും?': കീഴടങ്ങിയ റഷ്യന്‍ പൈലറ്റുമാരുടെ ചോദ്യം പുടിനോട്

കീവ്: ഉക്രെയ്‌നില്‍ യുദ്ധപ്പുഴയൊഴുക്കി യുദ്ധം തുടരുമ്പോള്‍ , കീഴടങ്ങിയ റഷ്യന്‍ സൈനികര്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെതിരെ പരസ്യ അധിക്ഷേപവുമായി രംഗത്ത്. തങ്ങളെ തെറ്റായ വിവരങ്ങള്‍ പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്ന് സൈനികര്‍ പറഞ്ഞു.'ഞങ്ങള്‍ക്കറിയില്ല നിരപരാധികളെ കൊന്നതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്; തിരികെയെത്തി നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ സംഘടിക്കും.'-
വ്യോമസേനാ പൈലറ്റുമാര്‍ പുടിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി.

രണ്ടാഴ്ചക്കാലമായി തുറമുഖ നഗരമായ മരിയുപോളില്‍ ബോംബാക്രമണം നടത്തുന്നതിനിടെ കീഴടങ്ങിയ റഷ്യന്‍ യുദ്ധ വിമാനങ്ങളിലെ പൈലറ്റുമാരാണ് പുടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.പിടികൂടപ്പെട്ടതിന് ശേഷം യുദ്ധത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കാന്‍ മൂന്ന് പൈലറ്റുമാര്‍ ഒരു വട്ടമേശ സമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ടു.

'ഉക്രെയ്‌നിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഞങ്ങളുടെ കമാന്‍ഡര്‍-ഇന്‍-ചീഫിനോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- മാക്‌സിം എന്ന പൈലറ്റ് പറഞ്ഞു. വളരെക്കാലം സത്യം മറയ്ക്കാനാകില്ലെന്ന് സൈനികര്‍ പുടിന് മുന്നറിയിപ്പ് നല്‍കി. മനസ്സമാധനത്തോടെ ജീവിച്ചിരുന്ന ജനതയ്ക്ക് മേല്‍ ബോംബാക്രമണം നടത്തേണ്ടി വന്നതില്‍ അവര്‍ കമാന്‍ഡര്‍മാരെയും കുറ്റപ്പെടുത്തി.

'കുട്ടികളുടെ മൃതദേഹങ്ങള്‍, സാധാരണക്കാരുടെ നിരപരാധികളുടെ കൊലകള്‍...എനിക്കറിയില്ല ഇതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്. അവര്‍ ഞങ്ങളെ ഇതിന് നിര്‍ബന്ധിക്കുകയായിരുന്നു.' ഈ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ ഉക്രെയ്നിലെ സായുധസേനയുടെ പരാജയത്തെ കുറിച്ചോ അല്ല സംസാരിക്കുന്നത്. ഇപ്പോള്‍ സമാധാനപരമായി ജീവിക്കുന്ന സാധാരണ പൗരന്മാരുടെ നഗരങ്ങള്‍ കൂടി നശിപ്പിച്ച് തുടങ്ങിയിരിക്കുന്നു- പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

ഈ മാസം ആദ്യവാരം മരിയുപോളിലെ പ്രസവാശുപത്രിയ്ക്ക് നേരെ ബോംബാക്രമണം നടത്തിയ പൈലറ്റുമാരായിരുന്നു ഇവര്‍. അന്ന് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആശുപത്രി പൂര്‍ണമായും തകരുകയും ചെയ്തു. നവനാസികളുടെ കേന്ദ്രമാണെന്നും പ്രവര്‍ത്തനരഹിതമായ ആശുപത്രിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്.ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം ഇരുപത്തി രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ആക്രമണത്തില്‍ പ്രധാന നഗരങ്ങളെല്ലാം നിലപൊത്തുന്നതും സാധാരണക്കാരായ മനുഷ്യര്‍ വരെ കൊല്ലപ്പെടുന്നതുമാണ് കാണാന്‍ സാധിക്കുന്നതെന്ന് പൈലറ്റുമാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.