പെര്‍ത്ത്: ഓസ്ട്രേലിയയിലെ പ്രശസ്ത യുവ ഫുട്ബോള്‍ താരം ഡാനി ഹോഡ്സണെ ജീവനു ഭീഷണിയാകും വിധം മാരകമായി പരിക്കേല്‍പിച്ച സംഭവത്തില്‍ കൗമാരക്കാരനായ ആക്രമിക്ക് തടവുശിക്ഷ. പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് മൂന്ന് വര്‍ഷവും എട്ട് മാസവും തടവുശിക്ഷയാണ് പെര്‍ത്ത് ചില്‍ഡ്രന്‍സ് കോടതി വിധിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെ പെര്‍ത്ത് സിബിഡിയിലെ സിറ്റി ട്രെയിന്‍ സ്റ്റേഷനിലുണ്ടായ ആക്രമണത്തിലാണ് 25 വയസുകാരനായ ഡാനി ഹോഡ്സണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു.
ജൂണ്ടലപ്പ് എഡിത്ത് കോവന്‍ യൂണിവേഴ്സിറ്റി സോക്കര്‍ ക്ലബ് താരമാണ് ഡാനി. സീസണ്‍ അവസാനിച്ചതിനെതുടര്‍ന്ന് ഫുട്ബോള്‍ ടീമിനൊപ്പം വീട്ടിലേക്ക് ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ അക്രമി തലയ്ക്ക് പിന്നില്‍ ശക്തമായി പ്രഹരിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് 17 വയസുകാരനായ പ്രതി ഡാനിയെ ആക്രമിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതി ഉപാധികളോടെ ജാമ്യത്തിലായിരുന്നു.
തലയ്‌ക്കേറ്റ അടിയില്‍ നിലത്തുവീണ ഡാനി അബോധാവസ്ഥയിലായി. വീഴ്ച്ചയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് അദ്ദേഹത്തെ റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോഴും ആരോഗ്യസ്ഥിതി വീണ്ടെടുക്കാനായിട്ടില്ല.
ഡാനി ഹോഡ്സണ്‍ തീവ്രപരിചരണ വിഭാഗത്തില്‍
കൗമാരക്കാരന് മുതിര്‍ന്ന പുരുഷന്മാരെ പ്രകോപനമില്ലാതെ ആക്രമിച്ച ചരിത്രമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഡാനിയെ ആക്രമിച്ചതിന് മുമ്പുള്ള ഏഴ് മാസത്തിനിടയില്‍ മാത്രം 13 വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട 23 കുറ്റകൃത്യങ്ങളില്‍ പ്രതി ജാമ്യത്തിലായിരുന്നു. ജാമ്യവ്യവസ്ഥകള്‍ ഇയാള്‍ നിരന്തരം ലംഘിച്ചുകൊണ്ടിരുന്നു.
പ്രതിയെ മറ്റുള്ളവര്‍ക്ക് നിയന്ത്രിക്കാനാവാത്ത വിധം പെരുമാറ്റവൈകല്യമുള്ളയാളാണെന്നും കൗമാരക്കാരന്‍ ഇത്രകാലം ജാമ്യത്തിലായിരുന്നുവെന്നത് ആശങ്കാജനകമാണെന്നും ചില്‍ഡ്രന്‍സ് കോടതിയുടെ പ്രസിഡന്റ് ഹില്‍ട്ടണ്‍ ക്വയില്‍ പറഞ്ഞു. ആദ്യ കേസുകള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്നെങ്കില്‍, ഇത്തരമൊരു ദാരുണമായ സംഭവം ഒഴിവാക്കാനാകുമായിരുന്നെന്ന് ഹില്‍ട്ടണ്‍ ക്വയില്‍ പറഞ്ഞു.
തനിക്ക് പരിചയമില്ലാത്ത പുരുഷന്മാരെ കൗമാരക്കാരന്‍ ഒരു കാരണവുമില്ലാതെ മുന്‍പും ആക്രമിച്ചിട്ടുണ്ട്. മദ്യവില്‍പനക്കടകളില്‍നിന്ന് മോഷണവും പതിവാക്കിയിരുന്നതായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ബ്രാഡ് ഹോളിംഗ്‌സ് വര്‍ത്ത് പറഞ്ഞു.
സംഭവസമയത്ത് അറസ്റ്റിലായിട്ടും, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ജാമ്യത്തില്‍ പോകുകയായിരുന്നുവെന്നും കോടതി പറഞ്ഞു.
ആക്രമണത്തെത്തുടര്‍ന്ന് ഡാനി ഹോഡ്സണ്‍ മൂന്ന് മാസം തീവ്രപരിചരണ വിഭാഗത്തില്‍ ചെലവഴിച്ചു. ആശുപത്രിക്കിടക്കയിലെ 26-ാം ജന്മദിനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ അദ്ദേഹത്തിന് വീഡിയോയിലൂടെ ആശംസകള്‍ അയച്ചിരുന്നു.
ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ ഡാനിയുടെ മാതാപിതാക്കള്‍ എത്തിയിരുന്നു. പൂര്‍ണ ആരോഗ്യവാനായ മകനു നേരിട്ട ദുരവസ്ഥ ആ മാതാപിതാക്കളെ തളര്‍ത്തിയിരുന്നു. വിധി തങ്ങളെ നിരാശപ്പെടുത്തിയെന്ന് പിതാവ് പീറ്റര്‍ ഹോഡ്സണ്‍ പറഞ്ഞു.
കുറ്റവാളിക്ക് ലഘുവായ ശിക്ഷ ലഭിച്ചു. നിരപരാധിയായ തങ്ങളുടെ മകന്‍ ഡാനി ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കുകയാണ്-നിറഞ്ഞ കണ്ണുകളോടെ പീറ്റര്‍ പറഞ്ഞു. ഒരു ശിക്ഷയും തങ്ങള്‍ക്ക് ആശ്വാസം പകരില്ലെന്നും ഡാനിയെ ആരോഗ്യവാനായി തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും അമ്മ നിക്കോള ഹോഡ്സണ്‍ പറഞ്ഞു.
അതേസമയം, 17 വയസ് മാത്രം പ്രായമുള്ള പ്രതിയോടുള്ള സഹാനുഭൂതിയും ആ അമ്മ പങ്കുവച്ചു. അവനു 17 വയസ് മാത്രമേയുള്ളുവെന്ന് ഞങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. പുനരധിവാസത്തിലൂടെ ഒരു മികച്ച വ്യക്തിയായി പുറത്തുവരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡാനി ഇപ്പോള്‍ കാലുകളുടെ ചലനശേഷി വീണ്ടെടുക്കാനുള്ള ഫിസിയോ തെറാപ്പി ചെയ്യുകയാണ്.
കൂടുതല്‍ വായനയ്ക്ക്:
പെര്‍ത്തില്‍ ഫുട്‌ബോള്‍ താരത്തിനു നേരേ ആക്രമണം; 25-കാരനായ ഡാനി ഹോഡ്‌സണ്‍ അതീവ ഗുരുതരാവസ്ഥയില്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26