തൊടുപുഴയില്‍ മകനെയും കുടുംബത്തെയും തീവച്ച് കൊലപ്പെടുത്തി; വൃദ്ധന്‍ അറസ്റ്റില്‍

 തൊടുപുഴയില്‍ മകനെയും കുടുംബത്തെയും തീവച്ച് കൊലപ്പെടുത്തി; വൃദ്ധന്‍ അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ വൃദ്ധന്‍ ഒരു കുടുംബത്തിലെ നാല് പേരെ തീവച്ച് കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റാ, അസ്‌ന എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി ഇവരുടെ മുറി പുറത്തു നിന്ന് പൂട്ടിയ ശേഷം വീടിന് പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ പ്രതി അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയും ചെയ്തു.

നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നാല് പേരും മരിച്ചിരുന്നു. അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രഥമിക വിവരം.

അതേസമയം കൊലപാതകം ആസൂത്രിതമാണെന്നും തീ കെടുത്താതിരിക്കാന്‍ പ്രതി വീട്ടിലെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. കൊലപാതകത്തിന് കാരണം ഇന്നലെ രാവിലെ ഉണ്ടായ വഴക്കെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹമീദും മകന്‍ മുഹമ്മദ് ഫൈസലും വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നു. മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോള്‍ വീടന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി

മക്കളുമായി കുറച്ച് കാലങ്ങളായി തര്‍ക്കം ഉണ്ടായിരുന്നെന്നും എന്നാല്‍ ഹമീദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും തന്നെ നോക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഹമീദ് പൊലീസിനോട് പറഞ്ഞു. സ്വത്തുക്കളെല്ലാം രണ്ട് ആണ്‍മക്കള്‍ക്ക് വീതിച്ച് നല്‍കിയിരിക്കുന്നു.

തറവാട് വീടും അതിനോട് ചേര്‍ന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. തന്നെ നോക്കിക്കൊള്ളാമെന്നും പറമ്പിലെ ആദായം എടുക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ മുഹമ്മദ് ഫൈസല്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദിന്റെ മൊഴി.

വീടിന് തീപിടിച്ചതറിഞ്ഞ മുഹമ്മദ് ഫൈസല്‍ തന്നെ വിവരം വിളിച്ചറിയിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയിരുന്നെന്നും എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.

പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോള്‍ ഒഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന്‍ ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു. തീപടര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും ശുചിമുറിയില്‍ കയറി. തീയും പുകയും കാരണം ആരെയും രക്ഷിക്കാനായില്ലെന്നും രാഹുല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.