ബ്രസീല്‍ പ്രസിഡന്റിന്റെ പ്രചാരണായുധമായ ടെലഗ്രാം നിരോധിച്ച് സുപ്രീം കോടതി

 ബ്രസീല്‍ പ്രസിഡന്റിന്റെ പ്രചാരണായുധമായ  ടെലഗ്രാം നിരോധിച്ച് സുപ്രീം കോടതി

റിയോ ഡി ജനീറോ: ലോകത്താകമാനം ഉപയോക്താക്കളുള്ള പേഴ്സണ്‍ മെസേജിങ്, ഫയല്‍ ഷെയറിങ് ആപ്പായ ടെലഗ്രാമിന് ബ്രസീലില്‍ നിരോധനം. വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ആപ്പ് നിരോധിച്ചത്.

തീവ്ര വലതുപക്ഷക്കാരനായ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന മാധ്യമമാണ് ടെലഗ്രാം. ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ബൊല്‍സൊനാരോ നഷ്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കാന്‍ ടെലഗ്രാമില്‍ പുതിയ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനിടെയാണ് നിരോധനം.

തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി ടെലഗ്രാം നിരോധിക്കാന്‍ ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസ് നിര്‍ദേശം നല്‍കിയത്.

'ബ്രസീലിയന്‍ നിയമത്തോട് ടെലഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകള്‍ പാലിക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുന്നതും നിയമവാഴ്ചക്കെതിരാണ്'-ജഡ്ജി വിലയിരുത്തി.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചതിനെതിരെ ബൊല്‍സൊനാരോക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അത് നടപ്പാക്കാത്തത് നിരോധന ഉത്തരവില്‍ സുപ്രീം കോടതി എടുത്തുപറഞ്ഞു.

കേസില്‍ തനിക്കെതിരെ വ്യക്തിപരമായ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ ബൊല്‍സൊനാരോ പരസ്യമായി രംഗത്തെത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ നിരോധന ഉത്തരവ് നടപ്പാക്കാനാണ് മൊറേസ് നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെറ്റായ പ്രചാരണങ്ങള്‍ നടത്തിയതിന് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ബൊല്‍സൊനാരോയുടെ പല പോസ്റ്റുകളും ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലഗ്രാമില്‍ പ്രചാരണം ശക്തമാക്കാന്‍ ബൊല്‍സൊനാരോ നീക്കം തുടങ്ങിയത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കോടതി ആപ്പ് നിരോധിച്ചത്.

കോവിഡ് പ്രതിരോധത്തിലെ പാളിച്ച, വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ ബൊല്‍സൊനാരോയ്ക്ക് ജനപ്രീതി നഷ്ടപ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതി നിര്‍ദേശിച്ച നടപടികള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നു ടെലഗ്രാം സി.ഇ.ഒ പാവല്‍ ഡ്യൂറോവ് ആവശ്യപ്പെട്ടു. വിഷയത്തില്‍ അദ്ദേഹം കോടതിയോടു ക്ഷമാപണം നടത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.