കാന്‍ബറ: റഷ്യന്‍ അധിനിവേശത്തെതുടര്‍ന്ന് പലായനം ചെയ്യുന്ന ഉക്രെയ്ന്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക മാനുഷിക വിസ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതുകൂടാതെ ഉക്രെയ്‌ന് 50 മില്യണ്‍ ഡോളറിന്റെ സൈനികവും മാനുഷികവുമായ സഹായം നല്‍കാനും ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.
ഇതിനകം ഓസ്ട്രേലിയയില്‍ എത്തിയിട്ടുള്ള ഉക്രെയ്ന്‍കാര്‍ക്ക് പഠനത്തിനും തൊഴിലിനും അനുവദിക്കുന്ന മൂന്ന് വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക വിസകളാണ് അനുവദിക്കുന്നത്. ഇതിനൊപ്പം 30 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായവും 21 മില്യണ്‍ ഡോളറിന്റെ സൈനിക സഹായവുമാണ് ഉക്രെയ്‌ന് നല്‍കുന്നത്.
റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം, ഏകദേശം 5,000 ഉക്രെയ്ന്‍കാര്‍ക്ക് ഓസ്ട്രേലിയയിലേക്കുള്ള വിസ അനുവദിച്ചിട്ടുണ്ട്. വൈദഗ്ധ്യമുള്ള തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുള്ള കുടിയേറ്റ വിസകളും വിദ്യാര്‍ത്ഥി, ടൂറിസ്റ്റ് വിസകളുമാണ് അനുവദിച്ചത്. ഇവര്‍ ഓസ്ട്രേലിയയില്‍ എത്തിക്കഴിഞ്ഞാല്‍ താത്കാലിക മാനുഷിക വിസയ്ക്ക് അപേക്ഷിക്കാനാകും.
ഇതുവരെ, 750 ഉക്രെയ്‌നിയക്കാര്‍ ഓസ്ട്രേലിയയില്‍ എത്തിയിട്ടുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഓസ്ട്രേലിയയുടെ വിഭവ സമ്പത്ത് ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനായി ഉപയോഗിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 70,000 ടണ്‍ കല്‍ക്കരി ഉക്രെയ്‌ന് സംഭാവന ചെയ്യും. ഉക്രെയ്‌ന്റെ അഭ്യര്‍ഥനപ്രകാരമാണീ സഹായം.
ഓസ്ട്രേലിയന്‍ കല്‍ക്കരി ഖനന കമ്പനിയായ വൈറ്റ്ഹെവനില്‍ നിന്ന് കല്‍ക്കരി വാങ്ങി അയല്‍രാജ്യമായ പോളണ്ടിലേക്കു കയറ്റുമതി ചെയ്യുന്നതിനുള്ള ചെലവ് ഫെഡറല്‍ സര്‍ക്കാര്‍ വഹിക്കും. കല്‍ക്കരി മേയില്‍ ഉക്രെയ്നില്‍ എത്തുമെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
അതേസമയം, റഷ്യയിലേക്കുള്ള അലുമിനിയം അയിര് കയറ്റുമതി ഓസ്‌ട്രേലിയ നിരോധിച്ചു. റഷ്യയുടെ അലുമിനിയം ഇറക്കുമതിയുടെ 20 ശതമാനവും ഓസ്ട്രേലിയയില്‍നിന്നാണ്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഉക്രെയ്‌ന് 21 മില്യണ്‍ ഡോളറിന്റെ സൈനിക സഹായവും വാഗ്ദാനം ചെയ്തു. മിസൈലുകളും മറ്റ് ആയുധങ്ങളും ഉള്‍പ്പെടുന്ന 70 മില്യണ്‍ ഡോളര്‍ സൈനിക സഹായം മാര്‍ച്ച് ആദ്യം പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ പ്രഖ്യാപനം.
30 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായത്തില്‍, 10 മില്യണ്‍ വിവിധ സര്‍ക്കാരിതര സംഘടനകള്‍ക്കും (എന്‍.ജി.ഒ) 10 മില്യണ്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനും എട്ടു മില്യണ്‍ യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിനും നല്‍കും.
'ഉക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയും സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിടാതെ ക്രൂരത കാട്ടുകയുമാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഉക്രെയ്ന്‍ സര്‍ക്കാരിനൊപ്പം നിലകൊള്ളുന്നതും ഓസ്ട്രേലിയയ്ക്ക് കഴിയുന്നതുപോലെ അവരുടെ സഹായാഭ്യര്‍ത്ഥനകളോട് പ്രതികരിക്കുന്നതും- ധനമന്ത്രി സൈമണ്‍ ബര്‍മിംഗ്ഹാം പറഞ്ഞു.
3.27 ദശലക്ഷം അഭയാര്‍ത്ഥികള്‍ ഇതിനകം ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.