ഇടുക്കി: ചീനികുഴിയില്‍ മുത്തച്ഛന്റെ ക്രൂരതയില്‍ പൊലിഞ്ഞത് രണ്ട് കുരുന്നു പെണ്‍കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍ കൂടിയാണ്. മുഹമ്മദ് ഫൈസലിന്റെ മക്കളായ മെഹ്‌റയുടെയും അസ്‌നയുടെയും കളിചിരികളാല്‍ നിറയേണ്ട പുതിയ വീട് ഇന്ന് നിശബ്ദ നൊമ്പരമായി മാറിയിരിക്കുന്നു.
പിതാവ് ഹമീദിന്റെ ശല്യം രൂക്ഷമായതോടെയാണ് ഫൈസല്‍ പുതിയൊരു വീട് നിര്‍മ്മിച്ച് മാറാന്‍ തീരുമാനിച്ചത്. പണി ഏതാണ്ട് പൂര്‍ണമായും പൂര്‍ത്തിയായി. ആ വീട്ട് മുറ്റം നിറയെ ചെടികളും പൂക്കളുമാണ്. മക്കളായ മെഹ്‌റയും അസ്‌നയും നട്ടു നനച്ചുണ്ടാക്കിയതാണ് ആ കുഞ്ഞു പൂന്തോട്ടം.
പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ മുറ്റത്തൊരു പൂന്തോട്ടമുണ്ടാകണമെന്നത് ഇരുവരുടേയും വലിയ ആഗ്രഹമായിരുന്നു. അത് കൊണ്ടാണ് പണി നടക്കുമ്പോള്‍ തന്നെ ഇരുവരും ചേര്‍ന്ന് ഇവിടെ ഒരു പൂന്തോണ്ടമുണ്ടാക്കിയത്. എന്നും ഈ വീട്ടിലെത്തി ചെടികള്‍ നനക്കുന്നതും കുട്ടികള്‍ തന്നെയായിരുന്നു. ഇപ്പോള്‍ വെള്ളമില്ലാതെ അവ വാടിത്തുടങ്ങയിരിക്കുന്നു.
മൂത്ത മകള്‍ മെഹ്റ തൊടുപുഴ എപിജെ അബ്ദുല്‍ കലാം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും ഇളയമകള്‍ അസ്‌ന കൊടുവേലി സാന്‍ജോ സിഎംഐ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ഒരു മാസത്തിനുള്ളില്‍ പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് കുടുംബത്തെ മുഴുവന്‍ ഹമീദ് പെട്രോളൊഴിച്ച് കത്തിച്ചത്.
കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഹമീദിന്റെ മൂത്ത മകന്‍ ഷാജിയും പറയുന്നു. അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലില്‍ നിന്നും പുറത്തിറങ്ങരുത്. കടുത്ത ശിക്ഷ തന്നെ ലഭിക്കണം. എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തിറങ്ങിയാല്‍ അടുത്തത് തന്നെയും കുടുംബത്തെയുമാകും കൊല്ലുക. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഹമീദിന്റെ മൂത്ത മകനായ ഷാജി പറയുന്നു.
തങ്ങള്‍ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു പിതാവ് ഹമീദെന്ന് ഷാജി പറയുന്നു. ഉമ്മ പാവമായിരുന്നു. വാപ്പക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇവിടെ നിന്നും പോയിട്ട് 30 വര്‍ഷത്തിലേറെയായി. തിരിച്ച് വന്ന ശേഷം ഇഷ്ടദാനം നല്‍കിയ സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു.
ഞങ്ങള്‍ മക്കള്‍ക്കെതിരെ 50തില്‍ ഏറെ കേസ് നിലവിലുണ്ട്. പലതും സെറ്റില്‍ ചെയ്തു. കേസുകള്‍ ഞങ്ങള്‍ക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്‌ക്കെതിരെ ഞങ്ങള്‍ കേസ് കൊടുത്തിരുന്നില്ല. സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയന്‍ മുഹമ്മദ് ഫൈസല്‍ വാപ്പക്കെതിരെ ഒരു കേസ് കൊടുത്തത്.
മുഹമ്മദിന്റെ ചെറിയ കുഞ്ഞിനെ ഉപദ്രവിച്ചപ്പോഴാണ് അങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്. സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊല്ലുമെന്നും പല പ്രാവശ്യം പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു ക്രൂരത വാപ്പ ചെയ്യുമെന്ന് കരുതിയില്ലെന്നും ഷാജി പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.