ഉറക്കം ആരോഗ്യപാലനത്തിന്റെ തുടക്കം

ഉറക്കം ആരോഗ്യപാലനത്തിന്റെ തുടക്കം

ഒളിവീശാത്ത രാകേന്ദു കിരണങ്ങളുടെയും മിഴിചിമ്മാത്ത രജനീകദംബങ്ങളുടെയും പശ്ചാത്തലത്തില്‍ നിദ്രാവിഹീനങ്ങളാകുന്ന കാല്പനിക മനസുകളുടെ കഥപാടിക്കൊണ്ട്‌ മലയാളി സ്വന്തം കരള്‍നോവുകള്‍ പങ്കുവയ്ക്കാന്‍ പണ്ടേ പരിശീലിച്ചതാണ്‌. നിശബ്ദമായ രാവില്‍ നിദ്രകൊള്ളുന്ന മനസുകള്‍ പുലരിയുടെ കുളിരിലും കുരവയിലും തളിരണിഞ്ഞുണരുന്നതിന്റെ അനുഭവസാക്ഷികളാണ്‌ നമ്മില്‍ പലരും.

പകല്‍ അധ്വാനം, രാത്രി വിശ്രമം എന്ന ശീലം മനുഷ്യന്‍ തുടങ്ങിയത്‌ ആദിമകാലം മുതല്‍ക്കാണ്‌. എന്നാല്‍, ശാസ്ത്രസാങ്കേതിക മേഖലയുടെ വികാസവും മനുഷ്യന്റെ ഉപഭോഗതൃഷ്ണയും അവന്‍ പകലിന്റെ പ്രന്തണ്ടു മണിക്കൂര്‍ പോരാ എന്നു പറഞ്ഞപ്പോള്‍ മുതല്‍ രാത്രി പകലാക്കാന്‍ അവന്‍ ശീലിച്ചുതുടങ്ങി.

സുതാര്യമായ വ്യക്തിജിവിതവും സുഭ്രദമായ കുടുംബജീവിതവും മനുഷ്യന്‍ മനശാന്തിയേകിയിരുന്ന കാലം ഇന്നു പഴങ്കഥയായി. വ്യക്തിജീവിത നിഷ്ഠകളെ ഈശ്വരഭക്തിയും മതധാര്‍മ്മിക മൂല്യങ്ങളും വഴിതെളിച്ചിരുന്ന കാലത്ത്‌ സത്യവും നീതിയും കൃത്യനിഷ്ഠയും അച്ചടക്കവുമെല്ലാം ഓരോ കുടുംബത്തിന്റെയും കുലീനതയുടെ ചിഹ്നങ്ങളായിരുന്നു. എന്നാല്‍, വര്‍ത്തമാനകാലത്തിന്റെ അനിയ്യന്ത്രിതമായ ജീവിതത്തിരക്കില്‍ ആധുനിക മനുഷ്യന്‍ കൈമോശംവന്നത്‌ വ്യക്തി - കുടുംബ ജീവിതത്തിന്റെ ചിട്ടകളും നിഷ്ഠകളുമാണ്‌.

ഉറക്കം മറന്ന്‌ ഇരുട്ടിലേക്കു മിഴിച്ചിരിക്കുന്ന കണ്ണുകളുമായി രാവിന്റെ കൂരിരുട്ടിനെ കൂട്ടുകാരാക്കുന്നവര്‍ക്കായി ഇതാ ഒരു സുന്ദര സുദിനം. മാര്‍ച്ച്‌ 21ന്‌ ലോകം നിദ്രാദിനമായി ആചരിക്കുന്നു.

“ഉറങ്ങാനെനിക്കറിയില്ല; ഉണരാനൊട്ടുമറിയില്ല്‌” എന്ന കുഞ്ഞുണ്ണിക്കവിതയില്‍ ഉറക്കവും ഉണര്‍ച്ചയും സ്വത്വബോധത്തിനുള്ള വിദ്യാഭ്യാസമാണ്‌. “ശാന്തമായ ഉറക്കം, സ്വച്ഛമായ ശ്വാസോഛ്വാസം; ആരോഗ്യമുള്ള ശരീരം” എന്ന മുദ്രാവാകൃവുമായാണ്‌ 2014ലെ ഉറക്കദിനാചരണം നമ്മെ തേടിയെടുത്തുന്നത്‌.

“നീ ചിരിക്കുമ്പോള്‍ എല്ലാവരും ചിരിക്കുന്നു., നീ കൂര്‍ക്കം വലിക്കുമ്പോള്‍ നീ മാത്രം ഉറങ്ങുന്നു” എന്ന ചൊല്ല് കൂര്‍ക്കം വലിയുടെ സാമൂഹിക മാനം വെളിവാക്കുന്നു. കൂര്‍ക്കംവലികാരണം മറ്റാര്‍ക്കും ഉറങ്ങാനാവാത്ത അവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കായി സ്ലീപ്‌ അപ്നിയ എഡ്യുക്കേഷന്‍ എന്ന പരിപാടി ഇന്നു പ്രചാരത്തിലുണ്ട്‌. 'ഒബ്സ്ട്രക്റ്റീവ് സ്ലീപ്‌ അപ്നിയ' എന്ന കൂര്‍ക്കംവലിയുടെ ഇരകള്‍ക്ക്‌ ഹൃദ്‌ രോഗമുള്‍പ്പെടെ പല അപകടങ്ങളും അരികത്താണ്‌.

ഉറക്കം ആരോഗ്യപാലനത്തിന്റെ തുടക്കമാണ്‌ എന്ന്‌ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നു. മൂന്നുമു തല്‍ 12 മാസം വരെ പ്രായമുള്ള ശിശുക്കള്‍ ദിവസം 15 മണിക്കൂര്‍ ഉറങ്ങണം. മുന്നു വയസുവരെ 14 മണിക്കൂറും അഞ്ചു വയസുവരെ 13 മണിക്കൂറും 12 വയസുവരെ 11 മണിക്കൂറും 18 വയസുവരെ 9 മണിക്കൂറും ഉറക്കം ആവശ്യമാണ്‌. പ്രായപൂര്‍ത്തിയായവര്‍ക്ക്‌ എട്ടു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്‌.

ഉറങ്ങാനും ഉണരാനും കൃത്യസമയമുണ്ടെങ്കില്‍, അരമണിക്കൂറെങ്കിലും ഉച്ചയുറക്കത്തിനു കഴിയുമെങ്കില്‍, മദ്യവും മയക്കുമരുന്നും പുകവലിയും ഉപേക്ഷിക്കുമെങ്കില്‍, വയര്‍നിറയെ ഭക്ഷണം ഉറക്കത്തിനു മുമ്പ്‌ കഴിക്കാതിരിക്കുമെങ്കില്‍, വ്യായാമം കൃത്യമായി ചെയ്യുമെങ്കില്‍, ഉറങ്ങുന്ന മുറി ശുചിയും വായുസഞ്ചാരവുമുള്ളതാക്കുമെങ്കില്‍, അനാവശ്യ ശബ്ദകോലാഹലങ്ങള്‍ മനസിലും ചുറ്റുപാടിലും ഒഴിവാക്കുമെങ്കില്‍, ഹൃദയബന്ധങ്ങളുടെ മധുരം മനസി ലൂറുമെങ്കില്‍, ഈശ്വരന്റെ കരങ്ങളെ തലയണയാക്കുമെങ്കില്‍, നിങ്ങള്‍ക്കുറങ്ങാം... നിങ്ങള്‍ക്കുണരാം...

ചിട്ടയായ ജീവിതശൈലി ശീലമാക്കിയാല്‍ മാത്രമേ ആരോഗ്യപരിപാലനം മെച്ചമാവുകയുള്ളൂ. ഉറക്ക ഗുളികകളെ തലയണയാക്കുന്ന ഉത്തരാധുനിക ദുശീലങ്ങളെ ഉന്മൂലനം ചെയ്ത്‌, അതിജീവനത്തിന്റെ ആത്മധൈര്യവുമായി പ്രശാന്തസുന്ദരമായ മനസോടെ, എല്ലാ രാത്രിയിലും ഉറങ്ങാന്‍ കഴിയുന്നവരാണ്‌ യഥാര്‍ത്ഥത്തില്‍ ഭാഗ്യമുള്ളവര്‍.

ഏവര്‍ക്കും സുഖനിദ്ര ആശംസിക്കുന്നു!



ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.