ഇമ്രാന്റെ തന്ത്രം പാളുന്നു; രാജി ആവശ്യപ്പെട്ട് പാക് പട്ടാളം

ഇമ്രാന്റെ തന്ത്രം പാളുന്നു; രാജി ആവശ്യപ്പെട്ട് പാക് പട്ടാളം

ഇസ്ലാമബാദ്: ഇമ്രാന്റെ രാജി ആവശ്യപ്പെട്ട് പാക് പട്ടാളം. പാകിസ്ഥാനില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ പാസാകാന്‍ സാധ്യത തെളിഞ്ഞതോടെ​ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് സ്ഥാനമൊഴിയാന്‍ സൈന്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും പാക് ചാരസംഘടനയായ ഐ.എസ് ഐയുടെ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റ. ജനറല്‍ നദീം അന്‍ജും ഉള്‍പ്പെടെ നാല് സീനിയര്‍ ജനറല്‍മാര്‍ രാജി ആവശ്യപ്പെട്ടെന്നാണ് സൂചന. നാളെയും മറ്റന്നാളും ഇവിടെ നടക്കുന്ന ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സംഘടനയായ ഒ. ഐ. സിയുടെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി കഴിഞ്ഞാലുടന്‍ രാജിവയ്‌ക്കാനാണത്രേ നിര്‍ദ്ദേശം. മുന്‍കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഇമ്രാനുവേണ്ടി സൈന്യവുമായി കൂടിയാലോചന നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാഷ്‌ട്രീയ അനിശ്ചിതത്വത്തില്‍ പട്ടാളത്തിന് അതൃപ്തിയുണ്ട്.

ഉക്രെയ്നിൻ വിഷയത്തില്‍ അമേരിക്കയ്‌ക്കും യൂറോപ്യന്‍ യൂണിയനും എതിരെ ഇമ്രാന്‍ നടത്തിയ പരാമര്‍ശങ്ങളും പട്ടാളത്തെ ചൊടിപ്പിച്ചിരുന്നു. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 25ന് രാവിലെ 11ന് ദേശീയ അസംബ്ലി (പാര്‍ലമെന്റ് ) സമ്മേളിക്കും.

സ്‌പീക്കര്‍ അസദ് ഖൈസറാണ് സമ്മേളനം വിളിച്ചത്. ഒ.ഐ.സി ഉച്ചകോടി 22,​ 23 തീയതികളില്‍ പാര്‍ലമെന്റ് ഹൗസിലാണ് നടക്കുന്നത്. അതിനാലാണ് അവിശ്വാസ ചര്‍ച്ച 25ന് നിശ്ചയിച്ചത്. സഭ അവിശ്വാസം പരിഗണനയ്‌ക്ക് എടുത്താല്‍ മൂന്ന് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കകം വോട്ടെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതനുസരിച്ച്‌ വോട്ടെടുപ്പിന് ഈ മാസം 31വരെ സമയമുണ്ട്.

അതേസമയം,​ വിമതരായ 24 എം. പിമാരെ കൂറുമാറ്റക്കാരായി പ്രഖ്യാപിച്ച്‌ അയോഗ്യത കല്‍പ്പിക്കാതിരിക്കാന്‍ പി.ടി.ഐ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 26ന് മുമ്പ് വിശദീകരണം നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.