"മാനവീകതയും ദേശീയതയും"


ഒരു ദിവസം ഞാൻ എന്റെ വണ്ടിയിൽ പോകുമ്പോൾ പെട്രോൾ തീരാറാവുകയും പെട്രോൾ നിറക്കാനായി ഫില്ലിംഗ് സ്റ്റേഷനിൽ കയറുകയും ചെയ്തു. നിർഭാഗ്യവശാൽ കാറിന്റെ ഫ്യുവൽ ഡോർ തുറക്കുന്നുണ്ടായിരുന്നില്ല. ഒരു തരത്തിൽ അതു കുത്തിത്തുറന്നു ഇന്ധനം നിറച്ച ശേഷം പെട്ടെന്നു തന്നെ ഞാൻ വണ്ടിയുമായി അടുത്തുള്ള ഒരു ഇന്ത്യൻ ഗ്യാരേജിലെത്തി. അവരോടു കാര്യങ്ങൾ വിശദീകരിച്ചു. അവർ എല്ലാം പരിശോധിച്ച ശേഷം എന്നോട്ടു പറഞ്ഞു ഇതിന്റെ ഫ്യുവൽ ഡോർ റിലീസ് ലിവറും ഡോറുമായി ബന്ധിപ്പിച്ചിട്ടുള്ള കേബിൾ കേടുപാടായി. അതു മാറ്റി പുതിയ കേബിൾ ഇടുകയും ഇവയേ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇതു ശരിയാകുകയുള്ളു. ഒരു കാര്യം ചെയ്യുക, സമയം എടുക്കും. വണ്ടി ഇവിടെ ഇട്ടിട്ടു പോകുക, നാളെ രാവിലെ വന്നെടുക്കാം. ഏകദേശം 300 ദിർഹംസ് ചിലവു വരും എന്നു പറഞ്ഞു. ഞാൻ അവരു പറഞ്ഞതെല്ലാം വിശ്വസിച്ചു. പക്ഷേ പിറ്റേ ദിവസം തിരക്കായതിനാൽ ഞാൻ പറഞ്ഞു സുഹൃത്തേ ഇന്നു വണ്ടി തരാൻ പറ്റില്ല, ഞാൻ നാളെ വൈകിട്ടു വരാം. എല്ലാം സമ്മതിച്ചു അവിടെനിന്നു പിരിഞ്ഞു. 

പിറ്റേ ദിവസം ജോലി ഒക്കെക്കഴിഞ്ഞു ഞാൻ പോകും വഴി വണ്ടി കൊടുക്കണം, ആലോചിച്ചു മുന്നോട്ടു പോകുമ്പോൾ എന്റെ ഇടതു വശത്തു മറ്റൊരു ഗ്യാരേജ് കണ്ണിൽപ്പെട്ടു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ എന്റെ മനസ്സു പറയുന്നു ഒന്നവിടെ നോക്കിയിട്ടു പോകാമെന്നു, അങ്ങനെ യൂറ്റേൺ എടുത്തു ഞാൻ ആ ഗ്യാരേജിലെത്തി. അതൊരു ഇറാഖിയുടെ ഗ്യാരേജായിരുന്നു. ഞാൻ വണ്ടി അതിനു മുന്നിൽ പാർക്കു ചെയ്ത ശേഷം കാര്യങ്ങൾ അവതരിപ്പിച്ചു. വിവരങ്ങൾ കേട്ട ഇറാഖി മെക്കാനിക്ക് വണ്ടി പരിശോധിച്ചശേഷം എന്നോട്ടു പറഞ്ഞു സഹോദരാ പത്തു മിനിട്ടു വെയ്റ്റു ചെയ്യൂ, മറ്റൊരു വണ്ടി പരിശോധിച്ചിട്ടു ഞാൻ വരാം. കുറച്ചു നേരത്തിനു ശേഷം അദ്ദേഹം തിരിച്ചു വന്നു. എന്നിട്ടു പറഞ്ഞു റിലീസ് ലിവറും ഡോറും തമ്മിൽ ബന്ധിപ്പിക്കുന്ന കേബിൾ വിശ്ചേദിക്കപ്പെട്ടതു കൊണ്ടാണ്, മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോൾ ഞാൻ ശരിയാക്കാം. പുള്ളിക്കാരൻ ഇതെല്ലാം എന്നെ കാണിച്ചു തന്നു. 

എന്താണു സംഭവിച്ചത്? എങ്ങനെയാണതു പോയത്? എവിടെയാണതു ബന്ധിപ്പിക്കേണ്ടത്? ശേഷം അവൻ അതു കൃത്യമായി എന്റെ മുന്നിൽ വച്ചു കണക്റ്റു ചെയ്യുകയും ഫ്യുവൽ ടാങ്ക് ഡോർ അടയ്ക്കുകയും ചെയ്തു. പിന്നീടു അദ്ദേഹം എന്നോടു പറഞ്ഞു അതു പരിശോധിക്കാൻ. അങ്ങനെ ഞാൻ തന്നെ അതു പരിശോധിച്ചുറപ്പു വരുത്തി. എനിക്കു സന്തോഷമായി. ഞാൻ അയാളോടു ചോദിച്ചു, സഹോദരാ എത്രയാണു ക്യാഷ്? അവൻ മറുപടി പറഞ്ഞു പത്തു ദിർഹംസ്. പത്തു ദിർഹംസ് എന്നു ഞാൻ ചടുലതയിൽ ചോദിച്ചശേഷം അതേ ധൃതിയിൽ അദ്ദേഹം മാറ്റിപ്പറയും മുൻപേ പൈസാ കൈയ്യിൽ കൊടുത്തു. ഞാൻ ഹാപ്പി. ഇറാഖി മെക്കാനിക്കും ഹാപ്പി. ബൈ പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. വളരെ നന്നായി എന്റെ മുന്നിൽ വച്ചുതന്നെ അദ്ദേഹം പണി ചെയ്യുകയും, വിശ്വാസം ആർജ്ജിക്കുകയും ചെയ്തു. 

ഇവിടെ ആരാണു എന്റെ നല്ല അയൽക്കാരനായതു ഇന്ത്യാക്കാരനോ അതോ ഇറാഖിയോ. മാനവീകതയും ദേശീയതയും തമ്മിൽ വലിയ അന്തരമുണ്ട്. രണ്ടു വാക്കുകളുടേയും വരമ്പുകളിലൂടെ നാം ദീർഘദൂരം നടന്നാൽ മാത്രമേ ഇവയുടെ യഥാർത്ഥ അർത്ഥതലങ്ങൾ കണ്ടെത്താനാവൂ.
ദേശീയത എന്നതു ചുരുക്കിപ്പറഞ്ഞാൽ ജാതിമതവർഗ്ഗ പ്രാദേശിക വ്യത്യാസങ്ങൾക്കപ്പുറം ഒരു രാജ്യത്തെ ജനതയുടെ മാനസിക ഐക്യമാണ്. മാനവീകത എന്നതു രാജ്യത്തിന്റെ അതിർവരമ്പുകൾ കടന്നു മനുഷ്യനെ മനസ്സിലാക്കലാണ്. 

അവിടെ ജാതിയില്ല, മതമില്ല, വർഗ്ഗമില്ല, രാഷ്ട്രീയമില്ല, ഭാഷയില്ല, മറിച്ചു മൂല്യങ്ങളും നല്ല ചിന്തകളുമാണുള്ളത്. ദേശീയത എന്ന സങ്കൽപ്പം മനസ്സിൽ അതിരുകൾ വരക്കുമ്പോൾ, അതിനപ്പുറമുള്ള വിശാലതയാണു മാനവീകത എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന, അവനെ മനസ്സിലാക്കുന്ന, സഹജീവിയെ ചൂഷണം ചെയ്യാത്ത പ്രവർത്തിയാണു മാനവീകത എന്നതുകൊണ്ടർത്ഥമാക്കുന്നത്. മാനവീകതയുടെ ഭാഗമാകണം ദേശീയതയും. മാനുഷികത കലരാത്ത ദേശീയവാദങ്ങൾ വിനാശം വിതയ്ക്കാൻ സാധ്യതയേറെയാണ്. തീവ്രദേശീയവാദങ്ങൾ മനുഷ്യനെ ജാതിയുടേയും മതത്തിന്റേയും വർഗ്ഗത്തിന്റേയും രാഷ്ട്രത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഭാഷയുടേയും പേരിൽ ചിതറിക്കാനും നിലംപരിശാക്കാനുമേ ഉപകരിക്കൂ. 

ദേശീയവാദങ്ങളൊക്കേയും മാനുഷികതയിൽ അടിസ്ഥാനമുള്ളവയായിരിക്കണം. വിശന്നുപരവശനായവനോടു നിന്റെ ജാതി ഏതേന്നു ചോദിച്ചിട്ടു അന്നം വിളമ്പുന്ന മനോഭാവങ്ങൾ നശീകരണത്തിന്റേതാണ്. നിറഞ്ഞ മിഴികളുമായി നിൽക്കുന്നവനോടു രാജ്യമറിഞ്ഞിട്ടു സഹായം ചെയ്യുന്നവന്റെ മാനസികാവസ്ഥയും വികലമാണ്. മാനവീകത നിറയാത്ത ദേശീയവാദങ്ങൾ മൂഢവും മലീമസവുമാണ്. അരാജകത്വത്തിന്റെ തീരത്തേക്കാണതു നമ്മെ നയിക്കുന്നത്. 

ദേശീയതക്കു ഡോ. രാജാ ഹരിപ്രസാദ് തന്റെ പ്രഭാഷണത്തിൽ വർണ്ണിക്കുന്ന ഒരു നിർവ്വചനമുണ്ട്. ലോകത്തിലെ ഏറ്റവും നല്ല രാജ്യമേതാണ്, അതു ഇന്ത്യ. ഏറ്റവും നല്ല സംസ്ഥാനം, അതു കേരളം. ഏറ്റവും നല്ല ജില്ല, അതു എന്റെ ജില്ല ആലപ്പുഴ. ഏറ്റവും നല്ല വാർഡ്, എന്റെ വാർഡ്. ഏറ്റവും നല്ല വീട്, അതു എന്റെ വീട്. ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ, അതു ഞാൻ എന്നു വിചാരിക്കുന്ന മൗഢ്യത്തിന്റെ പേരാണു ദേശീയത. ദേശീയതയുടെ കരയെ വിശാലതയുടെ പാലത്താൽ മാനുഷികതയിലേക്കു ബന്ധിപ്പിക്കാതെ യഥാർത്ഥ മനുഷ്യരാണു നാമെന്നു പറയാൻ നമുക്കാവില്ല. അതിനാൽ തന്നെ മാനവീകത നിഴലിക്കാത്ത ദേശീയ വാദങ്ങളൊക്കേയും കടലിൽ ചേരുന്ന നദിപോലെയാണ്. ഒടുവിൽ അതിന്റെ അസ്ഥിത്വം നഷ്ടപ്പെടുന്നു. ദേശീയതയുടെ ചിന്തയിൽ മനവീകത കൂടി കലരുമ്പോഴാണു അതിന്റെ യഥാർത്ഥ മാധുര്യം നമുക്കാസ്വാദ്യമാകുന്നത്. തീവ്രദേശീയവാദങ്ങൾ രാജ്യത്തിനു ഗുണമല്ല, ദോഷമേ ഉണ്ടാക്കൂ.

ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രസിദ്ധമായ "കുടിയിറക്കൽ" എന്ന കവിതയിൽ അദ്ദേഹം വരച്ചു കാട്ടുന്ന ചില ചിത്രങ്ങളുണ്ട്. ദേശീയതയുടേയും മാനുഷികതയുടേയും ചില കാണാപ്പുറക്കാഴ്ചകൾ.


കുടിയിറക്കപ്പെടും കൂട്ടരേ, പറയുവിൻ പറയുവിൻ, ഏതു രാഷ്ട്രക്കാർ നിങ്ങൾ പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കൻ വൻകരയായ്
അതിലെന്തുണ്ടാർക്കാനു, മുടമയില്ലാത്ത ഭൂ-പടമേലും പാഴ് വരയ്ക്ക ത്ഥമുണ്ടോ?എവിടെവിടങ്ങളിച്ചട്ടി പുറത്തെടു-ത്തെറിയപ്പെടുന്നുണ്ടിപ്പാരിടത്തിൽഅവിടവിടങ്ങളെച്ചേർത്തു വരയ്ക്കുകൊ-ന്നിവരുടെ രാഷ്ട്രത്തിന്നതിർവരകൾ മാനവീകതയുടേയും ദേശീയതയുടേയും ആഴങ്ങളിലേക്കു നമ്മെ നാമറിയാതെ കൊണ്ടെത്തിക്കുന്ന ചില ചിന്തകളാണദ്ദേഹം കുറിച്ചു വച്ചത്. വിശക്കുന്നവനോടും എല്ലാം നഷ്ടപ്പെട്ടവനോടും നീ എവിടുത്തുകാരനാണു, നിന്റെ മതമേതെന്നു ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. ദേശീയത തെറ്റെന്നോ, വേണ്ട എന്നോ അല്ല ഞാനുദ്ദേശിച്ചത്. ദേശീയത കൂട്ടായ്മക്കും വളർച്ചക്കും നിലനിൽപ്പിനും അനിവാര്യമാണ്. എന്നാൽ തീവ്രദേശീയത അപകടകരവുമാണ്. മാനുഷികതയിൽ ഊന്നിയതാവണം നമ്മുടെ ദേശീയതയുടെ മുഖങ്ങൾ.

മനസ്സുകൾ വളരട്ടെ
മനുഷ്യത്വം വിടരട്ടേ
മതിലുകൾ മറയട്ടേ
"മുതലെടുപ്പല്ല, മുതൽക്കൂട്ടാവലാണ് മനുഷ്യത്വം"


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.