'റഷ്യയെ പേടിയാണെന്ന് തുറന്ന് പറയൂ...':നാറ്റോയ്ക്കു നേരെ പരിഹാസം പുറത്തെടുത്ത് സെലെന്‍സ്‌കി

 'റഷ്യയെ പേടിയാണെന്ന് തുറന്ന് പറയൂ...':നാറ്റോയ്ക്കു നേരെ പരിഹാസം പുറത്തെടുത്ത് സെലെന്‍സ്‌കി


കീവ്: റഷ്യന്‍ ആക്രമണം അടിക്കടി തീവ്രമാകവേ ഒറ്റപ്പെടലിന്റെ അസ്വസ്ഥത തുറന്ന് പ്രകടിപ്പിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി. നേരിട്ടെത്തി ഒരു സഹായവും ചെയ്യാത്ത നാറ്റോ സഖ്യത്തേയും അമേരിക്കയേയും സെലന്‍സ്‌കി തുറന്ന് വിമര്‍ശിച്ചു.'ഒന്നുകില്‍ ഞങ്ങളെ ഉടന്‍ സഹായിക്കുക; നാറ്റോ സഖ്യത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുക. അല്ലെങ്കില്‍ റഷ്യയെ ഭയമാണെന്ന് തുറന്ന് സമ്മതിക്കുക'-സെലന്‍സ്‌കിയുടെ വാക്കുകള്‍.

സംഘര്‍ഷം ഇത്രയും രൂക്ഷമായിട്ടും നാറ്റോ സഖ്യം നേരിട്ടിറങ്ങാത്തതിലെ എല്ലാ അമര്‍ഷവും നിരാശയും സെലന്‍സിയുടെ വാക്കുകളിലുണ്ട്. നാറ്റോയുടെ അംഗമാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ അതിന് മുന്‍കൈ എടുക്കേണ്ടവര്‍ തീരുമാനം വൈകിപ്പിച്ചതും സെലന്‍സ്‌കി എടുത്തുപറഞ്ഞു. റഷ്യയുടെ നീക്കങ്ങളെ ഭയക്കുന്നുവെങ്കില്‍ അത് നേരിട്ട് പറയുകയാണ് വേണ്ടതെന്ന പരിഹാസവും പ്രകടിപ്പിച്ചതോടെ ഇനി നാറ്റോയുടെ മറുപടി നിര്‍ണ്ണായകമാകും.'ഞങ്ങള്‍ നാറ്റോയില്‍ ഇല്ലാതെ തന്നെ സുരക്ഷാ ഗ്യാരന്റി നല്‍കാന്‍ നാറ്റോ അംഗരാജ്യങ്ങള്‍ക്ക് കഴിയും. അവിടെയാണ് യുദ്ധം അവസാനിക്കുന്നത് 'സെലന്‍സ്‌കിയുടെ നിരീക്ഷണം ഇങ്ങനെ. തന്റെ രാജ്യം സൈനിക സഖ്യത്തില്‍ അംഗമാകില്ലെന്ന് സെലന്‍സ്‌കി ഇതിനിടെ സൂചിപ്പിച്ചിരുന്നു.

നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനെന്ന നാറ്റോ സഖ്യം ഉക്രെയ്നെ കൂടെക്കൂട്ടാന്‍ ഒരു ദശകമായി പരിശ്രമിച്ചുവരികയായിരുന്നു. റഷ്യയുടെ നിരന്തരമായ ഭീഷണി 1990കള്‍ മുതലുണ്ടായിട്ടും ഉക്രെയ്നെ കരുത്തുറ്റതാക്കാനുള്ള പരിശ്രമം നാറ്റോ നേരിട്ട് നടത്താതിരുന്നതിനാലാണ് നിലവില്‍ നിസ്സഹായത വന്നുപെട്ടതെന്ന പ്രതിരോധ വിദഗ്ധരുടെ നിരാക്ഷണത്തിനിടെയാണ് സെലന്‍സ്‌കി കടുത്ത വാക്കുകള്‍ പുറത്തെടുത്തത്.വിദഗ്ധരുടെ അഭിപ്രായത്തില്‍, നാറ്റോയില്‍ ചേരാനുള്ള ഉക്രെയ്‌നിന്റെ അഭിലാഷമാണ് കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രത്തില്‍ റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകം.

'തങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കിയിട്ട് കീഴടങ്ങാന്‍ നിര്‍ബന്ധിച്ചാല്‍ അത് ഒരിക്കലും അംഗീകരിക്കില്ല. തളരില്ല, പോരാടി രാജ്യം തിരികെ പിടിക്കും.ഞങ്ങള്‍ക്ക് ഒരു അന്ത്യശാസനം അംഗീകരിക്കാന്‍ കഴിയില്ല. ' - ഇതു തന്നെയാണ് സെലന്‍സ്‌കി ആവര്‍ത്തിക്കുന്നത്. ഖാര്‍കീവിലും മരിയൂപോളിലും കീവിലും കടന്നുകയറി എന്ന റഷ്യ അവകാശപ്പെടുമ്പോള്‍ അവിടെ ജനങ്ങളുണ്ടെന്നും അവര്‍ സ്വന്തം നാടിനെ മോചിപ്പിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.റഷ്യ ഉക്രെയ്നെ സമ്മര്‍ദ്ദത്തിലാക്കുന്നത് നാറ്റോ വിഷയത്തിലാണ്. ഉക്രെയ്ന്‍ നാറ്റോയുടെ ഭാഗമാകില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചാല്‍ ആ നിമിഷം യുദ്ധം നിര്‍ത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞിരുന്നു. എല്ലാ സമാധാന ചര്‍ച്ചകളിലും മോസ്‌കോ ഭരണകൂടം ഈ തീരുമാനം ആവര്‍ത്തിക്കുകയുമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.