വാഷിംങ്ടണ്‍: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെതിരേ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ചാഞ്ചാടുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. റഷ്യയുടെ ക്രൂരതയ്‌ക്കെതിരേ ക്വാഡ് സഖ്യത്തിലെ അംഗങ്ങളായ യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ശക്തവും നീതിയുക്തവുമായ നടപടികള്‍ എടുത്തപ്പോള്‍ ചാഞ്ചാടുന്ന പ്രതികരണമായിരുന്നു മറ്റൊരു അംഗമായ ഇന്ത്യയുടെതെന്നു ബൈഡന്‍ പറഞ്ഞു.
നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യയിലെ സഖ്യരാജ്യങ്ങള്‍ എന്നിവ റഷ്യയ്ക്കും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും എതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ശക്തമായി നില്‍ക്കുന്നതില്‍ ബൈഡന്‍ അഭിനന്ദിച്ചു. വാഷിങ്ടണില്‍ യുഎസ് ബിസിനസ് തലവന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധക്കുറ്റവാളിയായ പുടിനെതിരെ ലോകശക്തികള്‍ ഒറ്റക്കെട്ടാണെന്നും റഷ്യയ്‌ക്കെതിരേ കൂടുതല്‍ ഉപരോധങ്ങളുമായി മുന്നോട്ടുപോകുമെന്നും ജോ ബൈഡന്‍ പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കാത്തതിനെയും ബൈഡന്‍ വിമര്‍ശിച്ചു. അതേസമയം ജപ്പാനും ഓസ്‌ട്രേലിയയും പുടിന്റെ സൈനിക നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുകയും ചെയ്തു.
നാറ്റോയെ പിളര്‍ക്കാനാണ് പുടിന്‍ ശ്രമിച്ചത്, എന്നാല്‍ നാറ്റോ ശക്തമാകുകയാണ് ചെയ്തത്. ചരിത്രത്തില്‍ ഇല്ലാത്ത ഐക്യമാണ് ഇപ്പോഴുള്ളതെന്നും ബൈഡന്‍ പറഞ്ഞു.
അതിനിടെ റഷ്യയില്‍നിന്നും ഇന്ത്യ ആദായ വിലയില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ എണ്ണക്കമ്പനിയില്‍നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കരാര്‍ ഒപ്പുവച്ചതില്‍ യുഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ തീരുമാനം യുഎസ് ഉപരോധങ്ങളുടെ ലംഘനമല്ലെങ്കിലും ഈ സമയത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളുടെ സ്ഥാനം എവിടെയാണെന്നു ചിന്തിക്കണമെന്നു യുഎസ് പ്രതികരിക്കുകയും ചെയ്തു.
ക്വാഡ് സഖ്യ രാഷ്ട്രങ്ങളില്‍ ഇന്ത്യ മാത്രമാണു റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തത്. റഷ്യയ്‌ക്കെതിരെ പരസ്യമായി നിലപാട് എടുക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും സ്വതന്ത്രമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഉക്രെയ്ന്‍ യുദ്ധത്തോടുളള രാജ്യാന്തര പ്രതികരണം വിലയിരുത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പോളണ്ടിലെത്തും. പോളണ്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന ബൈഡന്‍ യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാരുമായി ഫോണില്‍ സംസാരിക്കും. യുദ്ധം ആരംഭിച്ചതിനു ശേഷം 33 ലക്ഷം ഉക്രെയ്ന്‍കാര്‍ പലായനം ചെയ്തു പോളണ്ടിലെത്തിയെന്നാണ് കണക്ക്. ഇവരുടെ സംരക്ഷണത്തിനായി ഈ വര്‍ഷം 220 കോടി യൂറോ വേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.