നനവു വറ്റിയ മനസുകളില്‍ മരുഭൂമികളുണ്ടാകുന്നത് എങ്ങനെയെന്ന് സാഹിതൃത്തിലൂടെ, ആനന്ദ് നടത്തിയ ഗവേഷണത്തിന്റെ ചമത്കാരഭംഗി കണ്ട് മലയാളിയുടെ ഉള്ളുപൊള്ളിയ നീറ്റല്‍ ഇതു വരെ അടങ്ങിയിട്ടില്ല. അപ്പോഴാണ് വൃംഗ്യാര്‍ഥ ഭംഗി മറന്ന ഈ ചോദ്യത്തിന്റെ വാച്യാര്‍ഥ വരള്‍ച്ച കേരളീയന്റെ ഇന്ദ്രിയാനുഭവങ്ങളുടെ ഉറവിടമാകുന്നത്.
ഇന്നു മരുഭൂമികള്‍ എങ്ങനെയുണ്ടാകുന്നുവെന്നു മലയാളി അനുദിനം അനുഭവിക്കുകയാണ്. മഴ കനത്തു, പുഴ കവിഞ്ഞു, പുഴ കലങ്ങി, പുഴ തെളിഞ്ഞു... തുടങ്ങിയ വാക്യങ്ങള്‍കൊണ്ട് പുഴയെ എഴുതുന്നു.
ഇന്നു പുഴയ്ക്കു തീപിടിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ നിറയുന്നു. ഭാരതപ്പുഴയ്ക്കു തീപിടിക്കുന്ന ചിത്രം വേദനയോടെയാണു നാം കാണുന്നത്. ഒഴുകുന്ന വഴി മറന്നുപോയ പുഴയുടെ നെഞ്ചില്‍ മുളച്ചുപൊന്തിയ പുല്ലുകള്‍ പുഴവരണ്ട പ്പോള്‍ ഉണങ്ങിപ്പോയി. പുല്ലുണങ്ങിയ പുഴയിലാരോ തീ കോരിയിട്ടു.
മലയാളിയുടെ കണ്ണുകള്‍ ഇന്ന് പുഴ കത്തുന്നതുകണ്ട് പൊള്ളുന്നു. നമ്മടെ കാതുകള്‍ ഇന്ന് പുഴ വിണ്ടുകീറുന്ന ഒച്ചകേട്ട് നടുങ്ങുന്നു പുഴയില്‍നിന്ന് ഉയരുന്ന പുകയുടെ ഗന്ധം ഇന്നു നമ്മുടെ നാസാര്രന്ധങ്ങളെ വിഴുങ്ങുന്നു.
കേരളത്തിലെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ചര്‍മ്മം സൂര്യാഘാതമേറ്റ് പൊള്ളുന്നു. ദാഹിച്ചുവരണ്ട നാവിന്‍തുമ്പില്‍ ഒടുക്കത്തെ ഉമിനീര്‍ത്തുള്ളിയുടെ മരണതാണ്ഡവം തകര്‍ക്കുന്നു. ഇന്നു മലയാളിയുടെ ഇന്ദ്രിയാനുഭവങ്ങള്‍ക്കു നനവ് വറ്റിയ നിനവുകള്‍ മാത്രം.!
മലയാളിയുടെ മാതമല്ല, ലോകത്തിന്റെ തന്നെ പൊതുജനാരോഗ്യ പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനം ശുദ്ധജലക്ഷാമമാണ്. ലോക ജനസംഖ്യയില്‍ മൂന്നിലൊരുഭാഗം ജലദുര്‍ലഭ പ്രദേശത്താണു വസിക്കുന്നത്. രണ്ടു ദശാബ്ധം കഴിയുമ്പോള്‍ ഈ അളവ് അപകടകരമാംവിധം വലുതാകുമെന്നു പരിസ്ഥിതി ശാസ്ത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പല രാജ്യങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ആറും ഏഴും കിലോമീറ്ററുകള്‍ നടന്ന് വീട്ടിലെ ആവശ്യത്തിനായി വെള്ളം ചുമക്കേണ്ട ദുരവസ്ഥയിലാണ് സ്ത്രീകളും കുട്ടികളും. ഈ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 22-ന് ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ലോകജലദിനത്തിന്റെ പ്രാധാന്യ മേറുന്നത്. ജലത്തിനുവേണ്ടി നടക്കുക എന്ന മുദ്രാവാകൃവും പേറി സാന്റിയാഗോ എന്ന സ്ഥലത്ത് വെള്ളവും ചുമന്ന് പതിനായിരങ്ങള്‍ ലോകജലദിനത്തില്‍ നടത്തുന്ന റാലി ലോകശ്രദ്ധ ആകര്‍ഷിക്കും.
വിവിധ രാജ്യങ്ങളില്‍ പരിസരശുചീകരണം എന്ന മൂല്യം വിളമ്പരം ചെയ്തുകൊണ്ട് ആയിരക്കണക്കിനാളുകള്‍ കിലോമീറ്ററുകള്‍ നീളുന്ന ടോയിലറ്റ് ക്യൂവില്‍ അണിചേരും. 1992-ല്‍ റിയോ ഡി ജെനീറോയില്‍ ചേര്‍ന്ന യു.എന്‍.പാരിസ്ഥിതിക വികസനസമ്മേളനമാണ് മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. ശുദ്ധജലം ലോകാരോഗ്ൃത്തിന് എന്നതാണ് 2010-ലെ ലോക ജലദിനസന്ദേശം. ജലസമൃദ്ധിയല്ല, ജലശുദ്ധിയാണ് പ്രധാനം എന്ന വലിയ സന്ദേശമാണ് ഈ ദിനം നല്‍കുന്നത്. 1.1 ദശലക്ഷം ജനങ്ങള്‍ മലിനജലമാണ് അനുദിനം ഉപയോഗിക്കുന്നതെന്ന് അറിയുമ്പോഴാണ് ഈ സന്ദേശത്തിന്റെ പ്രസക്തി വ്യക്തമാകുന്നത്. ഭൂമിയുടെ നിലനില്‍പ്പിന് ആരോഗ്യമുള്ള ആവാസ വ്യവസ്ഥ അത്യന്താപേക്ഷിതമാണെന്ന് പുതുതലമുറയായ നമ്മള്‍ തിരിച്ചറിയണം. അതിനാല്‍ ലോകജലദിനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംരക്ഷണ പരിപാടിയില്‍ (യു.എന്‍. ഇ.പി) എല്ലാ വിദ്യാര്‍ഥികളും ക്രിയാത്മകമായി പങ്കുചേരണം.
ഫാക്ടറികളില്‍നിന്നു വിഷവിസര്‍ജ്യങ്ങള്‍ വിഴുങ്ങി മരണപരാക്രമണം നടത്തുന്നു, നമ്മുടെ പുഴകള്‍..... ഹോട്ടലുകളുടെ ഉച്ഛിഷ്ടം തിന്ന് ദഹനക്കേടുപിടിക്കുന്ന നദികള്‍... മുനിസിപ്പാലിറ്റിയും പഞ്ചായത്തും പുതുമാലിന്യങ്ങളുടെ സമ്മാനപ്പെരുമഴയുമായി നമ്മുടെ പുഴകളെ പുണരുമ്പോള്‍ പുഴയോരവാസികള്‍ പുഴ നല്‍കുന്ന പുതിയ ദുര്‍ഗന്ധത്തിന്റെ മൊത്തവ്യാപാരികളാകുന്നു.
സുഹൃത്തുകളെ, പ്രപഞ്ചത്തിന്റെ ആവാസവ്യവസ്ഥയുടെ സന്തുലനാവസ്ഥയെ തകിടംമറി ക്കുന്ന ഈ ദുര്‍ഗതിക്കെതിരേ നാം ഉണരണം. ജലചൂഷണങ്ങള്‍ക്കെതിരേ നാം അണിനിരക്കണം. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന നിസംഗത ഈ കാലത്തിന്റെ ശിരസില്‍ സൂര്യാഘാതമായി പതി ക്കാതിരിക്കാന്‍, ഓസോണ്‍ പാളികള്‍ പിളര്‍ന്നു സര്‍വനാശം ഭൂമിയെ വിഴുങ്ങാതിരിക്കാന്‍, ലോക ജലദിന സന്ദേശവാഹകരായി നമുക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാം.
ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും
ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.