വിശുദ്ധ ടോറിബിയോ ഡി മോഗ്രോവെജോ: പെറുവിന്റെ മഹാനായ അപ്പസ്‌തോലന്‍

വിശുദ്ധ ടോറിബിയോ ഡി മോഗ്രോവെജോ: പെറുവിന്റെ മഹാനായ അപ്പസ്‌തോലന്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 23

സ്‌പെയിനിലെ മോഗ്രോവെജോ എന്ന സ്ഥലത്ത് ഒരു കുലീന കുടുംബത്തില്‍ 1538 നവംബര്‍ ആറിനാണ് ടോറിബിയോ ജനിച്ചത്. ടോറിബിയോ അല്‍ഫോണ്‍സൊ ഡി മൊഗ്രോവെജോ എന്നാണ് മുഴുവന്‍ പേര്. ചെറുപ്പം മുതല്‍ നന്മയിലും ദരിദ്ര സേവനത്തിലും അധിഷ്ഠിതമായ ജീവിതമായിരുന്നു ടോറിബിയോയുടേത്.

പരിശുദ്ധ മാതാവിന്റെ ഒരു വലിയ ഭക്തന്‍ കൂടിയായിരുന്ന അവന്‍ ദിവസേന മാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ജപമാലയും ചൊല്ലുകയും ശനിയാഴ്ചകളില്‍ മാതാവിന് വേണ്ടി ഉപവാസമനുഷ്ടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. വല്ലഡോളിഡിലും സലമാന്‍കായിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇതിനിടെ സിവില്‍ നിയമങ്ങളിലും സഭാ നിയമങ്ങളിലും പ്രാവീണ്യം നേടി.

ഇതു മനസിലാക്കിയ ഫിലിപ്പ് രണ്ടാമന്‍ രാജാവ് ടോറിബിയോയെ ഗ്രാനഡായിലെ സുപ്രീം കോടതിയില്‍ മുഖ്യ ന്യായാധിപനാക്കുകയും ആ നഗരത്തിന്റെ ഔദ്യോഗിക പരിശോധനാ വിഭാഗം മേധാവിയാക്കുകയും ചെയ്തു. തന്നെ ഏല്‍പ്പിച്ച ജോലി അഞ്ചുവര്‍ഷത്തോളം വളരെ വിശിഷ്ടമായ രീതിയില്‍ തന്നെ അദ്ദേഹം നിര്‍വഹിച്ചു.

1580 ല്‍ പെറുവിലെ ലിമായില്‍ പരിശുദ്ധ സഭാ സിംഹാസനത്തില്‍ രാജാവ് ടോറിബിയോയെ നിയോഗിച്ചെങ്കിലും പരിശുദ്ധമായ ആ സ്ഥാനത്തിരിക്കുവാന്‍ താന്‍ യോഗ്യനല്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ ആ വാദഗതികളെല്ലാം മറികടന്ന് രാജാവ് അദ്ദേഹത്തെ പുരോഹിതനാക്കുകയും പിന്നീട് മെത്രാനായി അഭിഷേകം ചെയ്യുകയും ചെയ്തു. അങ്ങനെ 1581 ല്‍ 43 ാമത്തെ വയസില്‍ വിശുദ്ധന്‍ തന്റെ പുതിയ ദൗത്യവുമായി പെറുവിലെ ലിമായിലെത്തി.

വളരെ വലിയൊരു രൂപതയായിരുന്നു അത്. എന്നാല്‍ സ്‌പെയിന്‍കാരായ പുരോഹിത വൃന്ദവും അല്‍മായരും ധാര്‍മ്മികമായി വളരെയേറെ അധപതിച്ച നിലയിലായിരുന്നു. അവിടെ മതനവീകരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി അദ്ദേഹം ട്രെന്റ് സമിതിയുടെ തീരുമാനങ്ങള്‍ അവിടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.

അപ്രകാരം താന്‍ തുടങ്ങിവെച്ച ധാര്‍മ്മിക നവോത്ഥാനം പൂര്‍ത്തിയാക്കുവാന്‍ വിശുദ്ധന് സാധിച്ചു. വലിപ്പ ചെറുപ്പമില്ലാതെ സകല ജനങ്ങളുടേയും രക്ഷക്കായി തനിക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം വിശുദ്ധ ടോറിബിയോ ഡി മൊഗ്രോവെജോ ചെയ്തു. അവിടെയുള്ള ഇന്ത്യാക്കാര്‍ക്ക് വേണ്ട സംരക്ഷണം അദ്ദേഹം നല്‍കി.

വിശുദ്ധ കുര്‍ബ്ബാന, നിരന്തരമായ കുമ്പസാരം, ധ്യാനം, നീണ്ട പ്രാര്‍ത്ഥനകള്‍, കഠിനമായ അനുതാപ പ്രവര്‍ത്തികള്‍ എന്നിവയിലൂന്നിയ ആത്മീയ ചൈതന്യമായിരുന്നു വിശുദ്ധന്റെ എല്ലാ കഠിന പ്രവര്‍ത്തനങ്ങളുടേയും ഊര്‍ജ്ജം.

ഒരിക്കല്‍ ഒരു രൂപതാ സന്ദര്‍ശനത്തിനിടെ പാക്കാസ്മായോയില്‍ വെച്ച് വിശുദ്ധന് കലശലായ പനി ബാധിച്ചു. തന്റെ മരണം മുന്നില്‍ കണ്ട അദ്ദേഹം തന്റെ സ്വത്തുക്കളെല്ലാം പാവപ്പെട്ടവര്‍ക്കായി വീതിച്ചു കൊടുത്തു. ''പിതാവേ നിന്റെ കരങ്ങളില്‍ ഞാനെന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു'' എന്ന യേശുവിന്റെ വാക്കുകള്‍ ഉരുവിട്ടുകൊണ്ട് പെറുവിന്റെ മഹാനായ അപ്പസ്‌തോലന്‍ 1606 മാര്‍ച്ച് 23 ന് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കമ്പാനയിലെ ബെനഡിക്റ്റ്

2. റിപ്പോണിലെ എഥെല്‍ വാള്‍ഡ്

3. സെസരേയായിലെ ഡോമീഷിയൂസ്, പെലാജിയ, അക്വില, എപ്പര്‍ക്കൂസ്, തെയോ ഡോഷ്യാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.