ഇരട്ട ഭൂകമ്പത്തില്‍ വിറച്ച് തായ് വാന്‍; 6.6 യൂണിറ്റ് തീവ്രത

 ഇരട്ട ഭൂകമ്പത്തില്‍ വിറച്ച് തായ് വാന്‍; 6.6  യൂണിറ്റ് തീവ്രത

തായ്പേയ്: തായ്വാനില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ തെക്കുകിഴക്കന്‍ തായ്വാനിലാണുണ്ടായത്. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജനവാസകേന്ദ്രങ്ങളിലെ കെട്ടിടങ്ങളില്‍ വന്‍ പ്രകമ്പനം രേഖപ്പെടുത്തിയെന്നാണ് വിവരം.

ബുധനാഴ്ച പുലര്‍ച്ചെയാണ് തായ്‌പേയില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഹുവാലിയന്‍ കൗണ്ടിയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടൈറ്റുങ് നഗരത്തിന് സമീപമായിരുന്നു രണ്ടാമത്തെ ഭൂചലനം. ഹുവാലിയന്‍-ടൈറ്റുങ് പ്രദേശങ്ങള്‍ പൊതുവെ പര്‍വതപ്രദേശങ്ങളായാണ് അറിയപ്പെടുന്നത്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളാണിവിടം.

പ്രാരംഭ ഭൂകമ്പത്തെത്തുടര്‍ന്ന് 150 ഓളം തുടര്‍ചലനങ്ങള്‍ ഉണ്ടായെന്നും കൂടുതലും 3.6 ല്‍ താഴെയായിരുന്നെന്നും തായ്വാനിലെ സെന്‍ട്രല്‍ വെതര്‍ ബ്യൂറോയുടെ സീസ്‌മോളജിക്കല്‍ സെന്റര്‍ മേധാവി ചെന്‍ കുവോ-ചാങ് പറഞ്ഞു. 6.0 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഭൂകമ്പങ്ങള്‍ മാരകമാകാം. എന്നാല്‍ അത് എവിടെയാണ് ഉണ്ടാകുന്നത്, എത്ര ആഴത്തിലാണ് പ്രഭവ കേന്ദ്രം എന്നീ കാര്യങ്ങളാണ് പ്രധാനം.

തായ്വാന്‍ എന്ന രാജ്യം പൊതുവേ ഭൂകമ്പ സാധ്യതയുള്ള പ്രദേശമായാണ് കണക്കാക്കുന്നത്. 2016ല്‍ ദക്ഷിണ തായ്വാനിലുണ്ടായ ഭൂചലനത്തില്‍ നൂറിലധികം പേര്‍ മരിച്ചു. അതിന് മുമ്പ് 1999 ലെ ഭൂചലനത്തില്‍ രണ്ടായിരത്തിലധികം പേരും കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.