ന്യൂയോര്‍ക്ക്: ഉക്രെയ്‌നിലെ 'അസംബന്ധ യുദ്ധം' അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റഷ്യയോട് അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം അനിശ്ചിതമായി നീളുമ്പോള്‍ ഉക്രേനിയന്‍ ജനതയുടെ ജീവിതം നരകതുല്യമാവുകയാണെന്ന് ഗുട്ടെറസ് ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.'ഉക്രെയ്നിലെ യുദ്ധം തുടരുന്നത് ധാര്‍മികമായി അസ്വീകാര്യവും രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാത്തതും സൈനികമായി അസംബന്ധവുമാണ്,'- അദ്ദേഹത്തിന്റെ വാക്കുകള്‍.
അതേസമയം, റഷ്യ ഉക്രെയ്ന്‍ നഗരങ്ങളിലും പട്ടണങ്ങളിലും ഷെല്ലാക്രമണം തുടരുകയാണ്. റഷ്യന്‍ സേന പ്രതിരോധത്തിലാണെങ്കിലും ഉപരോധിക്കപ്പെട്ട മരിയുപോളില്‍ ശക്തമായ പോരാട്ടം തുടരുകയാണെന്ന് യു.കെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.റഷ്യന്‍ ആക്രമണത്തിന് ശേഷം നഗരത്തില്‍ ഒന്നും അവശേഷിക്കുന്നില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ബോംബാക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും തിയേറ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
രക്ഷപ്പട്ടവരുടെ വാക്കുകളില്‍ ദുരന്തത്തിന്റെ തീവ്രത വ്യക്തമാണ്. തന്റെ അപ്പാര്‍ട്ടുമെന്റില്‍ നിന്നു സുരക്ഷിത താവളം തേടി തിയേറ്ററിലെത്തിയ 27കാരിയായ അധ്യാപിക കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള ഓഡിറ്റോറിയത്തിലാണ് ക്യാംപ് ചെയ്തത്.അന്ന് രാവിലെ ഏകദേശം പത്തുമണിയോടെ ചൂടുവെള്ളത്തിനായി കവാടത്തിലേക്ക് നടക്കുന്നതിനിടെയാണ് ബോംബ് വീണത്. ഇതുവരെയുള്ള യുദ്ധത്തിലെ ഏറ്റവും നിര്‍ണായകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു തിയേറ്റര്‍ ആക്രമണം.
റഷ്യ ഒഡെസ തുറമുഖവും പ്രധാന ആണവ നിലയവും ആക്രമിച്ചു. എങ്കിലും സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സൈന്യത്തിന്റെ പിന്തുണയോടെ, ഉക്രെയ്നിയന്‍ സൈന്യം റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി. ആദ്യം പാലം തകര്‍ത്തു, പിന്നീട് ആക്രമണകാരികളായ സൈന്യത്തെ 100 കിലോമീറ്റര്‍ വരെ കിഴക്കോട്ട് ഓടിച്ചു. ഉക്രെയ്ന്‍ പരിശീലിപ്പിച്ച പ്രാദേശിക സന്നദ്ധസൈന്യം പ്രതിരോധത്തിന് പ്രധാന മുതല്‍ക്കൂട്ടാണ്. റഷ്യ ആക്രമിച്ചപ്പോള്‍ 100,000 പേരാണ് ഉക്രെയ്ന്‍ അധികാരികളുടെ ആവശ്യപ്രകാരം സന്നദ്ധ സൈനികരായി യുദ്ധത്തില്‍ ചേര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.